ഇൻഡിഗോയും വരുന്നു; യാത്രാക്ലേശം തീരുമെന്ന പ്രതീക്ഷയിൽ പ്രവാസികൾ
text_fieldsമനാമ: ബഹ്റൈനിൽനിന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് ഇൻഡിഗോ കൂടി സർവിസ് ആരംഭിക്കുന്നതോടെ പ്രവാസികളുടെ യാത്രാക്ലേശത്തിന് ചെറുതായെങ്കിലും പരിഹാരമാകും. തിരക്കുള്ള സമയങ്ങളിൽ അമിതമായി ടിക്കറ്റ് നിരക്കുയർത്തി യാത്രക്കാരെ പിഴിയുന്ന സമീപനം ഈ രംഗത്ത് മത്സരം കൂടുന്നതോടെ അവസാനിക്കുമോ എന്നാണ് പ്രവാസികൾ ഉറ്റുനോക്കുന്നത്.
പ്രമുഖ ഇന്ത്യൻ എയർലൈൻസായ ഇൻഡിഗോ ആഗസ്റ്റ് രണ്ടു മുതൽ ബഹ്റൈനിൽനിന്ന് സർവിസ് ആരംഭിക്കുന്ന വിവരം 'ഗൾഫ് മാധ്യമം' ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ആഗസ്റ്റ് ഒന്നിന് ഇന്ത്യയിൽനിന്നുള്ള വിമാനം ബഹ്റൈനിൽ എത്തും. ഏറ്റവും കുറഞ്ഞ നിരക്കാണ് ടിക്കറ്റുകൾക്ക് ഈടാക്കുന്നത് എന്നത് പ്രവാസികൾക്ക് സന്തോഷം പകരുന്ന വാർത്തയാണ്. നിലവിൽ കേരളത്തിലെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്ക് ആഗസ്റ്റിലെ എല്ലാ ദിവസങ്ങളിലും 67 ദീനാറാണ് ടിക്കറ്റ് നിരക്ക്. സെപ്റ്റംബറിൽ 89 ദീനാറാണ് ഇപ്പോൾ വെബ്സൈറ്റിൽ കാണിക്കുന്ന നിരക്ക്. അതേസമയം, ആഗസ്റ്റ് ആദ്യ വാരം ഗൾഫ് എയർ കോഴിക്കോട്ടേക്ക് ഈടാക്കുന്നത് 154.800 ദീനാറാണ്. പിന്നീട് നിരക്ക് 146.800 ദീനാറായി കുറയുന്നുണ്ട്. എയർ ഇന്ത്യ എക്സ്പ്രസ് 120.40 ദീനാർ, 108.40 ദീനാർ, 97.40 ദീനാർ എന്നിങ്ങനെയാണ് ആഗസ്റ്റിലെ വിവിധ ദിവസങ്ങളിൽ കോഴിക്കോട്ടേക്ക് ഈടാക്കുന്നത്.
ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്ന് ബഹ്റൈനിലേക്കും തിരിച്ചുമുള്ള എല്ലാ സർവിസുകളും മുംബൈ വിമാനത്താവളം വഴിയായിരിക്കും. മുംബൈയിൽനിന്ന് ഇൻഡിഗോ സർവിസ് നടത്തുന്ന ഏത് ഇന്ത്യൻ നഗരത്തിലേക്കും ബഹ്റൈനിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുമെന്നതും യാത്രക്കാർക്ക് നേട്ടമാണ്. മുംബൈ എയർപോർട്ടിൽനിന്ന് വിവിധ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ആഭ്യന്തര വിമാനത്തിൽ കയറുന്നതിനുമുമ്പ് നിശ്ചിത സമയം കാത്തിരിക്കണമെന്നതാണ് യാത്രക്കാർക്കു മുന്നിലെ ഒരു വെല്ലുവിളി. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാർക്ക് എട്ടു മണിക്കൂർ 10 മിനിറ്റാണ് കാത്തിരിപ്പ് സമയം. കൊച്ചിയിലേക്ക് മൂന്നു മണിക്കൂർ 40 മിനിറ്റും കോഴിക്കോട്ടേക്ക് അഞ്ചു മണിക്കൂർ 10 മിനിറ്റും കണ്ണൂരിലേക്ക് അഞ്ചു മണിക്കൂർ അഞ്ചു മിനിറ്റുമാണ് കാത്തിരിപ്പ് സമയം. ബഹ്റൈനിൽനിന്ന് പുലർച്ചെ ഒരു മണിക്ക് പുറപ്പെടുന്ന വിമാനം രാവിലെ 7.20ന് മുംബൈയിൽ എത്തും. കണ്ണൂരിൽ ഉച്ചക്ക് രണ്ടിനും കോഴിക്കോട് ഉച്ചക്ക് 2.15നും കൊച്ചിയിൽ ഉച്ചക്ക് 12.55നും തിരുവനന്തപുരത്ത് വൈകീട്ട് 5.45നും എത്തുന്ന വിധമാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ബഹ്റൈനിൽനിന്ന് ഒന്നാം ടെർമിനലിൽ എത്തുന്ന യാത്രക്കാർ രണ്ടാം ടെർമിനലിൽ എത്തിയാണ് ആഭ്യന്തര യാത്ര നടത്തേണ്ടത്. നിലവിൽ ജി.സി.സിയിലെ മറ്റു രാജ്യങ്ങൾ വഴി നിരവധി പേർ നാട്ടിലേക്കു പോകുന്നുണ്ട്. അതിനാൽ, മുംബൈ വഴിയുള്ള യാത്രയും പ്രയാസകരമാകില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
പുതിയ സർവിസ് ആരംഭിക്കുന്നതോടെ യാത്രാക്ലേശം കുറയുമെന്ന പ്രതീക്ഷയാണ് പ്രവാസികൾ പങ്കുവെക്കുന്നത്. കുറഞ്ഞ നിരക്ക് തുടരുകയും കൂടുതൽ ലഗേജ് അനുവദിക്കുകയും ചെയ്താൽ യാത്രക്കാർക്ക് ഗുണമാകുമെന്ന് ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്ന ബദറുദ്ദീൻ പൂവാർ പറഞ്ഞു. മുംബൈ എയർപോർട്ടിലെ കാത്തിരിപ്പ് സമയം കുറക്കാനും നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ പരമാവധി രണ്ടു പീസുകളായി 30 കിലോയാണ് ചെക്ക് ഇൻ ബാഗേജ് അനുവദിച്ചിരിക്കുന്നത്. ഏഴു കിലോ ഹാൻഡ് ബാഗേജും കൊണ്ടുപോകാം. നിരവധി യാത്രക്കാർ ഇതിനകം ഇൻഡിഗോ എയർലൈൻസിൽ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായാണ് അറിയാൻ കഴിഞ്ഞത്. സമയം കൂടുതൽ എടുക്കുമെങ്കിലും ടിക്കറ്റ് നിരക്ക് കുറഞ്ഞുകിട്ടുന്നത് വലിയ കാര്യമെന്നാണ് യാത്രക്കാരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.