ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് ദേശീയ ദിനം ആഘോഷിച്ചു
text_fieldsമനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് വിദ്യാർഥികൾ രാജ്യത്തിന് ആശംസകൾ അർപ്പിക്കാൻ കാമ്പസ് ഗ്രൗണ്ടിൽ ഒത്തുചേർന്നു. ഏകദേശം 4,000 വിദ്യാർഥികളും 200 സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. വിദ്യാർഥികൾ പരമ്പരാഗത അറബി പായ്ക്കപ്പലിന്റെ ചിത്രം കാമ്പസ് ഗ്രൗണ്ടിൽ തീർത്തുകൊണ്ടാണ് ആഘോഷങ്ങൾ ആരംഭിച്ചത്. ബഹ്റൈൻ പതാകയുടെ നിറങ്ങളിൽ വസ്ത്രം ധരിച്ച്, അധ്യാപികമാർ അവരുടെ ക്ലാസുകളിൽ നിന്ന് കാമ്പസ് ഗ്രൗണ്ടിലേക്ക് കുട്ടികളെ നയിച്ചു. ദേശീയ ഗാനാലാപനം നടന്നു.
സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, ഭരണസമിതി അംഗം ബിനു മണ്ണിൽ വറുഗീസ്, അസി. സെക്രട്ടറി പ്രേമലത എൻ.എസ്, പ്രിൻസിപ്പൽ പമേല സേവ്യർ, അധ്യാപികമാർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ദേശീയ ദിനത്തിന്റെ പ്രതീകമായി 52 ചുവപ്പും വെള്ളയും ബലൂണുകൾ വാനിലേക്കുയർന്നു. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണം നടന്നു. പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം പറഞ്ഞു. പ്രിൻസ് എസ്. നടരാജൻ അധ്യക്ഷ പ്രസംഗത്തിൽ വിദ്യാർഥികളുടെ ശ്രദ്ധേയമായ കഴിവുകൾക്കും അതുല്യമായ പ്രകടനത്തിനും സ്കൂളിനെ അഭിനന്ദിച്ചു. ഭരണ സമിതി അംഗം പ്രേമലത എൻ.എസ് നന്ദി പറഞ്ഞു. അറബിക് അധ്യാപികമാരുടെ ചിട്ടപ്പെടുത്തലുകളോടെ 1, 2, 3 ക്ലാസുകളിലെ വിദ്യാർഥികളുടെ പരമ്പരാഗത നൃത്തങ്ങളും നടന്നു.
വൈവിധ്യമാർന്ന അറബിക് വിഭവങ്ങൾക്കൊപ്പം പരമ്പരാഗത ബഹ്റൈൻ അലങ്കാരങ്ങളും കാമ്പസിനു നിറംപകർന്നു. ആശംസ കാർഡുകളും പോസ്റ്ററുകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാൽ ദേശീയ ദിനത്തിന് മുന്നോടിയായുള്ള ആഴ്ചകളിൽ കാമ്പസ് വർണശബളമായിരുന്നു. രാജ്യത്തിന്റെ സമ്പന്നമായ സംസ്കാരത്തെയും പാരമ്പര്യങ്ങളെയും കുറിച്ച് കുട്ടികളെ ബോധവത്കരിക്കുന്നതിന് പ്രത്യേക പരിപാടികളും അസംബ്ലികളും റിഫ കാമ്പസിൽ സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.