ബഹ്റൈനിലെ മലയാളി യുവതിക്ക് അന്താരാഷ്ട്ര അംഗീകാരം
text_fieldsമനാമ: യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ബഹ്റൈനിൽ അസിസ്റ്റന്റ് പ്രഫസറായ മലയാളി യുവതിക്ക് അന്താരാഷ്ട്ര അംഗീകാരം. ഡോ. നിധി എസ്. മേനോനാണ് സരോജിനി നായിഡു ഇന്റർനാഷനൽ അവാർഡ് 2023 ലഭിച്ചത്.
ജോലിചെയ്യുന്ന സ്ത്രീകൾക്ക് നൽകുന്ന പുരസ്കാരമാണിത്. നോയ്ഡയിലെ ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിൽ നോയ്ഡ ഫിലിം സിറ്റി സ്ഥാപകനും ഏഷ്യൻ അക്കാദമി ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രസിഡന്റുമായ ഡോ. സന്ദീപ് മർവ അവാർഡ് സമ്മാനിച്ചു. ഹരിയാന വനിത കമീഷൻ ചെയർപേഴ്സൻ രേണു ഭാട്ടിയ അടക്കം പ്രമുഖർ അവാർഡ്ദാന ചടങ്ങിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ, ബഹ്റൈൻ കമ്യൂണിറ്റികൾക്ക് കലാമേഖലയിലും വിദ്യാഭ്യാസ മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം നൽകിയത്. ബാലപീഡനം സംബന്ധിച്ചും ഇന്ത്യ-ബഹ്റൈൻ സൗഹൃദം സംബന്ധിച്ചും നിരവധി ഹ്രസ്വ വിഡിയോ ആൽബങ്ങളും പ്രൊഡക്ഷനുകളും നിധി സംവിധാനം ചെയ്തിട്ടുണ്ട്.
തബലവാദകയും പ്രഫഷനൽ നർത്തകിയുംകൂടിയാണ് നിധി. ബഹ്റൈനിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിങ് ആർട്സിന്റെ പരിപാടികൾ കോഓഡിനേറ്റ് ചെയ്യുന്നുണ്ട്. തിയറ്റർ പ്രൊഡക്ഷൻ ടീമായ ഭവഹരയുടെ നേതൃത്വവും വഹിക്കുന്നു. ഇന്ത്യയിൽ നടക്കുന്ന സംസ്ഥാന യുവജനോത്സവങ്ങളിൽ പുരസ്കാരം നേടിയിട്ടുണ്ട്. ബഹ്റൈനിലെ നിരവധി സാമൂഹിക സംഘടനകളുടെ വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുള്ള നിധി ബഹ്റൈൻ കൾചറൽ ഹാളിൽ രണ്ടു നൃത്ത നാടകങ്ങൾ അവതരിപ്പിച്ചിരുന്നു. തായ്വാനിലെ ഏഷ്യൻ ഇന്ത്യൻ കൾചറൽ ഫെസ്റ്റിവലിലേക്കും ടീമിനെ തിരഞ്ഞെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.