കാവാലം സ്മൃതിയിൽ ‘അവനവൻ കടമ്പ’ നാടകം അവതരിപ്പിച്ചു
text_fieldsമനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഒാഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ കാവാലം നാരായണപണിക്കർ അനുസ്മരണവും ‘അവനവൻ കടമ്പ’ നാടകവും അവതരിപ്പിച്ചു. സമാജം ഹാളിൽ നടന്ന നാടകം കാവാലത്തിെൻറ ശിഷ്യനും നടനുമായ ബിജു സോപാനം ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമാജം സെക്രട്ടറി എൻ.കെ. വീരമണി, കലാവിഭാഗം സെക്രട്ടറി ശിവകുമാർ കൊല്ലറോത്ത്, ഡ്രാമ സ്കൂൾ കൺവീനർ അനിൽ സോപാനം എന്നിവർ സംസാരിച്ചു.
കണ്ടുശീലിച്ച നാടകാസ്വാദനത്തിന് പുതിയ കാഴ്ച വിരുന്നൊരുക്കിയ വ്യക്തിയാണ് കാവാലമെന്ന് ബിജു സോപാനം പറഞ്ഞു. തനത് നാടകപ്രസ്ഥാനം അന്നുവരെ കണ്ടിരുന്ന എല്ലാ നാടക സേങ്കതങ്ങളെയും മാറ്റിയെഴുതിയെന്നും ബിജു അഭിപ്രായപ്പെട്ടു.‘കറുകറെ’ എന്ന കവിതയുടെ ദൃശ്യാവിഷ്കാരത്തോടെയാണ് പരിപാടികൾ തുടങ്ങിയത്. ‘അവനവൻ കടമ്പ’ നാടകം ആസ്വാദകർക്ക് പുത്തൻ അനുഭവമായി. ആട്ടവും പാട്ടുമായി നടക്കുന്ന ഒരു വിഭാഗം ഗ്രാമീണരുടെ കഥയാണ് നാടകം.
‘പാട്ട് പരിഷ’യായി ശിവകുമാർ കുളത്തൂപ്പുഴയും ‘ആട്ട പണ്ടാര’മായി ശ്രീജിത് ഫാറൂഖും, ‘ഇരട്ടകണ്ണൻ പക്കി’യായി സജി കുടശ്ശനാടും, ‘ചിത്തിര പെണ്ണായി’ രാഖി രാകേഷും, ‘കാര്യസ്ഥനായി’ വിനോദ് നാരായണനും മികച്ച നിലവാരം പുലർത്തി.സംഭാഷണങ്ങൾക്കൊപ്പം പാട്ടുപാടി അഭിനയിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന രീതിയിലാണ് നാടകം ആവിഷ്കരിച്ചത്. ഷിജിത്, അനീഷ് ഗൗരി, പ്രേംജി, നിസാൻ ആൻറണി, ബിനോജ്, മനോജ് സദ്ഗമയ, അനു കോഴിഞ്ചേരി, സജീഷ് തീക്കുനി, അശോകൻ, ജിബിൻ ആൻറണി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
അണിയറയിൽ ഹരീഷ് മേനോൻ, സന്തോഷ് കൈലാസ്, ശ്രീഹരി ചെറുതാഴം, മനു മോഹൻ, കണ്ണൻ മുഹറഖ്, ജിതേഷ് വേളം, രാജീവ് വെള്ളിക്കോത്ത്, സജീവൻ കണ്ണപുരം, അനഘ രാജീവ്, രാധാകൃഷ്ണൻ, സ്മിത, ദിനേശ് മാവൂർ, രാഗേഷ്, ടോണി പെരുമാനൂർ, അനീഷ് റോൺ എന്നിവർ പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.