അടിസ്ഥാന സൗകര്യ വികസനം; 27 പദ്ധതികൾ ടെൻഡറായി
text_fieldsമനാമ: രാജ്യവികസനത്തിന് സഹായകരമാകുന്ന രീതിയിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള പദ്ധതികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. അടിസ്ഥാന സൗകര്യ വികസനവുമായി ബന്ധപ്പെട്ട 27 ടെൻഡറുകൾ ഈ വർഷം രണ്ടാം പാദത്തിൽ കരാറുകാർക്ക് നൽകി. 24.303 ദശലക്ഷം ദീനാറിന്റെ കരാറുകളാണ് നൽകിയത്.
അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുക, സേവനങ്ങളും സൗകര്യങ്ങളും വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന പദ്ധതികൾക്കാണ് ടെൻഡറുകളെന്ന് വർക്സ് മന്ത്രി ഇബ്രാഹിം അൽ ഹവാജ് പറഞ്ഞു.
രാജ്യ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള പാക്കേജുകളുടെ ഭാഗമായാണ് അടിസ്ഥാന സൗകര്യവികസന പദ്ധതികൾ നടപ്പാക്കുന്നത്. ടെൻഡർ നൽകിയ പദ്ധതികൾ ഇതിന് സഹായകരമാണ്. 15.385 ദശലക്ഷം ദീനാറിന്റെ റോഡ് വികസന പദ്ധതികളാണ് കരാറായത്. ഈ പദ്ധതികൾ ഗതാഗതം സുഗമമാക്കുമെന്നും റോഡ് ശൃംഖലയുടെ ശേഷി വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈസ ബിൻ റാഷിദ് ആൽ ഖലീഫ ഹൈവേയുടെ വികസനവും ശൈഖ് ഖലീഫ ബിൻ സൽമാൻ കോസ്വേയുടെ അറ്റകുറ്റപ്പണികളും സിത്രയിലെ ഉൾറോഡുകളുടെ നവീകരണവും ഇതിൽ ഉൾപ്പെടും. സാനിറ്ററി, ഡ്രെയിനേജ് മേഖലയിൽ 8.422 ദശലക്ഷം ദീനാറിന്റെ ഒമ്പതു പദ്ധതികളും ടെൻഡറായിട്ടുണ്ട്.
ഈസ്റ്റ് സിത്ര, ഹമദ് ടൗൺ, ബുരി എന്നിവിടങ്ങളിലെ താമസക്കാർക്ക് ഈ പദ്ധതികൾ പ്രയോജനപ്പെടും. കർസാക്കൻ ബീച്ച് ഫ്രണ്ട്, നടപ്പാത എന്നിവയുടെ നവീകരണത്തിനായി നാലു നിർമാണ പദ്ധതികൾക്കായി 3,98,000 ദീനാർ ചെലവാണ് കണക്കാക്കുന്നത്. 80 ദശലക്ഷം ദീനാർ ചെലവുവരുന്ന 33 പദ്ധതികൾക്കും ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്.
റോഡ് മേഖലയിൽ 17, ശുചിത്വ മേഖലയിൽ ഏഴ്, ആറ് കെട്ടിട പരിപാലന പദ്ധതികൾ, മൂന്ന് സാങ്കേതിക സേവന പദ്ധതികൾ എന്നിവയടക്കമാണ് ഇത്. സാമ്പത്തികരംഗം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച റിക്കവറി പ്ലാനിനെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. 2023 അവസാനത്തോടെ 2.5 ബില്യൺ ഡോളർ വിദേശ നിക്ഷേപം ആകർഷിക്കാൻ ലക്ഷ്യമിടുന്നതാണ് സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.