രോഗവും കഷ്ടപ്പാടും തളർത്തിയ ജസ്റ്റിൻ രാജ് സഹായം തേടുന്നു
text_fieldsമനാമ: തിരുവനന്തപുരം പാറശ്ശാല കുറച്ചിപൈഞ്ഞി ജസ്റ്റിൻ രാജ് (40) ബഹ്റൈൻ പ്രവാസികളുടെ സഹായം തേടുന്നു. നാലര വർഷം മുമ്പ് ബഹ്റൈനിലെത്തിയ ജസ്റ്റിൻ ചെറിയ കൺസ്ട്രക്ഷൻ ജോലികൾ ചെയ്തുവരുകയായിരുന്നു.
കടുത്ത തലവേദനയും വിട്ടുമാറാത്ത പനിയും ബാധിച്ചാണ് ആശുപത്രിയിൽ ചികിത്സതേടിയത്. വിശദമായ പരിശോധനക്കൊടുവിൽ സൽമാനിയ മെഡിക്കൽ സെന്ററിൽനിന്ന് ജസ്റ്റിന് ടി.ബിയാണന്ന് സ്ഥിരീകരിച്ചു.
തുടർന്ന് ഇദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.
കൂടാതെ രക്തം തലയിൽ കട്ടപിടിച്ചതുമൂലം സർജറിയും ചെയ്യേണ്ടിവന്നു. അതിനുശേഷം ഇപ്പോൾ വെന്റിലേറ്ററിലാണ്. നാട്ടിൽ രണ്ട് മക്കളും ഭാര്യയും ഭാര്യാമാതാവുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് ജസ്റ്റിൻ.
ഫ്ലക്സി വിസയിൽ കഴിയുന്നത് കൊണ്ടുതന്നെ കൃത്യമായ ജോലി ജസ്റ്റിന് ഇല്ലായിരുന്നു. മാസത്തിൽ നാട്ടിലേക്കയക്കുന്ന തുച്ഛമായ വരുമാനത്തിൽനിന്നാണ് കുടുംബം കഴിഞ്ഞിരുന്നത്.
കൂടാതെ മക്കളുടെ പഠനത്തിനും മറ്റുമായി എടുത്ത ബാങ്ക് വായ്പയുമുണ്ട്. ഭാര്യയുടെ കുടുംബ സ്വത്തായി ലഭിച്ച ഭൂമിയിൽ ചെറിയ കൂരമാത്രമാണ് ജസ്റ്റിനുള്ളത്.
മക്കളുടെ പഠനവും വീടും ഒക്കെ പ്രതീക്ഷവെച്ച് ജോലിചെയ്തുകൊണ്ടിരിക്കെയാണ് അസുഖം പിടികൂടുന്നത്.
ഈയൊരവസ്ഥയിൽ ജസ്റ്റിനും കുടുംബവും ബഹ്റൈൻ പ്രവാസി സമൂഹത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ്. കൂടതൽ വിവരങ്ങൾക്ക് ഷാജി 36621954, സാബു 3459905, സിബിൻ സലീം 33401786 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.