ലഹരിക്കടിമപ്പെടുന്ന യുവത്വം
text_fields
സലീന റാഫി
യുവതലമുറയിൽ ലഹരിയുടെ ഉപയോഗം വർധിച്ചുവരുകയാണ്. നാട്ടിൽനിന്ന് കേൾക്കുന്ന വാർത്തകൾ അത്തരത്തിലുള്ളതാണ്. എല്ലാ മേഖലയിലും വളരെ പെെട്ടന്ന് എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന യുവതലമുറ ലഹരി എന്ന വിപത്തിൽ അറിയാതെ ചെന്നുചേരുകയാണ്. മാതാപിതാക്കളും ഇതിന് കാരണക്കാരാണ്. മക്കളുടെ കൂടെ ചെലവഴിക്കാൻ സമയമില്ലാത്ത മാതാപിതാക്കൾ, വേറൊരു അർഥത്തിൽ പറഞ്ഞാൽ എല്ലാ സാഹചര്യങ്ങളും ഉണ്ടായിട്ടും മക്കളുടെ കൂടെ കൂട്ടുചേരാത്ത മാതാപിതാക്കൾ. ഇവരൊക്കെ തന്നെയല്ലേ കുറെ ഭാഗം കുറ്റക്കാർ. മക്കളോടുള്ള സ്നേഹം എന്നത് പോക്കറ്റ് മണിയായി കൊടുക്കുന്നതാണെന്നു കരുതുന്ന ഒരു വിഭാഗം. കുട്ടികളുടെ കൈയിൽ പുറത്തുനിന്ന് ഒരു സാധനം ബാഗിലോ മറ്റോ കണ്ടാൽ ചോദ്യം ചെയ്യാത്ത മാതാപിതാക്കൾ. കുട്ടികൾക്ക് എവിടെനിന്ന് അവ വാങ്ങിക്കാൻ പൈസ കിട്ടി അല്ലെങ്കിൽ എവിടെനിന്നു കിട്ടി എന്നുപോലും അന്വേഷിക്കാത്ത മാതാപിതാക്കൾ. ഭാവിയുടെ വാഗ്ദാനമായി മാറേണ്ട യുവതലമുറ ആദ്യം വഴിതെറ്റുന്നത് ഇതുപോലുള്ള വീടുകളിലെ സാഹചര്യങ്ങൾക്ക് വിധേയരായാണ്.
ഇതിന് എന്താണ് പ്രതിവിധിയെന്ന് ഇന്ന് ആർക്കും പറയാൻ പറ്റാത്ത അവസ്ഥയാണ്. തങ്ങളുടെ മക്കൾ നന്നായി പഠിച്ചു നല്ല സ്ഥാനത്ത് എത്തണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ കുട്ടികളുടെ ക്രൂരതകൾ അറിയുമ്പോഴാണ് മക്കൾ വഴിതെറ്റി എന്നുപോലും അറിയുന്നത്. ഈ അടുത്ത് നടന്നൊരു കൊലപാതകം എല്ലാവരെയും ഒരേ പോലെ വേദനിപ്പിച്ചു. ഒന്നും അറിയാത്ത ഒരു യുവ ഡോക്ടർ ഒരു അധ്യാപകനാൽ കൊല്ലപ്പെടുന്നു. അതും വളരെ മൃഗീയമായി. അവിടെയും വില്ലൻ ലഹരിയായിരുന്നു. കുറച്ചു ദിവസം മാധ്യമങ്ങളും സോഷ്യൽ മീഡിയയും ചർച്ചചെയ്തു. പിന്നീട് എന്ത് സംഭവിച്ചു. പ്രതിയെ ജയിലിലേക്ക് അയച്ചു. അവിടെ തീർന്നു എല്ലാ കോലാഹലങ്ങളും. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ചാണ് കൂടുതലും ലഹരി വ്യാപാരങ്ങൾ നടക്കുന്നത്.
അതിൽ വിതരണക്കാരും വിൽപനക്കാരും പ്രായപൂർത്തിപോലും ആയിട്ടില്ലാത്ത കുഞ്ഞുങ്ങളാണ് എന്നതാണ് ഞെട്ടിക്കുന്ന സത്യം. മാതാപിതാക്കളുടെ മക്കളെ കുറിച്ചുള്ള അതിരുകവിഞ്ഞ ആത്മവിശ്വാസമാണ് കുട്ടികൾ വഴിതെറ്റുന്നതിനു പ്രധാന കാരണം. ലഹരി മാഫിയക്കെതിരെ ശക്തമായ രീതിയിൽ സർക്കാറിന്റെ ഭാഗത്തുനിന്നും നിയമ നിലപാടുകൾ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. നിയമങ്ങളുടെ പോരായ്മകൾ, എല്ലാം അറിഞ്ഞിട്ടും അധികൃതരുടെ അനങ്ങാപ്പാറ നയം, ഇവയൊക്കെ ലഹരിമാഫിയക്ക് മുതൽക്കൂട്ടാവുന്നു. സ്കൂൾ മുതൽ ബോധവത്കരണം നടക്കണം. കലാലയങ്ങൾക്ക് ചുറ്റും നിയമപാലകരുടെ സജീവ നിരീക്ഷണം എന്നിവയൊക്കെ നിരന്തരം ഉണ്ടായാൽ മാത്രമേ ഈ വിപത്തിനെ കുറെ ഭാഗം തടയാൻ സാധിക്കുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.