പ്രവാസികളെ ദ്രോഹിച്ച സർക്കാറിനെതിരെയുള്ള വിധിയെഴുത്ത്
text_fieldsപ്രവാസികളായ മലയാളികളെ രണ്ടാംതരം പൗരന്മാരായി കണ്ട് അവരെ ദ്രോഹിച്ച സർക്കാറിനോട് പകരം ചോദിക്കാനുള്ള അസുലഭ സന്ദർഭമായിട്ടാണ് നിയമസഭ തെരെഞ്ഞെടുപ്പിനെ പ്രവാസികൾ കാണുന്നത്. കോവിഡ് മഹാമാരിയുടെ വിറങ്ങലിക്കുന്ന കാലഘട്ടത്തിൽ ഒറ്റപ്പെട്ടുപോയ പ്രവാസികളെ സഹായിക്കുന്നതിന് പകരം ദ്രോഹിക്കുന്ന നിലപാടുമായി മുന്നോട്ടുനീങ്ങിയ സർക്കാറിന് തങ്ങളുടെ സമ്മതിദാന അവകാശത്തിലൂടെ തക്കതായ താക്കീത് നൽകാൻ കാത്തിരിക്കുകയാണ് പ്രവാസികളും അവരുടെ കുടുംബങ്ങളും.
മഹാമാരിയുടെ കാലഘട്ടത്തിൽ ജോലിയും വിസയും നഷ്ടപ്പെട്ട്, കച്ചവടം ഇല്ലാതായി കടക്കെണിയിലായ ആയിരക്കണക്കിന് പ്രവാസികൾ നാട്ടിലും വിദേശത്തുമായി കഴിയുേമ്പാൾ അവരെ സഹായിക്കാൻ ചെറുവിരൽ അനക്കാത്ത സർക്കാറിനെതിരെയുള്ള രോഷം ബാലറ്റിലൂടെ അവർ പ്രകടിപ്പിക്കും. മഹാമാരിയുടെ കാലത്ത് നോർക്ക പോലും നോക്കുത്തിയായ കാഴ്ച പ്രവാസികൾ വിഷമത്തോടെയാണ് ഒാർക്കുന്നത്. കെ.എം.സി.സിയും മറ്റു സാംസ്കാരിക സംഘടനകളും വിവിധ രാജ്യങ്ങളിൽനിന്നായി നൂറുകണക്കിന് വിമാനങ്ങൾ ചാർട്ടർ ചെയ്തപ്പോൾ ഒരു വിമാനം പോലും ചാർട്ടർ ചെയ്യാൻ നോർക്കക്ക് സാധിച്ചില്ല. എല്ലാവരുടെയും സമ്മർദ ഫലമായി 5000 രൂപ നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്ക് കൊടുക്കുമെന്ന് പറഞ്ഞെങ്കിലും രജിസ്റ്റർ ചെയ്ത മുഴുവൻ പേർക്കും കൊടുക്കാൻ സാധിച്ചിട്ടില്ല എന്നത് വളരെ വേദനജനകമാണ്.
ഈ ദുരിതകാലത്ത് പ്രവാസികൾക്ക് പല വാഗ്ദാനങ്ങളും നൽകിയെങ്കിലും അതൊന്നും പ്രാവർത്തികമാക്കിയില്ല. മാത്രമല്ല, പ്രവാസികളെ ദ്രോഹിക്കുന്നതിനും നിന്ദിക്കുന്നതിനും വേണ്ടി നിയമങ്ങൾ പോലുമുണ്ടാക്കി. ഈ കരിനിയമങ്ങൾ മാറ്റുന്നതിനുവേണ്ടി പ്രവാസികൾക്ക് സമരരംഗത്ത് ഇറങ്ങേണ്ടിവന്നു. സമരം ചെയ്ത പല പ്രവാസികളുടെയും പേരിൽ ഇന്നും കേസ് നിലനിൽക്കുകയാണ്. എന്നിട്ടും ഒരു തുടർഭരണം സ്വപ്നം കാണുന്ന മുഖ്യമന്ത്രിയും പരിവാരങ്ങളും ഇനി ഭരണത്തിെൻറ ഏഴയലത്ത് വരില്ലെന്ന് ഉറപ്പാണ്. ഐശ്വര്യ സമ്പൂർണമായ ഒരു കേരളം കെട്ടിപ്പടുക്കാൻ അവർ യു.ഡി.എഫിനെ ഭരണം ഏൽപിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
തുടർഭരണത്തിെൻറ അപകടം
തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം കമ്പോളവില കുത്തനെ ഉയരുന്ന ഉരുപ്പടിയാണ് പൊതുജനം. കൈയാലപ്പുറത്തെ തേങ്ങ പോലെ വോട്ടെടുപ്പ് വരുമ്പോൾ പദവി മോഹിച്ച് എങ്ങോട്ടേക്കും ചായാം എന്നു കരുതുന്നവരുടെ കാലമാണിത്. ആദർശ രാഷ്ട്രീയം തിരസ്കരിക്കപ്പെടുക വഴി കേരളത്തിലെ രാഷ്ട്രീയ അന്തരീക്ഷം മലീമസമായിക്കൊണ്ടിരിക്കുന്നു. അധികാരത്തിനുവേണ്ടി എന്ത് നെറികേട് വേണമെങ്കിലും കാണിക്കാം എന്ന അവസ്ഥയിലേക്ക് ഇടതുപക്ഷം പോലും എത്തിച്ചേർന്നിരിക്കുന്നു.
ഇതൊക്കെ കാണുമ്പോൾ പ്രവാസികൾക്ക് ഇന്നത്തെ ഈ കോലാഹലങ്ങളോട് മടുപ്പുതോന്നുക സ്വാഭാവികമാണ്. അതേസമയം, ജനാധിപത്യ സമൂഹത്തിൽ നിലകൊള്ളുന്നവരെന്ന നിലയിൽ രാഷ്ട്രീയം ആവശ്യം തന്നെയാണ്. അതുകൊണ്ട് തന്നെ അരാഷ്ട്രീയ ചിന്ത ഒഴിവാക്കി പ്രസാദാത്മകമായ ഒരു രാഷ്ട്രീയ വീണ്ടെടുപ്പ് ഉണ്ടാകും എന്ന് തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടത്. പ്രതീക്ഷകൾ തന്നെയാണല്ലോ പ്രവാസിക്ക് എന്നും കൈമുതലായിട്ടുള്ളത്. ഒന്നോ രണ്ടോ വർഷത്തെ പ്രവാസ ജീവിതം ആഗ്രഹിച്ച് ഇവിടെ എത്തിയിട്ട് പത്തിരുപത് വർഷം കഴിഞ്ഞിട്ടും തിരിച്ചു പോകാനാവാത്തതും ഈ ഒരു 'പ്രതീക്ഷ' കാരണം തന്നെയായിരിക്കണം!
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ ഭരണത്തിലേറാൻ ഏറെ സഹായിച്ചത് 'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്ന പ്രചാരണം തന്നെയായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണകാലത്ത് ഇടതുപക്ഷത്തുനിന്ന് പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിനുവേണ്ടി വർഗീയ കാർഡിറക്കിയും സങ്കുചിത രാഷ്ട്രീയം കളിച്ചും എങ്ങനെയെങ്കിലും അധികാരം കൈക്കലാക്കുക എന്ന ചിന്തയുള്ളവരായി നേതാക്കൾ മാറി. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അത് പരിഹരിക്കാൻ മാർക്സിസത്തിെൻറ പ്രത്യയശാസ്ത്രങ്ങൾ ഉപയോഗിക്കുകയും ചെയ്യുക എന്നതാണ് യഥാർഥ കമ്യൂണിസ്റ്റുകാരെൻറ ഉത്തരവാദിത്തം.
കഴിഞ്ഞ അഞ്ചുവർഷവും ഏതോ 'ഒരജ്ഞാത ശക്തി' ഡമോക്ലീസിെൻറ വാളുപോലെ പോലെ പിണറായി ഭരണത്തിെൻറ മുകളിൽ തൂങ്ങിക്കിടപ്പുണ്ടായിരുന്നുവെന്ന് തന്നെയാണ് അനുമാനിക്കേണ്ടത്. തുടർ ഭരണത്തിന് ഇടതുമുന്നണി കോപ്പുകൂട്ടുന്ന സമയത്ത് തന്നെയാണ് സി.പി.എം-ബി.ജെ.പി ഒത്തുകളിയെ കുറിച്ചുള്ള വെളിപ്പെടുത്തലും എന്നത് യാദൃച്ഛികമാകാൻ ഇടയില്ല. അതുകൊണ്ടുതന്നെ ഇനിയും ഇടതുപക്ഷത്തിന് ഭരണം കിട്ടുകയെന്നാൽ കേരളം കൂടുതൽ അരാജകത്വത്തിലേക്ക് നീങ്ങും എന്നുതന്നെയാണ് അർഥമാക്കേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.