ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് ശിശുദിനം ആഘോഷിച്ചു
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ റിഫ കാമ്പസിൽ ശിശുദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. അതിരുകൾക്കതീതമായ ഐക്യം വളർത്തുക എന്ന ആശയത്തെ കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങൾ.
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മവാർഷികത്തെ അനുസ്മരിച്ചുള്ള ശിശുദിന പരിപാടികൾ വൈവിധ്യമാർന്നതും വർണശബളവുമായിരുന്നു. ഒന്നും രണ്ടും മൂന്നും ക്ലാസുകളിലെ വിദ്യാർഥികൾ വേദിയിൽ അവരുടെ കഴിവുകൾ പ്രദർശിപ്പിച്ചു. ആഫ്രിക്കൻ നൃത്തച്ചുവടുകളും ലാറ്റിനോ സൽസയുടെ താളാത്മകമായ വശീകരണവും ഏഷ്യൻ ആയോധനകലകളുടെ മികവും കാണികൾക്ക് അനുഭവവേദ്യമായി.
ഉപഭൂഖണ്ഡത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരിക വൈവിധ്യത്തിന്റെ ഊർജസ്വലമായ മുദ്രകളും കുരുന്നുകൾ പ്രദർശിപ്പിച്ചു. കിഡീസ് ഫിയസ്റ്റക്കായി ആവേശപൂർവം അവർ പരിശീലനം നടത്തി. ഓരോ വിദ്യാർഥിയുടെയും നേട്ടങ്ങളെ പ്രിൻസിപ്പൽ പമേല സേവ്യർ അനുമോദിച്ചു. പ്രത്യേക അസംബ്ലി, കഥപറച്ചിൽ സെഷനുകൾ, ഗ്രീറ്റിങ് കാർഡ് ഡിസൈനിങ്, ഫേസ് പെയിന്റിങ് എന്നിവ ആവേശംപകർന്നു. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ഉജ്ജ്വല കലാപ്രകടനം കാഴ്ചവെച്ച വിദ്യാർഥികളെ അഭിനന്ദിച്ചു. കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ‘ഒരു ലോകം ഒരു കുടുംബം’ എന്ന കാഴ്ചപ്പാടിനെ ഉൾക്കൊള്ളുന്ന ഐക്യവും സൗഹൃദവും വളർത്താൻ പരിപാടി ഉപകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.