നിക്ഷേപ സമാഹരണം; ബഹ്റൈൻ ഇ.ഡി.ബി സംഘത്തിന്റെ ഇന്ത്യ സന്ദർശനം ഒമ്പതു മുതൽ
text_fieldsമനാമ: ബഹ്റൈനിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ, നിക്ഷേപ പ്രോത്സാഹന ഏജൻസിയായ ബഹ്റൈൻ ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് (ബഹ്റൈൻ ഇ.ഡി.ബി) ഈ മാസം ഒമ്പതു മുതൽ 14 വരെ ഇന്ത്യയിൽ സന്ദർശനം നടത്തും.
സുസ്ഥിര വികസന മന്ത്രിയും ബഹ്റൈൻ ഇ.ഡി.ബി ചീഫ് എക്സിക്യൂട്ടിവുമായ നൂർ ബിൻത് അലി അൽ ഖുലൈഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഇ.ഡി.ബിയിലെ മുതിർന്ന അംഗങ്ങളുമുണ്ട്. ഒരാഴ്ചത്തെക്കാലയളവിൽ നിരവധി ഇന്ത്യൻ നഗരങ്ങൾ സംഘം സന്ദർശിക്കും. ഉൽപാദനം, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ICT), എന്നീ മേഖലയിൽ ബഹ്റൈനിലുള്ള സാധ്യതകൾക്ക് പ്രചാരം കൊടുക്കുകയാണ് പ്രധാന ലക്ഷ്യം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുക, ബഹ്റൈനിൽ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളും സന്ദർശനത്തിനുണ്ട്. പ്രതിനിധി സംഘം മുംബൈ, ബംഗളൂരു, ചെന്നൈ നഗരങ്ങൾ സന്ദർശിക്കും.
ബഹ്റൈനിലെ നിക്ഷേപാനുകൂല അന്തരീക്ഷം ഇന്ത്യൻ ബിസിനസുകൾ വിപുലീകരിക്കാൻ സഹായകമാണ്. ഗൾഫ് മേഖലയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ബഹ്റൈൻ ഇന്ത്യയുടെ സമീപത്താണെന്നു മാത്രമല്ല, അനുകൂല ബിസിനസ് അന്തരീക്ഷമാണ് ഇവിടെയുള്ളത്.
ആഗോളതലത്തിൽ ബിസിനസ് വിപുലീകരിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ സംരംഭങ്ങൾക്ക് അനുയോജ്യമായ കേന്ദ്രമാണ് ബഹ്റൈൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര ബന്ധം ശക്തമാക്കുന്നതിനും സന്ദർശനം ഉപകരിക്കുമെന്ന് മന്ത്രി അൽ ഖുലൈഫ് പറഞ്ഞു.
2023ലെ കണക്കനുസരിച്ച് 10,900 കമ്പനികളും ഇന്ത്യൻ സംയുക്ത സംരംഭങ്ങളും (ശാഖകൾ ഉൾപ്പെടെ) ബഹ്റൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2019 മുതൽ ഇന്ത്യൻ നിക്ഷേപത്തിൽ 62 ശതമാനത്തിൽ വളർച്ചയുണ്ട്. 2019നും 2023നും ഇടയിൽ ഇന്ത്യൻ വിദേശനിക്ഷേപം 36.6ശതമാനം വർധിച്ചു.
ഓരോ വർഷവും ശരാശരി 102 ദശലക്ഷം ഡോളറിന്റെ വർധനവുണ്ട്. 2023ൽ ഇന്ത്യയിൽ നിന്നുള്ള വിദേശ നിക്ഷേപം 1.52 ബില്യൺ ഡോളറിലെത്തി. ബഹ്റൈനിലെ ആറാമത്തെ മികച്ച നിക്ഷേപ രാജ്യം കൂടിയാണ് ഇന്ത്യ.
ബഹ്റൈനിലെ മൊത്തം വിദേശ നിക്ഷേപത്തിന്റെ നാലു ശതമാനം വരുമിത്. ടെക് മഹീന്ദ്ര, കെംകോ, ഇലക്ട്രോ സ്റ്റീൽ, പാർലെ ബിസ്കറ്റ്സ്, ജെ.ബി.എഫ് ഇൻഡസ്ട്രീസ്, അൾട്രാ ടെക് സിമന്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ ബാങ്ക്, കിംസ് ഹെൽത്ത് എന്നിവ ഉൾപ്പെടുന്ന നിരവധി പ്രമുഖ ഇന്ത്യൻ കമ്പനികൾ ബഹ്റൈനിൽ പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.