ബഹ്റൈൻ യുവാക്കൾ എല്ലാ മേഖലയിലും മികവ് തെളിയിച്ചു -മന്ത്രി
text_fieldsമനാമ: ബഹ്റൈൻ യുവാക്കൾ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നതായി വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ റാശിദ് അൽ സയാനി വ്യക്തമാക്കി. അന്താരാഷ്ട്ര യുവജന ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ വളർച്ചയിലും ഉയർച്ചയിലും യുവാക്കളുടെ പങ്ക് ഇന്ന് ഏറെ സുപ്രധാനമാണ്. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ ഭരണകാലത്ത് യുവാക്കളുടെ ശാക്തീകരണത്തിന് നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ കലവറയില്ലാത്ത പിന്തുണയും യുവാക്കളുടെ സർഗ ശേഷി വളർത്തുന്നതിന് കാരണമായിട്ടുണ്ട്. ‘സുസ്ഥിര വികസനത്തിൽ യുവാക്കളുടെ ഡിജിറ്റൽ വഴികൾ’എന്ന പ്രമേയത്തിലാണ് ഇപ്രാവശ്യത്തെ യുവജനദിനാചരണം.
സുസ്ഥിര വികസനം കരസ്ഥമാക്കുന്നതിനും അതിന്റെ സാമ്പത്തികവും സാമൂഹികവും പരിസ്ഥിതിപരവുമായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും യുവാക്കളുടെ കർമശേഷി കൂടുതൽ വളർത്തേണ്ടത് ആവശ്യമാണ്. അന്താരാഷ്ട്ര വേദികളിലും കായിക മേഖലകളിലും ബഹ്റൈൻ യുവാക്കളുടെ തിളക്കമാർന്ന സാന്നിധ്യവും വിജയവും പ്രതീക്ഷയുണർത്തുന്നതാണ്. ബഹ്റൈൻ ഇക്കണോമിക് വിഷൻ 2030 ലക്ഷ്യങ്ങൾ നേടുന്നതിന് ആവിഷ്കരിച്ച പദ്ധതികൾ യുവാക്കളുടെ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നത്. വരുംകാലങ്ങളിൽ യുവാക്കൾക്ക് കൂടുതൽ മേഖലകളിൽ നേട്ടമുണ്ടാക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.