ഇന്റർനാഷനൽ എയർഷോ ഗതാഗതം സുഗമമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ
text_fieldsമനാമ: ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ 2024 ആതിഥേയത്വം വഹിക്കാൻ ബഹ്റൈൻ ഒരുങ്ങുമ്പോൾ, ഗതാഗതം സുഗമമായി നടക്കാനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായി ട്രാഫിക് ഡയറക്ടറേറ്റ്. പരിപാടി നടക്കുന്ന സമയത്ത് വാഹനങ്ങളുടെ സുരക്ഷയും സുഗമമായ ഒഴുക്കും ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ ട്രാഫിക് നടപടികളും പൂർത്തിയായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽവഹാബ് ആൽ ഖലീഫ അറിയിച്ചു.
സന്ദർശകർ പ്രധാനമായി രാജ്യത്തേക്കെത്തുന്ന പോയന്റുകളിലൊന്നായ കിങ് ഫഹദ് കോസ്വേ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകളിൽ തടസ്സങ്ങളില്ലാത്ത ഗതാഗതം ഉറപ്പാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങളുണ്ടാകും. സുരക്ഷയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് ട്രാഫിക് പട്രോളിങ് ഏർപ്പെടുത്തും.
തിരക്ക് കുറക്കാനും എയർഷോയിലേക്ക് സമയബന്ധിതമായ പ്രവേശനം ഉറപ്പാക്കാനും ഈ നടപടികൾ സഹായകമാണ്. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് നൽകുന്ന നിർദേശങ്ങൾ കർശനമായി ഡ്രൈവർമാർ പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡയറക്ടർ നിർദേശിച്ചു. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം. പരിപാടിയുടെ ദിവസങ്ങളിൽ വഴിതിരിച്ചുവിടലുൾപ്പെടെ ട്രാഫിക് ക്രമീകരണങ്ങളുണ്ടാകും.
നവംബർ 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയിൽ ലോകോത്തര ഫ്ലൈയിങ് ഡിസ് പ്ലേകളടക്കം ഉണ്ടാകും. വ്യോമയാന രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന എയർഷോ മുൻവർഷങ്ങളിലേതിനേക്കാൾ മികച്ചതായിരിക്കുമെന്ന് ബഹ്റൈൻ ഇന്റർനാഷനൽ എയർഷോ സുപ്രീം ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ പറഞ്ഞു.
ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിൽ, എയ്റോസ്പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടകും. 11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. 56 രാജ്യങ്ങളിൽ നിന്നുള്ള 223-ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.