പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടൽ; രണ്ട് പ്രവാസികൾ നാട്ടിലെത്തി
text_fieldsമനാമ: പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിനെത്തുടർന്ന് നാട്ടിൽപേകാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന രണ്ട് ഇന്ത്യക്കാർക്ക് തിരികെപ്പോകാൻ സാധിച്ചു. ഇരുദയരാജ് ആന്റണി സാമി, മുത്തയ്യ മണി എന്നീ രണ്ട് തമിഴ്നാട് സ്വദേശികൾക്കാണ് നാട്ടിലേക്ക് തിരിച്ചു പോകാനായത്.
2014 ലാണ് ഇരുദയരാജ് ബഹ്റൈനിൽ എത്തിയത്. വാഗ്ദാനം ചെയ്ത ശമ്പളം കമ്പനി നൽകാത്തതിനെത്തുടർന്ന് അദ്ദേഹം ബുദ്ധിമുട്ടിലായി. ഇത് കാലഹരണപ്പെട്ട വിസയിലേക്കും പാസ്പോർട്ടിലേക്കും നയിച്ചു. എട്ടു മാസമായി, ജോലിയില്ലാതെ, തന്നെയും കുടുംബത്തെയും പോറ്റാൻ പാടുപെടുകയായിരുന്നു അദ്ദേഹം.
2009ൽ ഇവിടെയെത്തിയ മുത്തയ്യൻ മണി ദിവസക്കൂലിക്കാരനായാണ് ജോലിചെയ്തത്. കഠിനാധ്വാനം ചെയ്തിട്ടും കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെവന്നു. കാലഹരണപ്പെട്ട പാസ്പോർട്ട് തിരികെ നൽകുന്നതിന് 500 ദീനാർ സ്പോൺസർ ആവശ്യപ്പെട്ടതിനെത്തുടർന്ന് കഷ്ടത്തിലാകുകയും ചെയ്തു. പ്രശ്നം പ്രവാസി ലീഗൽ സെല്ലിനു മുന്നിൽ എത്തിയതോടെ ഇന്ത്യൻ എംബസി, പി.എൽ.സി ലോയർ, മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) എന്നിവയുമായി സഹകരിച്ച് ഈ വ്യക്തികളെ സഹായിക്കുകയായിരുന്നു. ഭക്ഷണവും മറ്റു സഹായവും ടിക്കറ്റുകളും നൽകി ഇന്ത്യൻ എംബസി നിർണായക പിന്തുണ നൽകി. പ്രവാസി ലീഗൽ സെൽ നടത്തുന്ന എല്ലാ ഉദ്യമങ്ങൾക്കും സാമൂഹിക, സാംസ്കാരിക സംഘടനകളിൽ നിന്നും ലഭിക്കുന്ന സഹായസഹകരണങ്ങൾക്ക് പി.എൽ.സി ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.