ഇൻഷുറൻസ് ആനുകൂല്യങ്ങൾ
text_fields? ഞാൻ ബഹ്റൈനിൽ പുതിയ തൊഴിൽ വിസയിൽ വന്നിട്ട് ഒരു മാസമായി. ഇവിടെ തൊഴിലാളികൾക്ക് ഇൻഷുറൻസ് നിലവിലുണ്ടെന്ന് പറയുന്നു. ഇതിന്റെ ആനുകൂല്യങ്ങൾ എന്തെല്ലാമാണ്?
അനീഷ് വർഗീസ്
സാധാരണ സോഷ്യൽ ഇൻഷുറൻസിൽനിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവയാണ്:
1. തൊഴിലിന് പോകാൻ പറ്റാത്ത ദിവസങ്ങളിലെ അല്ലെങ്കിൽ ചികിത്സ സമയത്തെ മുഴുവൻ ശമ്പളം.
2. ചികിത്സ അല്ലെങ്കിൽ അതിനുള്ള മുഴുവൻ ചെലവ്. സാധാരണ ചികിത്സ ലഭിക്കുന്നത് സർക്കാർ ഹോസ്പിറ്റലിൽനിന്നാണ്.
3. അംഗവൈകല്യം സംഭവിച്ചാൽ അതിനുള്ള നഷ്ടപരിഹാരം. അംഗവൈകല്യത്തിന്റെ തോത് അനുസരിച്ചാണ് നഷ്ടപരിഹാരം ലഭിക്കുന്നത്. ഇതിനെല്ലാം വ്യക്തമായ മാർഗനിർദേശങ്ങൾ നിയമത്തിലുണ്ട്.
നഷ്ടപരിഹാരത്തിന്റെ തോത് തീരുമാനിക്കുന്നത് മെഡിക്കൽ കമീഷനാണ്. കമീഷന്റെ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളൂ. നഷ്ടപരിഹാരം കണക്കാക്കുന്നത് സോഷ്യൽ ഇൻഷുറൻസിൽ കാണിച്ചിരിക്കുന്ന ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ്. വിദേശ തൊഴിലാളികൾക്ക് പെൻഷൻ ലഭിക്കാൻ അർഹതയില്ലാത്തതുകൊണ്ട് നഷ്ടപരിഹാരം ഒരു നിശ്ചിത തുക ഒന്നിച്ചാണ് ലഭിക്കുന്നത്.
4. മരണം സംഭവിച്ചാൽ നഷ്ടപരിഹാരം ശമ്പളത്തിന്റെ അടിസ്ഥാനത്തിൽ ഒരു നിശ്ചിത തുകയാണ് ലഭിക്കുന്നത്.
5. ഡെത്ത് ഗ്രാന്റ് - ആറുമാസത്തെ ശമ്പളം
6. മൃതദേഹം സംസ്കരിക്കാനുള്ള ചെലവ്. ഈ ആനുകൂല്യം ലഭിക്കാൻ തൊഴിലുടമയുടെ കൂടെ കുറഞ്ഞത് ആറുമാസം ജോലി ചെയ്തിരിക്കണം.
തൊഴിൽ സമയത്ത് തൊഴിൽ സ്ഥലത്തുവെച്ചുണ്ടാകുന്ന പരിക്കുകൾ, സ്ഥിരമായ അംഗവൈകല്യം, മരണം എന്നിവക്കാണ് വിദേശ തൊഴിലാളികൾക്ക് ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നത്. സാധാരണ മരണം ഇതിന്റെ പരിധിയിൽ വരില്ല.
സോഷ്യൽ ഇൻഷുറൻസ് ലഭിക്കാൻ തൊഴിലുടമ രണ്ടു കാര്യങ്ങൾ ചെയ്യണം. അപകടമുണ്ടായാൽ ഉടനെ പൊലീസിൽ റിപ്പോർട്ട് ചെയ്യണം. അതുപോലെ ഇൻഷുറൻസ് അധികൃതരെയും അറിയിക്കണം. സോഷ്യൽ ഇൻഷുറൻസിന്റെ പരിധിയിൽ വരുന്ന അപകടത്തിൽനിന്നുണ്ടായ അംഗവൈകല്യത്തിനോ മരണത്തിനോ നഷ്ടപരിഹാരം ഗോസിയിൽനിന്ന് ലഭിച്ചാൽ പിന്നീട് മറ്റ് ആനുകൂല്യങ്ങളോ നഷ്ടപരിഹാരമോ ലഭിക്കാൻ അർഹതയില്ല. ഒരു അപകടത്തിന് ഒരു നഷ്ടപരിഹാരം മാത്രമേ ലഭിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.