ഇന്റർ പാർലമെന്ററി യൂനിയൻ സമ്മേളനത്തിന് ആതിഥേയത്വം; ബഹ്റൈന് അന്താരാഷ്ട്ര ശ്രദ്ധ
text_fieldsമനാമ: ജനാധിപത്യത്തിലധിഷ്ഠിതമായ ഭരണം, ഉത്തരവാദിത്ത ഭരണം, രാഷ്ട്രീയത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കൽ തുടങ്ങിയ കാര്യങ്ങൾ ബഹ്റൈൻ ഇന്നുമുതൽ ആതിഥേയത്വം വഹിക്കുന്ന ഇന്റർ പാർലമെന്ററി യൂനിയൻ സമ്മേളനത്തിൽ ചർച്ചയാകും. 178 രാജ്യങ്ങളിലെ ദേശീയ പാർലമെന്റുകളാണ് യൂനിയനിൽ അംഗങ്ങൾ. ഇതുകൂടാതെ 13 പ്രാദേശിക അസംബ്ലികളിലെ അംഗങ്ങൾ യൂനിയനിൽ അസോസിയേറ്റ് അംഗങ്ങളാണ്. ഇന്ത്യയെ പ്രതിനിധാനംചെയ്ത് ലോക്സഭ സ്പീക്കർ ഓം ബിർളയാണ് പങ്കെടുക്കുന്നത്.
ലോകമെമ്പാടുമുള്ള പാർലമെന്റ് അംഗങ്ങളുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുകയും യൂനിയന്റെ ലക്ഷ്യമാണ്. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപവത്കരിച്ചിട്ടുണ്ട്. സുസ്ഥിര വികസനമെന്ന യുനൈറ്റഡ് നേഷൻസിന്റെ പ്രഖ്യാപിത ലക്ഷ്യം നടപ്പിൽ വരുത്തുകയും യൂനിയന്റെ ലക്ഷ്യമാണ്. ആഗോളതലത്തിൽ ഭരണനിർവഹണത്തിനും നിയമനിർമാണത്തിനും പാർലമെന്ററി ജനാധിപത്യത്തിനുള്ള പങ്ക് അരക്കിട്ടുറപ്പിക്കുക എന്ന ദൗത്യവും വർഷങ്ങളായി യൂനിയൻ നിർവഹിക്കുന്നുണ്ട്. രണ്ടുവർഷക്കാലയളവിൽ നടക്കുന്ന യൂനിയന്റെ സമ്മേളനത്തിന് വേദിയാകുന്നതുവഴി ബഹ്റൈൻ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. 1889ലാണ് ഇന്റർ പാർലമെന്ററി കോൺഗ്രസ് എന്നനിലക്ക് യൂനിയൻ ആരംഭിക്കുന്നത്. ആദ്യകാലത്ത് പാർലമെന്റ് അംഗങ്ങൾക്ക് വ്യക്തിപരമായ നിലയിലായിരുന്നു അംഗത്വം നൽകിയിരുന്നത്. പിന്നീടിത് രാഷ്ട്രങ്ങളുടെ പ്രാതിനിധ്യം എന്ന നിലയിലേക്ക് മാറ്റുകയായിരുന്നു.
ഐ.പി.യു സമ്മേളനം ആസ്ഥാനമായ ജനീവയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും രാഷ്ട്രങ്ങളിലോ നടക്കാറുണ്ട്. ‘സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുക: അസഹിഷ്ണുതക്കെതിരെ പോരാടുക’ എന്ന പ്രമേയത്തിലാണ് 146ാമത് സമ്മേളനം ബഹ്റൈനിൽ നടക്കുന്നത്. കാമറൂൺകാരനായ മാർട്ടിൻ ചുങ്കോങ് ആണ് നിലവിൽ ഇന്റർ പാർലമെന്ററി യൂനിയന്റെ സെക്രട്ടറി ജനറൽ. ഐ.പി.യു സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ യൂറോപ്യൻ ഇതരക്കാരനും ആദ്യത്തെ ആഫ്രിക്കക്കാരനുമാണ് അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.