ജനാബിയയിൽ പോകാം; ഒട്ടകങ്ങളെ കാണാം
text_fieldsമനാമ: ഒട്ടകങ്ങളെയും മരുഭൂമിയിലെ പച്ചപ്പിനെയും തേടുന്നവർക്ക് കണ്ടും അറിഞ്ഞും ആസ്വദിക്കാൻ കഴിയുന്ന സ്ഥലമാണ് ജനാബിയയിലുള്ള ഒട്ടക ഫാമും കൃഷിസ്ഥലവും. ജനാബിയ ഹൈവേയുടെ സമീപത്തായി സ്ഥിതിചെയ്യുന്ന ഫാമിലേക്ക് മുഖ്യകവാടത്തിലൂടെ അകത്തേക്കു പ്രവേശിക്കാം. വിശാലമായ പാർക്കിങ്ങിൽ വാഹനം ഒതുക്കി, നേരെ മുന്നോട്ടുപോയാൽ ഒട്ടകങ്ങളുടെ ആലയാണ് കാണുക.
മനോഹരമായി നിർമിച്ച ആലകളിലും പുറത്തും നിരവധി ഒട്ടകങ്ങളെയും അവയുടെ കുട്ടികളെയും കാണാൻ കഴിയും. ഇവിടെവെച്ച് ഫോട്ടോ എടുക്കാനും അവയെ അടുത്തറിയാനും കഴിയും. രാവിലെ ചെന്നാൽ ഒട്ടകപ്പാൽ രുചിക്കാനുള്ള ഭാഗ്യവും ലഭിക്കാം. കേരളത്തിലെ തെങ്ങിൻതോപ്പുപോലെ നിരന്നു നിൽക്കുന്ന ഈന്തപ്പനകളും പച്ചപ്പാർന്ന കൃഷിസ്ഥലവുമാണ് ഇവിടത്തെ മറ്റൊരാകർഷണം. വിവിധ തരത്തിലുള്ള പച്ചക്കറികളും സാലഡ് ഇലകളുമാണ് ഇവിടെ കൃഷി ചെയ്യുന്നത്. കൃഷിയിടങ്ങളിലൂടെ ചാലുകൾ കീറിയാണ് കൃഷിക്കാവശ്യമായ ജലസേചനം നടത്തുന്നത്. ഇവിടെ നിൽക്കുമ്പോൾ കേരളത്തിലെത്തിയതുപോലുള്ള പ്രതീതിയാണ് നമുക്കനുഭവപ്പെടുന്നത്.
സിഖ് മതവിഭാഗത്തിൽപെട്ടവർ കൂടുതലായും ജോലിനോക്കുന്ന ഇവിടെ അവർക്കുവേണ്ടിയുള്ള ആരാധനാലയവുമുണ്ട്. സന്ദർശകർക്ക് അവരുടെ ആചാരങ്ങളെയും വിശ്വാസങ്ങളെയും മാനിച്ചുകൊണ്ട് ഗുരുദ്വാരയും സന്ദർശിക്കാവുന്നതാണ്. രാവിലെ ഏഴു മുതൽ വൈകീട്ട് അഞ്ചു വരെയാണ് സന്ദർശന സമയം. പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.