അപൂർവ ആഭരണശേഖരവുമായി ജ്വല്ലറി അറേബ്യ 2024 നാളെമുതൽ
text_fieldsമനാമ: ലോകോത്തര ബ്രാൻഡുകളുടെ വൻ ആഭരണശേഖരവുമായി ജ്വല്ലറി അറേബ്യ 2024 അന്താരാഷ്ട്ര ജ്വല്ലറി പ്രദര്‍ശനം ഈ മാസം 26 മുതൽ 30 വരെ ബഹ്റൈന്‍ എക്സിബിഷന് വേള്‍ഡില്‍ നടക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് പ്രദര്‍ശനം. ജ്വല്ലറി അറേബ്യയുടെ ഈ വർഷത്തെ എഡിഷൻ ഗോൾഡ് എക്സിബിറ്റർമാരുടെ എണ്ണത്തിൽ 30% വർധനയുണ്ട്.
ഇന്റർനാഷനൽ ഡിസൈനേഴ്സ് പവലിയനിൽ ആഗോള ഡിസൈനർമാരുടെ സ്റ്റാളുകളുണ്ടാകും. താവിക ജ്വല്ലറി, സനീം ജ്വല്ലറി, ഫെറേറ ജെംസ്, അവിര ഡയമണ്ട്, ഗാർണസെല്ലെ, ഇന ലസറോവ് പാരീസ് തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളെത്തും. എല്ലാ വര്‍ഷവും ജ്വല്ലറി അറേബ്യ പ്രദര്‍ശനത്തോടനുബന്ധിച്ച് സെന്റ് അറേബ്യയും നടത്താനാണ് സംഘാടകരുടെ തീരുമാനം. വൻ ജനാവലിയെയാണ് പ്രദര്‍ശന നഗരിയിൽ പ്രതീക്ഷിക്കുന്നത്. അഞ്ചുദിവസം നീളുന്ന പ്രദര്‍ശനത്തില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. 26 മുതൽ 28 വരെ ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയും 29ന് വൈകീട്ട് 4 മുതൽ രാത്രി 10 വരെയും 30ന് ഉച്ചക്ക് 2 മുതൽ രാത്രി 10 വരെയുമാണ് പ്രവേശനം.
രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതിഫലനമായി പ്രഗല്ഭരായ നിരവധി കലാകാരന്മാരുടെ പങ്കാളിത്തം ഉൾപ്പെടെയുണ്ടാകും. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സമന്വയത്തിന്റെ ആഘോഷമായി ആഭരണങ്ങളുണ്ടാകും. ബിസിനസ് അവസരങ്ങളുടെ ആഗോള ലക്ഷ്യസ്ഥാനമായി രാജ്യത്തിന്റെ സ്ഥാനം ഉയർത്തുന്നതിൽ ജ്വല്ലറി അറേബ്യ പ്രധാന പങ്ക് വഹിക്കുന്നതായി ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒയും എക്സിബിഷൻ വേൾഡ് ബഹ്റൈൻ (ഇ.ഡബ്ല്യു.ബി) ചെയർപേഴ്സണുമായ സാറാ അഹമ്മദ് ബുഹെജി പറഞ്ഞു.
ജ്വല്ലറി അറേബ്യയുടെ 32ാമത് എഡിഷനിൽ നൂറുകണക്കിന് അന്താരാഷ്ട്ര ആഡംബര ബ്രാൻഡുകൾ ഒരു കുടക്കീഴിലെത്തും. ലോകമെമ്പാടുമുള്ള സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഡിസൈനർമാർക്കും കലാകാരന്മാർക്കും അവരുടെ ഉൾക്കാഴ്ചകളും അനുഭവങ്ങളും പങ്കിടാനുള്ള വേദി കൂടിയാകും പ്രദർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.