ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് ദേശീയദിനം ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈൻ ദേശീയദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. രാജ്യത്തോടും ഭരണ നേതൃത്വത്തോടുമുള്ള സ്നേഹവും ആദരവും അടയാളപ്പെടുത്തുന്ന ആഘോഷങ്ങളിൽ വിദ്യാർഥികളുടെ മാതാപിതാക്കളും പങ്കെടുത്തു.മുത്തിന്റെ ആകൃതിയിലുള്ള മനുഷ്യപതാക രൂപവത്കരിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. വിദ്യാർഥികൾ അധ്യാപികമാർക്കൊപ്പം പതാക രൂപപ്പെടുത്തുന്നതിനായി കാമ്പസ് ഗ്രൗണ്ടിലേക്ക് നീങ്ങിയ കാഴ്ച നയനമനോഹരമായിരുന്നു.
മൂന്നാം ക്ലാസ് വിദ്യാർഥികൾ വെള്ള ടീഷർട്ടുകളും തൊപ്പികളും ധരിച്ചു. ബഹ്റൈൻ പതാകയുടെ ചുവന്ന ഭാഗത്തെ പ്രതിനിധാനം ചെയ്യുന്നതിനായി രണ്ടും മൂന്നും ക്ലാസുകളിൽനിന്നുള്ള വിദ്യാർഥികൾ ചുവന്ന വസ്ത്രം ധരിച്ചെത്തിയിരുന്നു. കിന്റർഗാർട്ടനിലെ കുട്ടികൾ ഐ.എസ്.ബി റിഫ കാമ്പസ് 2022 എന്ന പരിപാടിയുടെ തലക്കെട്ട് രൂപപ്പെടുത്തി. ഇത്തരമൊരു ആഘോഷ പരിപാടി ആവേശത്തോടെ പങ്കെടുത്ത കൊച്ചുകുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. ചുവപ്പും വെളുപ്പും നിറങ്ങളും ആഘോഷങ്ങളും കാമ്പസിനു വർണപ്പകിട്ടു നൽകി. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ഖുർഷിദ് ആലം, എൻ.എസ്. പ്രേമലത, പ്രിൻസിപ്പൽ പമേല സേവ്യർ, ക്രൗൺ ഇ.എം.എസ് പ്രൊക്യുർമെന്റ് മാനേജർ വിജയലക്ഷ്മി, വൈസ് പ്രിൻസിപ്പൽ-അക്കാദമിക് ജി. സതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പ്രിൻസ് നടരാജൻ പതാക ഉയർത്തി. തുടർന്ന് വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ പാരായണവും നടന്നു.
പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. വിദ്യാർഥികളുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തിയെടുക്കുന്ന അധ്യാപികമാരെ പ്രിൻസ് നടരാജൻ തന്റെ പ്രസംഗത്തിൽ അഭിനന്ദിച്ചു. 1, 2, 3 ക്ലാസുകളിലെ അറബിക് വിദ്യാർഥികൾ പരമ്പരാഗത നൃത്തം അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.