സംഘാടന മികവോടെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസിന് ബഹ്റൈനിൽ സമാപനം
text_fieldsമനാമ: ബഹ്റൈൻ നൽകിയ ഊഷ്മളമായ ആതിഥ്യമര്യാദക്കും അസാധാരണ സംഘാടന മികവിനും നന്ദി പറഞ്ഞ് 2024 ലെ ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് ജിംനേഷ്യാഡിന് സമാപനം. 71 രാജ്യങ്ങളിൽനിന്ന് 5,515 അത്ലറ്റുകളുടെ റെക്കോഡ് ഹാജരോടെയാണ് ബഹ്റൈനിൽ ഗെയിംസ് നടന്നത്.
ഇസ ടൗണിലെ ഖലീഫ സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സമാപനച്ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്ട് ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, വിദ്യാഭ്യാസ മന്ത്രിയും ജിംനേഷ്യാഡിന്റെ സംഘാടക സമിതി ചെയർമാനുമായ ഡോ. മുഹമ്മദ് മുബാറക് ജുമാ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബ്രസീലിൽനിന്നുള്ള ഇന്റർനാഷനൽ സ്കൂൾ സ്പോർട്സ് ഫെഡറേഷൻ (ഐ.എസ്.എഫ്) വൈസ് പ്രസിഡന്റ് അന്റോണിയോ ഹോറ ഫിൽഹോ സംഘാടന മികവിന് ബഹ്റൈനെ ചടങ്ങിൽ അഭിനന്ദിച്ചു.
മാർച്ച് പാസ്റ്റും അതിനുശേഷം പരമ്പരാഗത ബഹ്റൈൻ ബാൻഡിന്റെ സംഗീതപരിപാടിയും ഉണ്ടായിരുന്നു. ജിംനേഷ്യാഡിൽ ബഹ്റൈൻ മികച്ച പ്രകടനമാണ് നടത്തിയത്. ബഹ്റൈന് 13 സ്വർണമടക്കം 66 മെഡലുകളാണ് ലഭിച്ചത്.
ബഹ്റൈൻ 13 ാം സ്ഥാനത്താണ്. ഖലീഫ സ്പോർട്സ് സിറ്റി, ഈസ സ്പോർട്സ് സിറ്റി, ബഹ്റൈൻ നാഷനൽ സ്റ്റേഡിയം തുടങ്ങിയ വേദികളിലാണ് മത്സരങ്ങൾ നടന്നത്. ലോകോത്തര സ്പോർട്സ് ഇൻഫ്രാസ്ട്രക്ചറാണ് ഇവിടെ ഒരുക്കിയിരുന്നത്.
ബ്രസീലിന് കിരീടം
മനാമ: ഇന്റർനാഷനൽ സ്കൂൾ ഗെയിംസ് സമാപിക്കുമ്പോൾ മെഡൽ പട്ടികയിൽ ബ്രസീൽ ഒന്നാം സ്ഥാനത്താണ്. 53 സ്വർണമടക്കം 164 മെഡലുകളാണ് ബ്രസീൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള ചൈന 39 സ്വർണമടക്കം 90 മെഡലുകൾ നേടി. ചൈനീസ് തായ്പേയ് 35 സ്വർണം ഉൾപ്പെടെ 79 മെഡലുകളുമായി മൂന്നാം സ്ഥാനത്താണ്.
28 സ്വർണമടക്കം 107 മെഡലുകളുമായി റുമേനിയയാണ് നാലാം സ്ഥാനത്ത്. ആതിഥേയരായ ബഹ്റൈൻ 13 സ്വർണവും 21 വെള്ളിയും 32 വെങ്കലവുമടക്കം 66 മെഡലുകളുമായി 13ാം സ്ഥാനത്തെത്തി. ഒരു സ്വർണവും നാലു വെള്ളിയും അഞ്ച് വെങ്കലവുമടക്കം പത്തു മെഡലുകളോടെ ഇന്ത്യ 27ാം സ്ഥാനത്താണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.