പ്രൗഢഗംഭീരമായി ഐ.വൈ.സി.സി പത്താം വാർഷികാഘോഷം
text_fieldsമനാമ: ആത്മാഭിമാനത്തിന്റെ പത്തു വർഷങ്ങൾ എന്ന ആപ്തവാക്യത്തിൽ ഐ.വൈ.സി.സി ബഹ്റൈൻ പത്താമത് വാർഷിക ആഘോഷം പ്രൗഢഗംഭീരമായി ഇന്ത്യൻ ക്ലബിൽ നടന്നു.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. ഐ.വൈ.സി.സിയുടെ പ്രവർത്തനം മാതൃകാപരമാണെന്നും എല്ലാ പ്രതിബന്ധങ്ങളെയും നിസ്വാർഥ പ്രവർത്തനംകൊണ്ട് അതിജീവിച്ച് 10 വർഷം പൂർത്തിയാക്കിയതുതന്നെ അംഗങ്ങളുടെ പ്രവർത്തന മികവുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഫാസിൽ വട്ടോളി അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷഫീർ മുഖ്യ പ്രഭാഷണം നടത്തി. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോയാൽ മാത്രമേ ഇന്ത്യക്ക് നിലനിൽപുള്ളൂവെന്നും മോദിസർക്കാർ ജനങ്ങളെ മതപരമായി ഭിന്നിപ്പിച്ചു ഭരണഘടനയെപ്പോലും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ 10 വർഷത്തെ ചരിത്രം ഉൾക്കൊള്ളിച്ച ലഘുചിത്രം സദസ്സിൽ പ്രദർശിപ്പിച്ചു. സ്ഥാപക നേതാക്കളെയും നാളിതുവരെ സംഘടനയെ നയിച്ച ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു.
ജനപ്രിയ നാടകമായി തിരഞ്ഞെടുത്ത ഐ.വൈ.സി.സിയുടെ ബെഹർ റേഡിയോ ഡ്രാമ ടീമിനുള്ള ആദരവും സമീപകാലത്ത് നടന്ന മത്സരങ്ങളിൽ മികച്ച വിജയം നേടിയ ഐ.വൈ.സി.സി യുടെ വോളിബാൾ ടീമിനുള്ള ആദരവും ചടങ്ങിൽ നൽകി. കെ.എം.സി.സി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ, പത്താം വാർഷിക ആഘോഷ കമ്മിറ്റി കൺവീനർ അനസ് റഹിം, ഐ.ഒ.സി ജനറൽ സെക്രട്ടറി ബഷീർ അമ്പലായി എന്നിവർ സംസാരിച്ചു. സെക്രട്ടറി അലൻ ഐസക് സ്വാഗതവും ട്രഷറർ നിതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.