നാലു പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിടപറഞ്ഞ് സാമുവേൽ ജേക്കബും കുടുംബവും മടങ്ങി
text_fieldsമനാമ: നാലു പതിറ്റാണ്ട് ഒരേ കമ്പനിയിൽ ജോലിചെയ്ത് സാമുവേൽ ജേക്കബും കുടുംബവും ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ച് മെൽബണിൽ താമസിക്കുന്ന മക്കളുടെ അടുത്തേക്ക് മടങ്ങി. 1981ലാണ് ജേക്കബ് ബഹ്റൈനിലെ അൽ ഹിലാൽ കോർപറേഷനിൽ സെയിൽസ്മാനായി ജോലിയിൽ പ്രവേശിച്ചത്.
പിന്നീട് സൂപ്പർവൈസറായും അവസാനം ഹിലാൽ ഡയറക്ട് സർവിസസ് ജനറൽ മാനേജറായാണ് സേവനം അവസാനിപ്പിച്ചത്. നാലുപതിറ്റാണ്ടിന്റെ ബഹ്റൈൻ അനുഭവങ്ങൾ ഓർത്തെടുക്കുമ്പോൾ സാമുവലിന് പറയാനുള്ളത് ഈ സ്നേഹനാടിന്റെ ദീർഘവീക്ഷണമുളള ഭരണാധികാരികളെക്കുറിച്ചാണ്.
പ്രവാസികളോടുള്ള ബഹ്റൈൻ ഭരണാധികാരികളുടെ സ്നേഹവായ്പ് വിവരണാതീതമാണ്. ബഹ്റൈൻ പ്രവാസജീവിതത്തിനിടെ സാമുവേൽ ചർച്ച് ഓഫ് ഫിലഡെൽഫിയയുടെ ബഹ്റൈനിലെ സീനിയർ അസോസിയേറ്റ് പാസ്റ്ററായി സേവനമനുഷ്ഠിച്ചിരുന്നു.
വിവിധ ചാരിറ്റി പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. ബഹ്റൈൻ ഹ്യുമൻ റൈറ്റ്സ് ഫൗണ്ടർ മെംബറും മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിയിലും അംഗമായിരുന്നു. തൃശൂർ പുത്തൻപള്ളി പിള്ളാപള്ളി ജേക്കബാണ് സാമുവേലിന്റെ പിതാവ്. ജോലി ആവശ്യാർഥം പിതാവ് ചെന്നൈയിലായിരുന്നു. സാമുവേൽ പഠിച്ചതും വളർന്നതുമൊക്കെ ചെന്നൈയിലായിരുന്നു. ഭാര്യ ജയസീല 20 വർഷം പാകിസ്താൻ ഉർദു സ്കൂളിൽ സെക്രട്ടറിയായി ജോലിചെയ്തിരുന്നു.
മെൽബെണിൽ താമസിക്കുന്ന മക്കളായ സജയ് സാമുവേലും വിജയ് സാമുവേലും ഇന്ത്യൻ സ്കൂളിലെ പൂർവ വിദ്യാർഥികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.