ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ് ഡിസംബർ എട്ടിന്
text_fieldsമനാമ: 2023-2026 കാലയളവിലേക്കുള്ള ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പ് ഡിസംബർ എട്ടിന് നടക്കാനിരിക്കെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ ഏഴ് സ്ഥാനങ്ങളിലേക്ക് 22 പേരാണ് മത്സരരംഗത്തുള്ളത്.
നിലവിലെ ഭരണസമിതിക്ക് നേതൃത്വം കൊടുക്കുന്ന പ്രോഗ്രസിവ് പാരന്റ്സ് അലയൻസ് (പി.പി.എ), യുനൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി), ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഐ.എസ്.പി.എഫ്) എന്നീ മൂന്നു പാനലുകളാണ് മത്സര രംഗത്തുള്ളത്. പി.പി.എ പാനലിനെ അഡ്വ. ബിനു മണ്ണിൽ നയിക്കുന്നു. ഡോ. മുഹമ്മദ് ഫൈസൽ, വി. രാജ പാണ്ഡ്യൻ, രഞ്ജിനി എം. മേനോൻ, മിർസ അമീർ ബൈഗ്, ബോണി ജോസഫ്, മിഥുൻ മോഹൻ എന്നിവരാണ് മറ്റ് സഥാനാർഥികൾ.
ബിജു ജോര്‍ജ് നയിക്കുന്ന യു.പി.പി പാനലിൽ ഹരീഷ് നായര്‍, ഡോ.സുരേഷ് സുബ്രമണ്യന്‍, ശ്രീദേവി, ട്രീസ ആന്റണി, അബ്ദുല്‍ മന്‍ഷീര്‍, ജാവേദ്.ടി.സി.എ എന്നിവർ മത്സരിക്കുന്നു. ഐ.എസ്.പി.എഫ് പാനലിനെ വാണി ചന്ദ്രൻ നയിക്കുന്നു. ജെയ്ഫെർ മൈദാനീന്റവിട,ഷെറിൻ ഷൗക്കത്തലി,ഡോ. വിശാൽ ഷാ ,ഇവാനിയോസ് ജോസഫ്,പൂർണിമ ജഗദീശ ,ഡേവിഡ് പേരമംഗലത് തുടങ്ങിയവരാണ് മറ്റ് സ്ഥാനാർഥികൾ. ഇവർക്കുപുറമെ രാമചന്ദ്ര ഗണപതിയും മത്സരരംഗത്തുണ്ട്.
സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് അപർണ ജോയ്, ബോബി മാത്യു, ഹസീന ബീഗം, പാർവതി ദേവദാസൻ, ശ്രീജ പ്രമോദ് എന്നിവരാണ് മത്സരിക്കുന്നത്. ഇസ ടൗൺ കാമ്പസിൽ എട്ടിന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് ഏഴു വരെയാണ് വോട്ടെടുപ്പ്. അന്നേ ദിവസം രാത്രി എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. അഡ്വ.വി.കെ.തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവരാണ് റിട്ടേണിങ് ഓഫിസർമാർ. സ്റ്റാഫ് പ്രതിനിധി തെരഞ്ഞെടുപ്പ് ഡിസംബർ ഏഴിന് രാവിലെ എട്ട് മുതൽ ഉച്ച ഒന്നുവരെ നടക്കും. ബിജു വാസുദേവനാണ് സ്റ്റാഫ് ലെയ്സൺ ഓഫിസർ.
ഞങ്ങൾ അധികാരത്തിലെത്തിയാല്‍
ബിനു മണ്ണിൽ (പി.പി.എ)
- വിദ്യാഭ്യാസ നിലവാരം കൂടുതൽ മെച്ചപ്പെടുത്താൻ സത്വര നടപടി
- സ്പെഷൽ ക്ലാസുകൾ ആവശ്യമുള്ള വിദ്യാർഥികൾക്ക് അത് ഏർപ്പെടുത്തും
- മത്സര പരീക്ഷകൾക്ക് പ്രിപ്പറേറ്ററി ക്ലാസുകൾ നൽകും
- എല്ലാ തലങ്ങളിലും പ്രാദേശിക ഭാഷകൾ പഠിപ്പിക്കാനുള്ള അവസരമൊരുക്കും
- സ്പോർട്സിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകും
- ഐ.ടി അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ വികസനം കൊണ്ടുവരും
- രക്ഷിതാക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ AI അധിഷ്ടിത ചാറ്റ് ബോട്ട് സംവിധാനം ഏർപ്പെടുത്തും
- ലോൺ തിരിച്ചടവ് കഴിഞ്ഞാൽ ഫീസ് കുറക്കും
- ആവശ്യമുള്ളവർക്ക് കൂടുതൽ ഫീസ് ഇളവ് നൽകും
- ട്രാന്‍സ്പോര്‍ട്ട് സംബന്ധിച്ച് രക്ഷിതാക്കള്‍ക്ക് കാര്യങ്ങള്‍ അറിയാൻ ആപ് സംവിധാനം കൊണ്ടുവരും
ബിജു ജോര്‍ജ് (യു.പി.പി)
- ഫീസ് കുറക്കുന്നതിന് പ്രഥമ പരിഗണന നല്‍കും
- വിദ്യാഭ്യാസ നിലവാരവും അച്ചടക്ക സംവിധാനവും പതിന്മടങ്ങ് നിലവാരമുള്ളതാക്കും
- ഏതൊരു കുട്ടിക്കും ഇട നിലക്കാരില്ലാതെ തന്നെ പ്രവേശനം സുതാര്യവും ഉറപ്പുള്ളതുമാക്കും
- ആറുമാസത്തിനുള്ളില്‍ ടോയ് ലറ്റുകള്‍ ഹൈജീനിക്കാക്കി നവീകരണം നടത്തും
- ഇസാ ടൗണിലെ വിശാലമായ കാമ്പസിനകത്ത് ആദ്യത്തെ രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഹയര്‍ എജുക്കേഷന്‍ സംവിധാനമൊരുക്കും
- ട്രാന്‍സ്പോര്‍ട്ട് സംവിധാനം സുതാര്യമാക്കുന്നതോടൊപ്പം രക്ഷിതാക്കള്‍ക്കും ഡ്രൈവര്‍മാര്‍ക്കും സ്കൂളിനും അതത് സമയം കാര്യങ്ങള്‍ അറിയാനുള്ള ഗതാഗത ആപ് സംവിധാനം കൊണ്ടുവരും
- പ്രത്യേക സർവിസ് ചാർജുകളില്ലാതെ വീട്ടില്‍ നിന്നുതന്നെ സ്കൂള്‍ ഫീ അടക്കാനുള്ള നൂതന സംവിധാനം നടപ്പില്‍വരുത്തും
- അധ്യാപകരടക്കം മുഴുവന്‍ ജീവനക്കാര്‍ക്കും അര്‍ഹമായ സമയങ്ങളില്‍ വേതന വർധന നല്‍കും
- സ്കൂളിലെ പാഠ്യേതര വിഷയങ്ങളില്‍ അധ്യാപകരിലും ജീവനക്കാരിലും അടിച്ചേൽപിക്കുന്ന ജോലിഭാരം കുറക്കുകയും ചെയ്യും.
വാണി ചന്ദ്രൻ (ഐ.എസ്.പി.എഫ്)
- കോവിഡ് മഹാമാരി കാലത്തു പിരിച്ച ഉപയോഗിച്ചിട്ടില്ലാത്ത സേവനത്തിന് ഈടാക്കിയ ഫീസുകൾ വരും വർഷങ്ങളിൽ തവണകളായി പുതുതായി അടക്കാനുള്ള ഫീസിൽ അഡ്ജസ്റ്റ് ചെയ്യും.
- വരുന്ന മൂന്നു വർഷങ്ങളിലും ഫീസ് വർധനയില്ല.
- പരാതി പരിഹാരത്തിനും സേവനത്തിനും 24 മണിക്കൂർ ഹോട്ട് ലൈൻ സംവിധാനം
- പുതിയകാലത്തിനു അനുസരിച്ചുള്ള ഡിജിറ്റലൈസ് ചെയ്ത മെച്ചപ്പെട്ട ശീതീകരിച്ച പഠനമുറികൾ ഘട്ടം ഘട്ടമായി നടപ്പാക്കും.
- ശുചിത്വവും ആധുനികവുമായ ശുചിമുറികൾ, മെച്ചപ്പെട്ട സൗകര്യങ്ങളും വിഭവങ്ങളും നൽകുന്ന കഫേ കാന്റീനുകൾ.
- ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യങ്ങളും മത്സര പരീക്ഷകൾക്ക് പ്രാപ്തരാക്കാൻ മികച്ച പരിശീലന കേന്ദ്രവും.
- സമഗ്ര ആരോഗ്യ ഇൻഷുറൻസും പ്രവർത്തനമികവിനും പരിശീലന മികവിനും സൗകര്യവും അംഗീകാരവും കൂടാതെ മെച്ചപ്പെട്ട വേതനവും.
- ആരുടെയും ശിപാർശയില്ലാതെ അർഹരായ എല്ലാ വിദ്യാർഥികൾക്കും പ്രവേശനം
- സമൂഹത്തിലെ എല്ലാവരും ഉൾക്കൊള്ളുന്ന സമിതികൾ രൂപവത്കരിക്കും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.