മഴക്കെടുതി; ഉദ്യോഗസ്ഥസംഘം വിലയിരുത്തൽ തുടങ്ങി
text_fieldsമനാമ: കനത്ത മഴയും മഴവെള്ളവും മൂലം രാജ്യത്തുടനീളം വീടുകൾക്കുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തൽ തുടങ്ങി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ നിർദേശം നൽകിയപ്രകാരമാണ് സന്ദർശനം.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായിരുന്നു. നാശം നേരിട്ട എല്ലാവർക്കും നഷ്ടപരിഹാരം നൽകുമെന്ന് കിരീടാവകാശി പ്രഖ്യാപിച്ചിരുന്നു. ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയും ഇതുസംബന്ധിച്ച നിർദേശം നൽകിയിരുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സമഗ്ര റിപ്പോർട്ട് നൽകും. സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ ഏകോപനത്തോടെ തുടർനടപടികളെടുക്കും. ജനങ്ങൾക്ക് മഴവെള്ളം കെട്ടിക്കിടക്കുന്നതും നാശനഷ്ടവും സംബന്ധിച്ച് Aljunobya ആപ് വഴി റിപ്പോർട്ട് ചെയ്യാം.
മുഹറഖ് ഗവർണർ സ്ഥലങ്ങൾ സന്ദർശിച്ചു
മനാമ: മുഹറഖ് ഗവർണർ സൽമാൻ ബിൻ ഈസ ബിൻ ഹിന്ദി അൽ മന്നാഇ മഴക്കെടുതിക്കിരയായ മുഹറഖിലെ വിവിധ പ്രദേശങ്ങളിലെ വീടുകളും കെട്ടിടങ്ങളും സന്ദർശിച്ചു. വിവിധ സർക്കാർ അതോറിറ്റികൾ, പ്രാദേശിക എം.പിമാർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ പൊതുജനങ്ങൾക്കാവശ്യമായ സഹായഹസ്തങ്ങൾ ചെയ്തു കൊടുക്കാൻ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അന്നആർ, മുനിസിപ്പൽ ഡയറക്ടർ ഖാലിദ് അലി അൽ ഖല്ലാഫ് എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ദക്ഷിണ മേഖല ഗവർണർ മഴക്കെടുതി വിലയിരുത്തി
മനാമ: ദക്ഷിണ മേഖല ഗവർണർ ശൈഖ് ഖലീഫ ബിൻ അലി ആൽ ഖലീഫ മഴക്കെടുതിക്കിരയായ പ്രദേശങ്ങളും വീടുകളും കെട്ടിടങ്ങളും സന്ദർശിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ജനങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനും ഉചിത നഷ്ടപരിഹാരം നിർദേശിക്കുന്നതിനും ഗവർണർ നേരിട്ടെത്തിയത്. വിവിധ സർക്കാർ അതോറിറ്റികൾ, പ്രാദേശിക എം.പിമാർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ ജനങ്ങൾക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുന്നതിന് സന്നദ്ധമാണെന്നും ഗവർണർ വ്യക്തമാക്കി. ഉപ ഗവർണർ ബ്രിഗേഡിയർ ഹമദ് മുഹമ്മദ് അൽ ഖയ്യാത്, വിവിധ ഉദ്യോഗസ്ഥർ, എൻജിനീയർമാർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
ഉത്തര മേഖല ഗവർണറേറ്റ് പ്രത്യേക സംഘത്തെ നിയോഗിക്കും
മനാമ: ഉത്തരമേഖല ഗവർണറേറ്റ് പരിധിയിലെ മഴക്കെടുതി വിലയിരുത്തി നഷ്ടപരിഹാരം കണക്കാക്കുന്നതിന് പ്രത്യേക ടീമിനെ ചുമതലപ്പെടുത്താൻ കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ഗവർണർ അലി ബിൻ അശ്ശൈഖ് അബ്ദുൽ ഹുസൈൻ അൽ അസ്ഫൂറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മഴക്കെടുതിമൂലമുണ്ടായ നാശനഷ്ടം വിലയിരുത്തുന്നതിനും അതിനനുസരിച്ച് നഷ്ടപരിഹാരം നൽകുന്നതിനുമുള്ള പദ്ധതികൾ ചർച്ച ചെയ്തു. കഴിഞ്ഞ ദിവസം ഗവർണറും സംഘവും വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും മഴക്കെടുതി മൂലമുണ്ടായ നാശം കാണുകയും ചെയ്തിരുന്നു. നാശനഷ്ടങ്ങളുടെ യഥാർഥ ചിത്രം ലഭിക്കുന്നതിനും ഉചിത നഷ്ടപരിഹാരം നിർദേശിക്കുന്നതിനും പ്രത്യേക സാങ്കേതിക കമ്മിറ്റി വേണമെന്ന നിർദേശത്തിന് അംഗീകാരമായി. വിവിധ സർക്കാർ അതോറിറ്റികൾ, പ്രാദേശിക എം.പിമാർ, മുനിസിപ്പൽ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ സഹകരണത്തോടെ ജനങ്ങൾക്കാവശ്യമായ സഹായം ചെയ്തു കൊടുക്കുന്നതിനുള്ള സാധ്യതകളും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.