ഉല്ലാസ നഗരിയായി ഇന്ത്യൻ സ്‌കൂൾ ഗ്രൗണ്ട്; മെഗാ ഫെയറിനും ഫുഡ് ഫെസ്റ്റിവലിനും വൻ ജനത്തിരക്ക്
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ മെഗാ ഫെയറിന്റെ രണ്ടാം ദിനം ആസ്വദിക്കാൻ വ്യാഴാഴ്ച വൈകീട്ട് ഈസ ടൗൺ കാമ്പസിലേക്ക് ഒഴുകിയെത്തിയത് വൻ ജനാവലി. കോവിഡ് സൃഷ്ടിച്ച മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് ഇന്ത്യൻ സ്‌കൂളിൽ മെഗാഫെയർ നടക്കുന്നത്. അതുകൊണ്ടു തന്നെ അഭൂതപൂർവമായ ജനാവലിയാണ് എത്തിയത്.
ആവേശം അലതല്ലിയ അന്തരീക്ഷത്തിൽ ഇന്ത്യൻ അംബാസഡർ പിയുഷ് ശ്രീവാസ്തവ മെഗാഫെയറും ഫുഡ് ഫെസ്റ്റിവലും ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ, കാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ് ഡയറക്ടർ യൂസഫ് യാക്കൂബ് ലോറി, ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, വൈസ് ചെയർമാൻ ജയഫർ മൈദാനി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.എസ് പ്രേമലത, ബിനു മണ്ണിൽ വർഗീസ്, എം.എൻ രാജേഷ്, വി. അജയകൃഷ്ണൻ, മുഹമ്മദ് ഖുർഷിദ് ആലം, മുഹമ്മദ് നയസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, മെഗാഫെയർ ജനറൽ കൺവീനർ പി.കെ ഷാനവാസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ബാൻഡ് മേളത്തോടെയാണ് ഇന്ത്യൻ അംബാസഡറെയും മറ്റു വിശിഷ്ടാതിഥികളെയും മെഗാ ഫെയർ വേദിയിലേക്ക് ആനയിച്ചത്. തുടർന്ന് നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതം പറഞ്ഞു. പ്രിൻസ് എസ്. നടരാജൻ അധ്യക്ഷത വഹിച്ചു. മെഗാ ഫെയർ വൻ വിജയമാക്കുന്നതിൽ പങ്കുവഹിച്ച അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർഥികൾ, സംഘാടക സമിതി അംഗങ്ങൾ, മാധ്യമ പ്രവർത്തകർ, മറ്റു അഭ്യുദയകാംക്ഷികൾ എന്നിവർക്ക് പ്രിൻസ് നടരാജൻ നന്ദി പറഞ്ഞു.
ഇന്ത്യൻ സ്‌കൂൾ ഓരോ വർഷവും സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ആയിരത്തോളം വിദ്യാർഥികൾക്ക് ഫീസ് ഇളവ് നൽകുന്നുണ്ട്. ഈ ആവശ്യത്തിലേക്ക് ധനസമാഹരണാർഥം നടത്തുന്ന മെഗാ ഫെയറിന് വൻ ജനപിന്തുണയാണ് ലഭിക്കുന്നതെന്ന് പ്രിൻസ് നടരാജൻ പറഞ്ഞു. ഇന്ത്യൻ സ്കൂളിന്റെ അക്കാദമിക മികവിനെയും ആസൂത്രണ പാടവത്തെയും അധ്യാപകരുടെ അർപ്പണബോധത്തെയും ഇന്ത്യൻ അംബാസഡർ പിയൂഷ് ശ്രീവാസ്തവ ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. ഇന്ത്യയിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് ലാഭേച്ഛയില്ലാതെ മികച്ച വിദ്യാഭ്യാസം പ്രദാനം ചെയ്യാൻ ഇന്ത്യൻ സ്‌കൂളിന് സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പ്രിൻസ് നടരാജൻ അംബാസഡർക്ക് ഉപഹാരം സമ്മാനിച്ചു.
തുടർന്ന് സിദ്ധാർഥ് മേനോനും മൃദുല വാര്യരും സംഘവും സംഗീത പരിപാടി അവതരിപ്പിച്ചു. സച്ചിൻ വാര്യർ, ആവണി, വിഷ്ണു ശിവ, അബ്ദുൽ സമദ് എന്നീ ഗായകരും അരങ്ങിലെത്തി. ലോക പര്യടനത്തിന്റെ ഭാഗമായി സൈക്കിളിൽ ലണ്ടനിലേക്ക് യാത്ര നടത്തുന്ന ഫയാസ് അഷ്‌റഫ് അലി മെഗാ ഫെയർ വേദിയിലെത്തി കാണികളെ അഭിവാദ്യം ചെയ്തു. പ്ലെഷർ റൈഡേഴ്‌സ് ബഹ്‌റൈൻ അംഗങ്ങളും ബൈക്കുകളുമായി വേദിയിലെത്തി മെഗാ ഫെയറിന് അഭിവാദ്യം അർപ്പിച്ചു. മേളയുടെ സമാപന ദിനമായ വെള്ളിയാഴ്ച ബോളിവുഡ് ഗായിക ഭൂമി ത്രിവേദിയും സംഘവും നയിക്കുന്ന സംഗീത നിശ അരങ്ങേറും. ഫെയർ ടിക്കറ്റുകൾ സ്‌കൂളിൽ ലഭ്യമാണ്. സയാനി മോട്ടോഴ്‌സ് അവതരിപ്പിക്കുന്ന ഇന്ത്യൻ സ്കൂൾ മെഗാ മേളയുടെയും ഫുഡ് ഫെസ്റ്റിവലിന്റെയും ഇവന്റ്സ് പാർട്ണർ സ്റ്റാർ വിഷനാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ജനപങ്കാളിത്തത്തോടെ മികച്ച രീതിയിൽ മേള സംഘടിപ്പിക്കാൻ സാധിച്ചത് അഭിമാനകരമാണെന്ന് ഇന്ത്യൻ സ്‌കൂൾ ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.