മൊബിലിറ്റി പ്രകാരം ജോലി മാറാം; ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ
text_fieldsഞാൻ ഒരു കമ്പനിയിൽ ഒരുവർഷം പൂർത്തിയാക്കി. വേറെ ഒരു ജോലിക്ക് ശ്രമിക്കുകയാണ്. മൊബിലിറ്റി പ്രകാരം ജോലി മാറുന്നതിന്റെ നടപടിക്രമങ്ങൾ വിശദമാക്കാമോ. എന്തെല്ലാം കാര്യങ്ങൾ തൊഴിലാളി ചെയ്തിരിക്കണം -മനീഷ്
- ഒരു ജോലിയിൽനിന്നും മറ്റൊരു ജോലിയിലേക്ക് മാറാനുള്ള സൗകര്യമാണ് മൊബിലിറ്റി അഥവാ ലോക്കൽ ട്രാൻസ്ഫർ. തൊഴി ൽ വിസയുടെ കാലാവധി തീരുന്നതിന് കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും മൊബിലിറ്റി പ്രകാരം ജോലി മാറാനുള്ള അപേക്ഷ പുതിയ തൊഴിലുടമ എല്ലാ രേഖകളും സഹിതം സമർപ്പിക്കണം. അതുപോലെ ഇപ്പോൾ ചെയ്യുന്ന ജോലിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും പൂർത്തിയാക്കിയിരിക്കണം. തൊഴിലുടമയുടെ സമ്മതത്തോടെ ഏതു സമയവും ജോലി മാറാവുന്നതാണ്.
മൊബിലിറ്റി പ്രകാരം ജോലി മാറാൻ അപേക്ഷ നൽകേണ്ടത് പുതിയ തൊഴിലുടമയാണ്. താഴെ പറയുന്ന രേഖകൾ അതിനായി സമർപ്പിക്കണം.
1.നിലവിലെ തൊഴിൽ കരാർ റദ്ദുചെയ്ത രേഖകൾ. തൊഴിലുടമക്ക് നിശ്ചിത സമയ പരിധിക്കുമുമ്പേ നോട്ടീസ് അയക്കണം.
2. നിലവിലുള്ള തൊഴിൽ കരാറിന്റെ കോപ്പി. ഇത് നോട്ടീസ് കാലാവധി തെളിയിക്കാൻ വേണ്ടിയാണ്.
3. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുള്ള പാസ്പോർട്ട് കോപ്പി
4. പുതിയ കരാറിന്റെ കോപ്പി
5. ഫാമിലി ഉണ്ടെങ്കിൽ അവരുടെ പാസ്പോർട്ട് + സി.പി. ആർ കോപ്പികൾ
6. മറ്റ് അധികാരികളുടെ അംഗീകാരം വേണ്ടതുണ്ടെങ്കിൽ അതും വെക്കണം.
മൊബിലിറ്റി അപേക്ഷക്ക് അംഗീകാരം ലഭിക്കുന്നതുവരെ നിലവിലുള്ള ജോലിയിൽ തുടരണം. പുതിയ തൊഴിൽ വിസ അംഗീകരിച്ചാൽ പുതിയ തൊഴിലുടമ അതിന്റെ ഫീസ് 30 ദിവസത്തിനകം നൽകണം.
മൊബിലിറ്റി പ്രകാരം ജോലി മാറുന്നതും ഇന്റൻഷൻ ടു ട്രാൻസ്ഫർ എന്നതും രണ്ട് കാര്യങ്ങളാണ്. ഇതിനും മൊബിലിറ്റിയെന്ന് പറയാറുണ്ട്. ഇതിനുള്ള അപേക്ഷ ഒരു വർഷം കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും തൊഴിലാളിക്ക് എൽ.എം.ആർ.എയിൽ നൽകാൻ സാധിക്കും. നേരിട്ടോ ഓൺലൈനിലോ എൽ.എം.ആർ.എ ഓഫിസിൽ ഇത് നൽകാം. പാസ്പോർട്ടിന്റെയും സി.പി.ആറിന്റെയും കോപ്പികൾ നൽകിയാൽ മതി. തൊഴിൽ വിസ തീരുമ്പോൾ ഇപ്പോഴുള്ള തൊഴിലുടമക്ക് അത് പുതുക്കാൻ കഴിയുകയില്ല എന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം. അതുപോലെ ഒരു സി. ആറിൽനിന്നും മറ്റൊരു സി. ആറിലേക്ക് ഇപ്പോഴത്തെ തൊഴിലുടമക്ക് തൊഴിൽ വിസ മാറ്റാൻ സാധിക്കുകയില്ല. തൊഴിൽ വിസ തീരുന്ന സമയത്ത് പുതിയ തൊഴിൽ വിസയിലേക്ക് മാറാൻ സാധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.