ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പ്: പി.പി.എക്ക് വിജയം
text_fieldsമനാമ: ഇന്ത്യൻ സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രോഗ്രസ്സീവ് പാരന്റ്സ് അലയൻസിന് (പി.പി.എ) ഉജ്ജ്വല വിജയം. പി.പി.എ പാനലിൽ മത്സരിച്ച ആറ് സ്ഥാനാർഥികൾ വിജയം നേടിയപ്പോൾ യുണൈറ്റഡ് പാരന്റ്സ് പാനലിന്റെ (യു.പി.പി) ഭാഗമായി മൽസരിച്ച ചെയർമാൻ സ്ഥാനാർഥി ബിജു ജോർജിന് മാത്രമാണ് വിജയം നേടാനായത്. പി.പി.എ പാനലിൽ മത്സരിച്ച അഡ്വ. ബിനു മണ്ണിൽ, ഡോ. മുഹമ്മദ് ഫൈസൽ, വി. രാജ പാണ്ഡ്യൻ, രഞ്ജിനി എം. മേനോൻ, ബോണി ജോസഫ്, മിഥുൻ മോഹൻ എന്നിവർ വിജയിച്ചു.
അഡ്വ. ബിനു മണ്ണിൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയർമാനാകും.ഏഴ് സ്ഥാനങ്ങളിലേക്ക് 22 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. 2023-2026 കാലയളവിലേക്കുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. പ്രോഗ്രസ്സീവ് പാരന്റ്സ് അലയൻസ് (പി.പി.എ), യുണൈറ്റഡ് പാരന്റ്സ് പാനൽ (യു.പി.പി), ഇന്ത്യൻ സ്കൂൾ പാരന്റ്സ് ഫോറം (ഐ.എസ്.പി.എഫ്) എന്നീ മൂന്നു പാനലുകൾ മൽസരരംഗത്തുണ്ടായിരുന്നു. സ്റ്റാഫ് പ്രതിനിധി സ്ഥാനത്തേക്ക് പാർവതി ദേവദാസൻ വിജയിച്ചു.വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിച്ച വോട്ടെണ്ണൽ ശനിയാഴ്ച രാവിലെയാണ് അവസാനിച്ചത്. നാലുഘട്ടമായായിരുന്നു വോട്ടെണ്ണൽ. ആകെ 7500 ഓളം വോട്ടർമാരാണ് ഉള്ളത്.
അതിൽ 3500 ഓളം പേർ മാത്രമാണ് വോട്ടവകാശം വിനിയോഗിച്ചത്. റിട്ടേണിംഗ് ഓഫീസർമാരായ വി.കെ.തോമസ്, മുഹമ്മദ് ഗൗസ് മുഹമ്മദ് സലീം, അനീഷ് അഴീക്കൽ ശ്രീധരൻ എന്നിവർ തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.
തെരഞ്ഞെടുപ്പ് നടത്തിപ്പ് സുഗമമാക്കാൻ സഹകരിച്ച അധ്യാപകർ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ്, രക്ഷിതാക്കൾ എന്നിവർക്ക് അവർ നന്ദി അറിയിച്ചു. വെള്ളിയാഴ്ച ജഷൻമാൽ ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിന്റെ (എ.ജി.എം) ആദ്യ അജണ്ടയായിരുന്നു തിരഞ്ഞെടുപ്പ്. സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഓണററി സെക്രട്ടറി സജി ആന്റണി, ഇ.സി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അധ്യാപകരുടെയും രക്ഷിതാക്കളുടെയും പിന്തുണക്ക് നന്ദി അറിയിച്ചു.
രക്ഷിതാക്കൾക്ക് നന്ദി അറിയിച്ചു
മനാമ: ഇന്ത്യൻ സ്കൂൾ തെരഞ്ഞെടുപ്പിൽ ബിനു മണ്ണിലിന്റെ നേതൃത്വത്തിലുള്ള പാനൽ സ്ഥാനാർഥികളെ വിജയിപ്പിച്ച രക്ഷിതാക്കൾക്ക് പ്രോഗ്രസിവ് പേരന്റ്സ് അലയൻസ് നന്ദി അറിയിച്ചു. പി.പി.എ പാനലിനെ തെരഞ്ഞെടുത്ത രക്ഷിതാക്കൾക്ക് ഇൻഡക്സ് ബഹ്റൈൻ നന്ദി രേഖപ്പെടുത്തി. സ്കൂൾ എന്ന നിലയിൽ മറ്റെല്ലാ വിഷയങ്ങളെക്കാളും ഉപരിയായി അക്കാദമിക് നിലവാരം ഉയർത്തുന്നതിനാവശ്യമായ സത്വര നടപടികളുമായി മുന്നോട്ടു നീങ്ങും എന്ന വാഗ്ദാനമാണ് രക്ഷിതാക്കൾ സ്വീകരിച്ചതെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.