ഇനി ആകാശവിസ്മയക്കാലം; എയർഷോ നാളെമുതൽ
text_fieldsമനാമ: നാളെമുതൽ ബഹ്റൈനിന്റെ ആകാശം വ്യോമാഭ്യാസത്തിന്റെ മാസ്മരിക വലയത്തിലാകും. 125 ലധികം വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനമാണ് 13 മുതൽ 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയിലുണ്ടാവുക.
ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളൊരുക്കാൻ വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകൾ തങ്ങളുടെ ആധുനിക വിമാനങ്ങളുമായി എത്തിക്കൊണ്ടിരിക്കുകയാണ്. സൗദി ഹോക്സ് വിമാനങ്ങൾ സാഖിർ എയർ ബേസിൽ കഴിഞ്ഞദിവസം ഇറങ്ങി. ലോകപ്രശസ്ത എയറോബാറ്റിക് ഡിസ്പ്ലേ ടീമായ സൗദി ഹോക്സ് റോയൽ സൗദി എയർഫോഴ്സിന്റെ എയറോബാറ്റിക് ഡിസ്പ്ലേ ടീമാണ്.
ഇന്ത്യൻ എയർഫോഴ്സിന്റെ രണ്ട് C-17 കാർഗോ വിമാനങ്ങൾ സാഖിർ എയർബേസിൽ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. ഇന്ത്യൻ എയറോബാറ്റിക് ടീം സാരംഗ് (മയിൽ) ന്റെ നാല് ഹെലികോപ്റ്ററുകൾ ഈ കാർഗോ വിമാനങ്ങളിലുണ്ട്. പാകിസ്താൻ വ്യോമസേനയുടെ വിമാനവും എത്തിയിട്ടുണ്ട്.
ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിൽ, എയ്റോസ്പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടാകും. 11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്.
56 രാജ്യങ്ങളിൽനിന്നുള്ള 223ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. 20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും.
എയർഷോയിൽ പൂർണമായും ബുക്ക് ചെയ്ത ചാലറ്റുകൾ, 60 കമ്പനികളുള്ള എക്സിബിഷൻ ഹാൾ, സ്റ്റാറ്റിക്, ഫ്ലയിങ് ഡിസ് പ്ലേകൾക്കുള്ള ഒരു എയർക്രാഫ്റ്റ് ഡിസ് പ്ലേ ഏരിയ, കുടുംബങ്ങൾക്കായി പ്രത്യേക മേഖല എന്നിവയുണ്ടാകും.
B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ പ്രദർശിപ്പിക്കും. 2010ൽ തുടങ്ങിയ എയർഷോക്ക് 14 വർഷം തികയുകയാണ്. കുട്ടികൾക്കും ചെറുപ്പക്കാർക്കും എയർഷോയിൽ പറക്കുന്ന പൈലറ്റുമാരെ കാണാനുള്ള അവസരങ്ങൾ നൽകും. എൻജിനീയർമാർ, പൈലറ്റുമാർ, ബഹിരാകാശയാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകൾ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കും.
വാണിജ്യ, ബിസിനസ് ജെറ്റുകൾ മുതൽ ചരക്ക്, ചെറുവിമാനങ്ങൾവരെയുള്ള നൂറോളം വിമാനങ്ങൾ സ്റ്റാറ്റിക് ഡിസ് പ്ലേയിൽ ഉണ്ടാകും.16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. മറ്റുള്ളവർക്ക് അഞ്ച് ദീനാറിന് ടിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾ airshow.bh.ൽ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.