‘കണ്ണൂർ വിമാനത്താവള അവഗണനക്കെതിരെ ജനകീയ ഐക്യനിര ഉയരണം’
text_fieldsമനാമ: ഉത്തര മലബാറിന്റെ യാത്രാദുരിതങ്ങൾക്ക് അറുതിവരുത്തി വികസന സ്വപ്നങ്ങൾക്ക് ചിറകു നൽകിയ കണ്ണൂർ വിമാനത്താവളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണനക്കെതിരെ ജനകീയ ഐക്യനിര ഉയരണമെന്ന് പ്രവാസി വെൽഫെയർ സംഘടിപ്പിച്ച പ്രവാസി ബഹുജന സംഗമം അഭിപ്രായപ്പെട്ടു. യാത്രാസൗകര്യമെന്നതിലുപരിയായി ഉത്തര മലബാറിന്റെ വികസനത്തിന് വലിയ സംഭാവന നൽകിയ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് വിദേശ വിമാനങ്ങൾക്ക് സർവിസുകൾ അനുവദിക്കണമെന്ന് പ്രവാസി സംഗമം ഉദ്ഘാടനം ചെയ്ത പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ പറഞ്ഞു.
അതോടൊപ്പം ഏതൊരു സാധാരണ പ്രവാസിക്കും ആശ്രയിക്കാൻ കഴിയുന്ന തലത്തിൽ വിമാനക്കൂലി നിയന്ത്രിക്കാനും ഉത്തരവാദപ്പെട്ടവർ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദേശ വിമാന സർവിസുകൾക്ക് അനുമതി നൽകേണ്ട പോയന്റ് ഓഫ് കാൾ നേടിയെടുക്കാൻ രാഷ്ട്രീയമായും നിയമപരമായും തയാറാകണമെന്ന് വിമാനത്താവളത്തിന്റെ നാൾവഴികൾ വിശദമാക്കി സംസാരിച്ച സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് പറഞ്ഞു. വടക്കൻ ഭാഗത്തോടുള്ള കേരളത്തിന്റെ കാലങ്ങളായുള്ള അവഗണനയുടെ മറ്റൊരു പതിപ്പാണ് ഇന്ത്യയുടെ തെക്കുഭാഗത്തുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നതെന്ന് മാധ്യമപ്രവർത്തകനായ രാജീവ് വെള്ളിക്കോത്ത് അഭിപ്രായപ്പെട്ടു.
കൂട്ടായ പരിശ്രമത്തിലൂടെ കേന്ദ്രത്തിൽ സമ്മർദം ചെലുത്താൻ എല്ലാവരും ഒന്നിക്കണമെന്ന് സാമൂഹിക പ്രവർത്തകൻ അൻവർ കണ്ണൂർ പറഞ്ഞു. എല്ലാം സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമാണ് കണ്ണൂർ വിമാനത്താവളത്തോടുള്ള അവഗണനയെന്ന് സാമൂഹിക പ്രവർത്തകൻ രാമത്ത് ഹരിദാസ് അഭിപ്രായപ്പെട്ടു. അവഗണനക്കെതിരെ കൂട്ടായ ജനകീയ ഇടപെടലുകളും നിയമ പോരാട്ടവും തുടങ്ങണമെന്ന് തുടർന്ന് സംസാരിച്ച സാമൂഹിക പ്രവർത്തകൻ മനോജ് വടകര അഭിപ്രായപ്പെട്ടു. വ്യത്യസ്ത വിഷയങ്ങൾ ഉന്നയിക്കുന്നതിലുപരി വിമാനത്താവളം നിലനിർത്തുക എന്നതിൽ ഫോക്കസ് ചെയ്യുകയാണ് വേണ്ടതെന്ന് എം.എം. സുബൈർ അഭിപ്രായപ്പെട്ടു. സാമൂഹിക പ്രവർത്തകരായ അജിത്ത് കുമാർ കണ്ണൂർ, രജീഷ് ഒഞ്ചിയം, സി.എം. മുഹമ്മദലി, ജയരാജ് വടകര, റഷീദ് മാഹി, സജിത്ത് ഒഞ്ചിയം, സാജു രാം, യൂനുസ് സലീം, മൊയ്തു കണ്ണൂർ എന്നിവർ സംസാരിച്ചു.
ഉത്തര മലബാറിന്റെ വികസനത്തിനും ജനങ്ങളുടെ യാത്രാദുരിതം അവസാനിപ്പിക്കാനും സഹായകരമായ കണ്ണൂർ വിമാനത്താവളം നിലനിർത്താൻ കക്ഷിരാഷ്ട്രീയങ്ങൾക്ക് അതീതമായി വിശാലമായ പ്രവാസി ജനകീയ കൂട്ടായ്മ രൂപപ്പെടുത്താൻ സംഗമത്തിൽ പങ്കെടുത്തവർ തീരുമാനിച്ചു. മാധ്യമപ്രവർത്തകൻ സിറാജ് പള്ളിക്കര നിയന്ത്രിച്ച സംഗമത്തിൽ മജീദ് തണൽ സ്വാഗതവും ഇർഷാദ് കോട്ടയം നന്ദിയും പറഞ്ഞു. പ്രവാസി വെൽഫെയർ മനാമ സോണൽ പ്രസിഡന്റ് അബ്ദുല്ല കുറ്റ്യാടി, ജനറൽ സെക്രട്ടറി റാഷിദ് കോട്ടക്കൽ, അനിൽ വി. ആറ്റിങ്ങൽ, ജാഫർ പി, ലത്തീഫ് കടമേരി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.