സഹകരണം ശക്തമാക്കി ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനം
text_fieldsമനാമ: ഇരു രാജ്യങ്ങളിലും തമ്മിലുള്ള സഹകരണം ശക്തമാക്കി ഇസ്രായേൽ പ്രസിഡന്റ് ഇസാഖ് ഹെർസോഗിന്റെ ബഹ്റൈൻ സന്ദർശനം പൂർത്തിയായി. കഴിഞ്ഞ ദിവസം ബഹ്റൈനിലെത്തിയ അദ്ദേഹം രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുമായി ചർച്ച നടത്തി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കാനുമുദ്ദേശിച്ചായിരുന്നു ഇസ്രായേൽ പ്രസിഡന്റിന്റെ സന്ദർശനം. മേഖലയിലെ സംഭവ വികാസങ്ങളും അതിൽ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നിലപാടുകളും കൂടിക്കാഴ്ചയിൽ ചർച്ചയായി. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി, മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഈ, ഇസ്രായേലിലെ ബഹ്റൈൻ അംബാസഡർ ഖാലിദ് യൂസുഫ് അൽ ജലാഹിമ, ബഹ്റൈനിലെ ഇസ്രായേൽ അംബാസഡർ ഇറ്റാൻ നാഈ എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്.
ബഹ്റൈൻ നാഷനൽ മ്യൂസിയം അദ്ദേഹം സന്ദർശിക്കുകയും രാജ്യത്തിന്റെ പാരമ്പര്യവും സാംസ്കാരികത്തനിമയും സംരക്ഷിക്കുന്നതിലുള്ള ശ്രദ്ധയെ പ്രശംസിക്കുകയും ചെയ്തു. മ്യൂസിയത്തിലെത്തിയ ഹെർസോഗിനെ ബഹ്റൈൻ പാരമ്പര്യ, സാംസ്കാരിക അതോറിറ്റി ചെയർമാൻ ശൈഖ് ഖലീഫ ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാശിദ് അൽ സയാനയി എന്നിവർ ചേർന്ന് സ്വീകരിച്ചു. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് അർഥപൂർണമായ സഹകരണം ആവശ്യമാണെന്ന് ഹമദ് രാജാവുമായി നടത്തിയ ചർച്ചയിൽ ഇരുവരും അഭിപ്രായപ്പെട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയും ചർച്ചയിൽ സന്നിഹിതനായിരുന്നു. ചർച്ചക്ക് ശേഷം സംയുക്ത പത്രസമ്മേളനവും വിളിച്ചുചേർത്തു. ഇസാഖ് ഹെർസോഗിന്റെ ഭാര്യ മിഷാൽ ഹെർസോഗുമായി രാജപത്നിയും ബഹ്റൈൻ വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ ചർച്ച നടത്തി. വനിതകളുടെ ഉന്നമനത്തിനും വളർച്ചക്കും പുരോഗതിക്കുമായി വനിതാ സുപ്രീം കൗൺസിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് മിഷേൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.