ചരിത്രം തേടി അന്താരാഷ്ട്ര സംഘം ബഹ്റൈനിലേക്ക്
text_fieldsമനാമ: മറഞ്ഞിരിക്കുന്ന ചരിത്രനിധികൾ വിവിധ രാജ്യങ്ങളിൽനിന്നുള്ള പുരാവസ്തു ഗവേഷകരും ചരിത്ര വിദ്യാർഥികളും ബഹ്റൈനിലെത്തുന്നു. ബഹ്റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആന്റിക്വിറ്റീസ് (ബാക്ക) ആർക്കിയോളജി ആൻഡ് മ്യൂസിയം ഡയറക്ടർ ഡോ. സൽമാൻ അൽ മഹാരി അറിയിച്ചതാണിത്. ഡെന്മാർക്, യു.കെ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് ഗവേഷകർ എത്തുക. 2005ൽ ലോക പൈതൃക പദവി ലഭിച്ച ബഹ്റൈൻ കോട്ടക്ക് ചുറ്റും ഡാനിഷ് പര്യവേഷണ സംഘം ഉദ്ഖനനം നടത്തും.
സമഹീജിലെ ക്രിസ്ത്യൻ പുരാവസ്തുക്കൾക്കായുള്ള ഗവേഷണത്തിന് ബ്രിട്ടീഷ് സംഘമാണ് നേതൃത്വം നൽകുക. ഇവർ നേരത്തേയും ഇവിടെ ഗവേഷണം നടത്തിയിരുന്നു. 20 കിലോമീറ്ററിലധികം വ്യാപിച്ചുകിടക്കുന്ന, 4,000 വർഷം പഴക്കമുള്ള ദിൽമുൻ ശ്മശാന കുന്നുകളിൽ ഖനനത്തിന് ജപ്പാൻ സംഘം നേതൃത്വം നൽകും. ബുരി, കർസാകാൻ, ദാർ കുലൈബ് എന്നിവയുൾപ്പെടെ ഹമദ് ടൗണിലെ 21 കേന്ദ്രങ്ങളിൽ ഗവേഷണം നടത്തും.
രാജ്യത്തിന്റെ പൈതൃകത്തെക്കുറിച്ച് നാട്ടുകാർക്കുപോലും വേണ്ടത്ര അറിവില്ലാത്ത സ്ഥിതിയുണ്ടെന്നും അന്തർദേശീയ സംഘങ്ങളുടെ വരവ് ആവേശം നൽകുമെന്നും ഡോ. സൽമാൻ അൽ മഹാരി പറഞ്ഞു. യുനെസ്കോയുടെ ആവശ്യപ്രകാരം സ്ഥാപിക്കുന്ന ദിൽമുൻ ബറിയൽ മൗണ്ട്സ് മ്യൂസിയം പദ്ധതി പുരോഗമിക്കുകയാണ്. പൈതൃക കേന്ദ്രങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളായികൂടി വികസിപ്പക്കൽ ലക്ഷ്യമാണ്. നടപ്പാതകൾ, വിനോദ സൗകര്യങ്ങൾ, മറ്റ് ആകർഷണങ്ങൾ എന്നിവ സംയോജിപ്പിച്ച് പ്രാദേശിക, അന്തർദേശീയ സഞ്ചാരികളെ ആകർഷിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.