അന്താരാഷ്ട്ര അഭയാർഥി ദിനം: പ്രവർത്തനങ്ങൾ വിശദീകരിച്ച് ആർ.എച്ച്.എഫ്
text_fieldsമനാമ: അന്താരാഷ്ട്ര അഭയാർഥി ദിനാചരണത്തോടനുബന്ധിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ അഭയാർഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് വിശദീകരിച്ചു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അഭയാർഥികളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിർവഹിക്കുന്നതിന് മുന്തിയ പരിഗണനയാണ് ബഹ്റൈൻ നൽകുന്നത്. യു.എന്നുമായി സഹകരിച്ച് വിവിധ രാജ്യങ്ങളിലെ അഭയാർഥികളുടെ പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് ശരിയായ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ കഴിഞ്ഞ കാലയളവിൽ സാധിച്ചിട്ടുണ്ട്.
മാനുഷിക സേവന പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അഭയാർഥികളുടെ പുനരധിവാസം. പുതിയ സാഹചര്യങ്ങളിൽ കൂടുതൽ അഭയാർഥികൾ രൂപപ്പെട്ടുവരുന്ന അവസ്ഥയുണ്ട്. അവരെ ശരിയാംവിധം പുനരധിവസിപ്പിക്കുകയെന്നത് ദുഷ്കരമാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് മാനവിക സേവനപ്രവർത്തനങ്ങളിൽ ഉജ്ജ്വലമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തുള്ള മുഴുവൻ അഭയാർഥികളെയും പുനരധിവസിപ്പിക്കാനും അവരെ സമൂഹത്തിന്റെ ഭാഗമാക്കാനുമുള്ള ശ്രമങ്ങൾ വിപുലപ്പെടുത്താനും സാധിക്കേണ്ടതുണ്ട്. അത്തരം ശ്രമങ്ങൾക്ക് വർധിച്ച പിന്തുണയും സഹായവും ചെയ്യാൻ ആർ.എച്ച്.എഫ് ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.