അന്താരാഷ്ട്ര പുസ്തകമേള; ദുർബലനായിരുന്ന മനുഷ്യന് കരുത്ത് നൽകിയത് പുസ്തകങ്ങൾ -ഉണ്ണി ബാലകൃഷ്ണൻ
text_fieldsമനാമ: ജീവ സൃഷ്ടികളിൽ ഏറ്റവും ദുർബലമായിരുന്നിട്ടും മനുഷ്യനെ ഏറ്റവും വലിയ ശക്തിയായി വളർത്തിയതും ഒന്നിപ്പിച്ചു നിർത്തിയതും പുസ്തകങ്ങളാണ് എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ.
പതിനായിരക്കണക്കിനു വർഷങ്ങൾ അന്യജീവികളെ ഭയന്ന് ഗുഹകളിൽ കഴിച്ചുകൂട്ടിയ മനുഷ്യനെ ഒന്നിപ്പിക്കുന്നതിലും ഗോത്രങ്ങളും സമൂഹങ്ങളും, രാജ്യങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കാൻ മനുഷ്യകുലത്തെ പരുവപ്പെടുത്തിയതിലും അക്ഷരങ്ങളും പുസ്തകങ്ങളും വഹിച്ച പങ്ക് വളരെ വലുതാണ്.
ബഹ്റൈൻ പ്രവാസിയും കഥാകൃത്തുമായ ജലീലിയോ രചിച്ച ‘റങ്കൂൺ സ്രാപ്’ എന്ന നോവൽ പ്രകാശനം ചെയ്യുകയായിന്നു ഉണ്ണി ബാലകൃഷ്ണൻ. മ്യാന്മറിലെ ഇന്ത്യൻ വംശജരുടെ ചരിത്രത്തിലൂടെ റോഹിങ്ക്യൻ സംഘർഷത്തിന്റെയും മനുഷ്യക്കടത്തിന്റെയും പലായനങ്ങളുടെയും, പൗരത്വ രാഷ്ട്രീയത്തിന്റെയും വർത്തമാനകാല യാഥാർഥ്യങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് റങ്കൂൺ സ്രാപ്.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കവിയും ഗാനരചയിതാവുമായ ഉമ്പാച്ചി പുസ്തകം പരിചയപ്പെടുത്തി. യുവ എഴുത്തുകാരനും വിദ്യാഭ്യാസ പരിശീലകനുമായ ലിജേഷ് കുമാർ, യാത്രികനും എഴുത്തുകാരനുമായ സജി മാർക്കോസ്, പി. ഉണ്ണികൃഷ്ണൻ, പുസ്തകോത്സവ കൺവീനർ ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്നു. സമാജം ആക്ടിങ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ. നായർ നന്ദിയും പറഞ്ഞു. പുസ്തക പ്രകാശനാനന്തരം ഉണ്ണി ബാലകൃഷ്ണനുമായുള്ള മുഖാമുഖവും നടന്നു.
പുസ്തക പ്രകാശനത്തിന് മുന്നോടിയായി മലയാളം മിഷൻ കുട്ടികൾക്ക് കഥ കേൾക്കാൻ ഒരുക്കിയിട്ടുള്ള ‘ഒരിടത്തൊരിടത്തൊരിടത്ത്’ എന്ന കഥയിടവും ബഹ്റൈനിലെ പാട്ടുകാരികളായ സുഹൃത്തുക്കളുടെ മ്യൂസിക് ബാൻഡായ ദ പിങ്ക് ബാങ്ക് ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.
ചുറ്റും പുകയുന്ന വശ്യ സുഗന്ധങ്ങളുടെ പ്രലോഭനമാണ് ‘കഞ്ചാവ്’ -ലിജേഷ് കുമാർ
മനാമ: നമ്മെ പ്രലോഭിപ്പിക്കുകയും നമ്മിൽ ലഹരി പടർത്തുകയും ചെയ്യുന്ന ചിലതുണ്ടെന്നും അവയെക്കുറിച്ച് എഴുതുമ്പോൾ ഏറ്റവും വലിയ ലഹരിയെന്ന് ഒരുകാലത്ത് വിശേഷിപ്പിക്കപ്പെട്ട ഒന്നിന്റെ പേരാണ് ഉചിതമെന്ന് തോന്നിയതുകൊണ്ടാണ് പുസ്തകത്തിന് കഞ്ചാവ് എന്ന് പേരു നൽകിയതെന്നും എഴുത്തുകാരൻ ലിജേഷ് കുമാർ.
ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ലിജേഷ്. ആ പേരിനെ ഒരു മാർക്കറ്റിങ് തന്ത്രമായി ഉപയോഗിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖരും അല്ലാത്തവരുമായ എഴുത്തുകാരുംകൂടി ഉൾപ്പെട്ടതാണ് സാഹിത്യ ലോകം.
ഓരോ എഴുത്തുകാരന്റെയും രചനശൈലി വേർതിരിച്ചറിയുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ. നായർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു. കഴിഞ്ഞ മാസം 28ന് ആരംഭിച്ച പുസ്തമേളയും സാംസ്കാരികോത്സവവും ഈ മാസം എട്ടിന് അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.