ഇന്ത്യൻ സ്കൂൾ ഫെയർ ഇന്നു മുതൽ
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ രണ്ട് വർഷത്തിനുശേഷം ആവേശത്തോടെ ഒരുക്കുന്ന വാർഷിക സാംസ്കാരിക മേളക്ക് ഇന്ന് തുടക്കമാകും. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം ആറുമുതൽ രാത്രി 11വരെയാണ് മേള നടക്കുക. വിദ്യാർഥികളിലെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും പ്രമുഖ കലാകാരന്മാരുടെ കലാവിരുന്ന് ആസ്വദിക്കാൻ അവസരമൊരുക്കുകയും ലക്ഷ്യമിട്ടാണ് മേളയെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു.
ഇന്ത്യൻ സ്കൂൾ ഫെയറിനു ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഫെയറിന്റെ വിജയം ഉറപ്പാക്കാൻ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും അഭ്യുദയകാംക്ഷികളും എല്ലാവരും ഒത്തുചേർന്ന് പ്രവർത്തിക്കുകയാണ്. സ്റ്റാളുകൾ സജ്ജീകരിക്കുന്നത് മുതൽ കലാപരിപാടി ഒരുക്കുന്നതുവരെ അവസാന ഘട്ട പ്രവർത്തനങ്ങൾ നടന്നുവരുന്നു.
മേളയുടെ ആസൂത്രണത്തിന് എല്ലാ മേഖലകളിലും സഹായിക്കുന്നതിന് രക്ഷിതാക്കൾ മുന്നിട്ടിറങ്ങുന്നു. മികവുറ്റ വിദ്യാഭ്യാസത്തെ പിന്തുണക്കുന്നതിനും ഐക്യം വളർത്തുന്നതിനും ലക്ഷ്യമിട്ടുള്ള മേളയെ അർഥവത്തായ ഒന്നാക്കി മാറ്റുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത പ്രശംസനീയമാണെന്ന് അഡ്വ. ബിനു മണ്ണിൽ പറഞ്ഞു. വ്യാഴാഴ്ച പ്രശസ്ത നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ നയിക്കുന്ന ദക്ഷിണേന്ത്യൻ സംഗീത പരിപാടി നടക്കും.
വെള്ളിയാഴ്ച ഗായിക ടിയാ കറിന്റെ നേതൃത്വത്തിൽ ഉത്തരേന്ത്യൻ സംഗീത പരിപാടികൾ അരങ്ങേറും. വിവിധതരം ഗെയിം സ്റ്റാളുകൾ, വിനോദ പരിപാടികൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവ മേളയിൽ ഉണ്ടായിരിക്കും. വിദ്യാർഥികൾക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും കുടുംബങ്ങൾക്ക് വിനോദത്തിലും സൗഹൃദത്തിലും ഒത്തുചേരുന്നതിനുമുള്ള മികച്ച വേദിയായിരിക്കും ഈ ഫെയർ.
സ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തെ പിന്തുണക്കുന്നതിൽ ഈ പരിപാടി നിർണായക പങ്ക് വഹിക്കുന്നുവെന്ന് സെക്രട്ടറി വി. രാജപാണ്ഡ്യൻ പറഞ്ഞു. രണ്ടു ദീനാറാണ് പ്രവേശന ടിക്കറ്റു നിരക്ക്. 11,900ൽ അധികം വിദ്യാർഥികളും 650 ഓളം അധ്യാപകരും ജീവനക്കാരുമുള്ള ഇന്ത്യൻ സ്കൂൾ മേളക്ക് വൻ ജനാവലി എത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ജനറൽ കൺവീനർ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ 501 അംഗ സംഘാടക സമിതി സജീവമായ പ്രവർത്തനം കാഴ്ചവെച്ചുവരുന്നു. ഈ വർഷത്തെ മേളയിൽ പങ്കെടുക്കാനും ഉജ്ജ്വലമായ വിജയമാക്കാനും പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി അഭ്യർഥിച്ചു.
പാർക്കിങ് സൗകര്യം നാഷനൽ സ്റ്റേഡിയത്തിൽ
ഇന്ത്യൻ സ്കൂൾ മേളയിലെത്തുന്ന സന്ദർശകരുടെ വാഹന പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത് സ്കൂളിന് അടുത്തുള്ള നാഷനൽ സ്റ്റേഡിയത്തിലാണ്. സ്കൂളിൽനിന്ന് നാഷനൽ സ്റ്റേഡിയത്തിലേക്ക് ഷട്ടിൽ ബസ് സൗകര്യം ഉണ്ടായിരിക്കുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.