ബഹ്റൈനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
text_fieldsമനാമ: കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് കരകയറിയ ബഹ്റൈനിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക്. മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ബഹ്റൈനിലേക്ക് വരുന്നത്. സൗദി ഉൾപ്പെടെ മറ്റ് ഗൾഫ് രാജ്യങ്ങളിൽനിന്നും ബഹ്റൈനിലേക്ക് നിരവധി സന്ദർശകർ എത്തുന്നുണ്ട്.
നാട്ടിലെ സ്കൂൾ മധ്യവേനൽ അവധി, റമദാൻ, പെരുന്നാൾ എന്നിവ കാരണം സമീപ നാളുകളിൽ സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടായതായി ട്രാവൽ ഏജൻസികൾ പറയുന്നു. കുടുംബസമേതം ബഹ്റൈനിൽ എത്തുന്നവരും നിരവധിയാണ്. ബഹ്റൈനിൽ ചൂട് ഇനിയും രൂക്ഷമാകാത്ത സാഹചര്യവും നാട്ടിൽ ചൂട് അമിതമായതും സഞ്ചാരികളെ ഇങ്ങോട്ട് വരാൻ പ്രേരിപ്പിക്കുന്നുണ്ട്.
ദിവസവും ശരാശരി 10 സന്ദർശക വിസകൾ എടുത്തുനൽകുന്ന ട്രാവൽ ഏജൻസികളുണ്ട്. ബഹ്റൈനിൽ ഏകദേശം 400ഓളം ട്രാവൽ ഏജൻസികളാണ് പ്രവർത്തിക്കുന്നത്.
വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളിലേക്ക് നാട്ടിൽനിന്ന് അതിഥികളെ കൊണ്ടുവരാൻ തുടങ്ങിയിട്ടുണ്ട്. നിരവധി പരിപാടികൾ വരുംനാളുകളിൽ ആസൂത്രണം ചെയ്തിട്ടുള്ള സാഹചര്യത്തിൽ ബഹ്റൈനിലേക്കുള്ള കലാകാരൻമാരുടെ വരവിലും വർധനയുണ്ടാകും. കോവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് സാഹചര്യം തിരിച്ചെത്തുന്നതിന്റെ ആഹ്ലാദത്തിലാണ് ട്രാവൽ ഏജന്‍റുമാരും ഹോട്ടൽ നടത്തിപ്പുകാരും.
ബഹ്റൈൻ അടുത്തകാലത്ത് ഇ-വിസ അനുവദിച്ച് തുടങ്ങിയതോടെയാണ് സഞ്ചാരികളുടെ എണ്ണത്തിലും വർധനയുണ്ടായത്. ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസക്കാണ് ഇപ്പോൾ കൂടുതൽ അപേക്ഷകരുള്ളതെന്ന് ട്രാവൽ രംഗത്ത് പ്രവർത്തിക്കുന്ന ഫസലുൽ ഹഖ് പറഞ്ഞു. മൂന്നു മാസം തുടർച്ചയായി താമസിക്കാൻ കഴിയുമെന്നതാണ് ഈ വിസയുടെ മെച്ചം.
തുടർന്ന് രാജ്യത്തിന് പുറത്തുപോയി വന്നാൽ വീണ്ടും മൂന്നു മാസം തുടർച്ചയായി താമസിക്കാൻ കഴിയും. ഇപ്പോൾ അപേക്ഷിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വിസ ലഭിക്കുന്നുണ്ട്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചുപോയ പലരും ഇപ്പോൾ സന്ദർശക വിസയിൽ വരുന്നുണ്ട്. ഇവർക്ക് ജോലി കണ്ടെത്തി തൊഴിൽ വിസയിലേക്ക് മാറാമെങ്കിലും വിസിറ്റ് വിസയിലുള്ള കാലയളവിൽ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് ഫസലുൽ ഹഖ് ഓർമിപ്പിച്ചു. പിടിക്കപ്പെട്ടാൽ തൊഴിലുടമ 1000 ദിനാറും തൊഴിലാളി 100 ദിനാറും പിഴ അടക്കണം. ഇവരെ ബ്ലാക്ക്‍ലിസ്റ്റിൽ ഉൾപ്പെടുത്തി നാടുകടത്തുകയും ചെയ്യാം. ട്രാവൽ ഏജന്‍റുമാരും ഡോക്യുമെന്‍റ് ക്ലിയറിങ് ഏജന്‍റുമാരുമാണ് പ്രധാനമായും വിസ സേവനം നൽകുന്നത്. വിശ്വാസ്യതയുള്ള ഏജന്‍റുമാർ മുഖേന വിസ എടുത്താൽ കൂടുതൽ സുരക്ഷിതമായിരിക്കുമെന്ന് ഫസലുൽ ഹഖ് ചൂണ്ടിക്കാട്ടി. വിസ ലഭിച്ചാലും എമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിച്ചാണ് വരുന്നതെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണം. സൗദിയിൽ മൾട്ടിപ്പിൾ എൻട്രി വിസയിൽ കഴിയുന്നവർ മൂന്നുമാസം കൂടുമ്പോൾ രണ്ടാഴ്ചത്തെ വിസ എടുത്ത് ബഹ്റൈനിലേക്ക് വന്നിരുന്നു. ഇപ്പോൾ ഓൺ അറൈവൽ വിസ ലഭിക്കുന്നതിനാൽ ഇവർക്ക് സന്ദർശക വിസ എടുക്കേണ്ട ആവശ്യമില്ല.
വിസ മെസേജ് എയർ ഇന്ത്യ ഒഴിവാക്കി
മനാമ: ഇ.സി.ആർ പാസ്പോർട്ടുള്ളവർ ഒഴികെ പുതിയ വിസയിൽ ബഹ്റൈനിലേക്ക് വരുന്നവർക്ക് ഒകെ ടു ബോർഡ് വിസ മെസേജ് നൽകുന്നത് കഴിഞ്ഞ ദിവസം മുതൽ എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നിർത്തിലാക്കി. ഇനി മുതൽ ഇ.സി.ആർ പാസ്പോർട്ടുകാർക്ക് വിസ മെസേജ് അപ്ഡേഷന് വിസക്കും ടിക്കറ്റിനുമൊപ്പം പാസ്പോർട്ടും ഇ.സി.ആർ സ്റ്റാറ്റസുള്ള പേജും സമർപ്പിക്കണം. ഗൾഫ് എയർ കഴിഞ്ഞ ആഴ്ച മുതൽ വിസ മെസേജ് സമ്പ്രദായം നിർത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.