ഇന്ത്യൻ സ്കൂൾ യുവജനോത്സവത്തിന് വർണാഭ തുടക്കം
text_fieldsമനാമ: ഇന്ത്യൻ സ്കൂൾ യൂത്ത് ഫെസ്റ്റിവൽ 'തരംഗ് 2022' സ്റ്റേജ് മത്സരങ്ങൾക്ക് ഈസ ടൗൺ കാമ്പസിൽ വർണാഭമായ തുടക്കം. സ്കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ദീപം തെളിച്ചു. സെക്രട്ടറി സജി ആന്റണി, നിർവാഹക സമിതി അംഗം എം.എൻ. രാജേഷ്, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ. ദേവസി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ സ്വാഗതം പറഞ്ഞു. നാടോടിനൃത്തം, മിമിക്രി, മോണോ ആക്ട് എന്നിവ ആദ്യ ദിനത്തിൽ അരങ്ങേറി.
120 ഇനങ്ങളിലായി 4000ത്തിലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്. സ്റ്റേജ് പരിപാടികൾ നവംബർ 19 വരെ തുടരും. 23ന് ഇന്ത്യൻ സ്കൂൾ മെഗാ ഫെയർ വേദിയിൽ ഗ്രാൻഡ് ഫിനാലെ നടക്കും. കലാശ്രീ, കലാപ്രതിഭ അവാർഡുകളും ഹൗസ് ചാമ്പ്യൻ അവാർഡുകളും ഗ്രാൻഡ് ഫിനാലെയിൽ വിതരണം ചെയ്യും. കോവിഡ്-19 നിയന്ത്രണങ്ങൾ കാരണം കഴിഞ്ഞ രണ്ടു വർഷമായി സ്കൂൾ യുവജനോത്സവം ഓൺലൈനായാണ് നടത്തിയിരുന്നത്. ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി. ബോസ്, സി.വി. രാമൻ എന്നിങ്ങനെ വിവിധ ഹൗസുകളായി തിരിച്ചാണ് മത്സരം. കുറ്റമറ്റ ഫലപ്രഖ്യാപനത്തിനായി ഇന്ത്യൻ സ്കൂൾ പ്രത്യേക സോഫ്റ്റ്വെയർ തയാറാക്കിയിട്ടുണ്ട്.
പരിപാടിയിൽ സജീവമായി പങ്കെടുക്കുന്ന വിദ്യാർഥികളെയും അധ്യാപകരെയും ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.