മുത്തശ്ശിക്കഥകൾ തിരികെയെത്തിച്ച് പുസ്തകമേള
text_fieldsമനാമ: ടെലിവിഷനും സമൂഹ മാധ്യമങ്ങളും അന്യമാക്കിയ മുത്തശ്ശിക്കഥകൾ തിരികെയെത്തിച്ച് പുസ്തകമേള. ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ആറാമത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായാണ് കുട്ടികൾക്ക് മുത്തശ്ശിക്കഥകൾ കേൾക്കാൻ വേദിയൊരുക്കിയത്.
സമാജം ഡയമണ്ട് ജൂബിലി ഹാളിൽ സജ്ജമാക്കിയ കിഡ്സ് കോർണറിൽ എത്തുന്ന കുട്ടികൾക്ക് മുത്തശ്ശിമാരിൽനിന്ന് നേരിട്ട് കഥകൾ കേൾക്കാം. കഥകൾ പറയാനും വിവിധ കളികളിൽ ഏർപ്പെടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. സാമൂഹിക പ്രവർത്തകയും സമാജം വനിതവേദി മുൻ പ്രസിഡൻറുമായ മോഹിനി തോമസിന്റെ നേതൃത്വത്തിലാണ് കിഡ്സ് കോർണർ പ്രവർത്തിക്കുന്നത്.
പുസ്തകമേളയുടെ ഭാഗമായി സമാജം ചിത്രകല ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന ചിത്രപ്രദർശനം ബുധനാഴ്ച സമാപിക്കും. തുടർന്ന് സമാജം ഫോട്ടോഗ്രഫി ക്ലബിെന്റ ആഭിമുഖ്യത്തിലുള്ള ഫോട്ടോ പ്രദർശനത്തിന് തുടക്കമാകും.ഫോട്ടോഗ്രഫി ക്ലബ് കുട്ടികൾക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രഫി മത്സരത്തിൽ വിജയികളുടെ ചിത്രങ്ങളും പ്രദർശിപ്പിക്കും.
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന കുട്ടികൾക്ക് 17വരെ ഫോട്ടോകൾ നൽകാം. സമാജം ചിത്രകല ക്ലബ് സംഘടിപ്പിച്ച സമൂഹ ചിത്രരചന ജനശ്രദ്ധയാകർഷിച്ചു.പുസ്തകോത്സവത്തിലുള്ള ബുക്കുകളുടെ ആശയങ്ങളാണ് സമൂഹ ചിത്രരചനയിൽ ഉൾപ്പെടുത്തിയത്. മലയാളികൾക്ക് പുറമെ ബഹ്‌റൈനി, ഉത്തരേന്ത്യൻ കലാകാരന്മാരും സമൂഹ ചിത്രരചനയിലും പ്രദർശനത്തിലും പങ്കെടുത്തു.
എം. മുകുന്ദനും ജോസ് പനച്ചിപ്പുറവും ഇന്ന് പുസ്തകോത്സവത്തിൽ
മനാമ: ബഹ്റൈൻ കേരളീയ സമാജവും ഡി.സി ബുക്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ആറാം ദിവസമായ ബുധനാഴ്ച പ്രശസ്ത എഴുത്തുകാരായ എം. മുകുന്ദനും ജോസ് പനച്ചിപ്പുറവും അതിഥികളായെത്തും.
വൈകീട്ട് എട്ടിന് നടക്കുന്ന മുഖാമുഖം പരിപാടിയിൽ ഇരുവരും പങ്കെടുക്കും.പ്രിയ എഴുത്തുകാരായ എം. മുകുന്ദനും ജോസ് പനിച്ചിപ്പുറവുമായുള്ള മുഖാമുഖം പരിപാടിക്ക് മാറ്റു കൂട്ടുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
'ഡൽഹി' ലഘുനാടകമായി വേദിയിൽ
മനാമ: എം. മുകുന്ദന്റെ രചനയായ 'ഡൽഹി' ലഘു നാടകമായി പുസ്തകോത്സവ വേദിയിൽ വേദിയിൽ അവതരിപ്പിക്കുന്നു.
ബുധനാഴ്ച വൈകീട്ട് എട്ടിന് സമാജം സ്കൂൾ ഓഫ് ഡ്രാമയും ചിൽഡ്രൻസ് വിങ്ങും സംയുക്തമായി അവതരിപ്പിക്കുന്ന ലഘുനാടകത്തിന്റെ തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചിരിക്കുന്നത് മനോഹരൻ പാവറട്ടിയും സഹസംവിധാനം നിർവഹിച്ചിരിക്കുന്നത് ജയ രവികുമാറുമാണ്.
വിനോദ് അളിയത്ത്, സനൽ കുമാർ ചാലക്കുടി, ശ്രീജിത്ത് ശ്രീകുമാർ, അശോകൻ, സുബിൻ പോവിൽ, മനോഹരൻ പാവറട്ടി, ആൽബി സനൽ, മാളവിക ബിനോജ്, അലോറ മനേഷ്, അൻലിൻ ആഷ്ലി, പാർവതി വിനൂപ് കുമാർ, അവന്തിക അഭിലാഷ്, സാറ ലിജിൻ, അൻലിയ രാജേഷ്, അനിക അഭിലാഷ്, അനന്യ അഭിലാഷ്, സീവ മനേഷ്, നിരഞ്ജന രഘുനന്ദൻ, അക്ഷിത വൈശാഖ്, ബെറ്റ്ലിൻ ബോണി, മിത്ര വിനോദ്, ശ്രദ്ധ ജയകുമാർ, ശ്വേത കുമാർ, ദിമഹി ജയരാജ്, ഇശൽ മെഹർ ഹാഷിം, സിദ്ദി രാജേഷ്, ശ്രീനിക അനീഷ്, മീനാക്ഷി ഉദയൻ, രോഷ്നി റോഷൻ എന്നിവരും നാടകത്തിൽ വേഷമിടുന്നുണ്ട്.
ഡൽഹിയുടെ എഴുത്തുകാരൻ എം. മുകുന്ദന്റെ സാന്നിധ്യത്തിൽ തന്നെ നാടകം അവതരിപ്പിക്കുന്നത് കാണികൾക്ക് ആസ്വാദ്യകരമാവുമെന്ന് സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.