കെ.സി.എ സുവർണ ജൂബിലി; ആഘോഷം രണ്ടുമാസം
text_fieldsമനാമ: ബഹ്റൈനിലെ സാംസ്കാരിക സംഘടനയായ കേരള കാത്തലിക് അസോസിയേഷന്റെ സുവർണ ജൂബിലിയുടെ ഭാഗമായി രണ്ടുമാസം നീളുന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി ജനുവരി 21ന് ഓൺലൈൻ ചിത്രരചന മത്സരം ഒരുക്കും. ജനുവരി 28ന് മെഡിക്കൽ ക്യാമ്പും ഫെബ്രുവരി നാലിന് രക്തദാന ക്യാമ്പും സംഘടിപ്പിക്കും. കേരളത്തിലെ നിർധനരായ കുടുംബത്തിന് വീടും നിർമിച്ച് നൽകും. സുവർണ ജൂബിലി ഭാഗമായി ബഹ്റൈനിലെ ഡിസേബ്ൾഡ് സൊസൈറ്റിക്ക് 25 വീൽ ചെയറുകൾ നൽകിയിരുന്നു. നവംബറിൽ ആരംഭിച്ച കെ.സി.എ ഗ്രാൻഡ്മാസ്റ്റർ ഇന്റർനാഷനൽ ഓൺലൈൻ ക്വിസ് മത്സരത്തിന് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചത്. ക്വിസ് മത്സരത്തിന്റെ ഫൈനൽ മാർച്ചിൽ നടക്കും.
ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ഫെബ്രുവരി 11ന് സോഫിടെൽ ഹോട്ടലിൽ ചാരിറ്റി ബാങ്ക്വറ്റ് സംഘടിപ്പിക്കും. ഫെബ്രുവരി 25ന് നടക്കുന്ന ഗോൾഡൻ ജൂബിലി ഗ്രാൻഡ് ഫിനാലെയിൽ കേന്ദ്ര സംസ്ഥാന മന്ത്രിമാരും ബഹ്റൈൻ സർക്കാർ പ്രതിനിധികളും സാമൂഹിക, സാംസ്കാരിക, കായിക മണ്ഡലങ്ങളിലെ പ്രമുഖരും മത മേലധ്യക്ഷന്മാരും അതിഥികളായി പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഫിനാലെയിൽ ബഹ്റൈൻ പ്രവാസ ഭൂമികയിൽ സമഗ്ര സംഭാവന നൽകിയ പ്രമുഖ വ്യക്തികളെ ആദരിക്കും.
ഗോൾഡൻ ഗ്ലിംപ്സസ് ഓഫ് കെ.സി.എ എന്ന പേരിൽ കെ.സി.എയുടെ ചരിത്രവും ഡയറക്ടറിയും സുവനീറും പ്രകാശനം ചെയ്യും. എബ്രഹാം ജോൺ ചെയർമാനായ കെ.സി.എ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളും കോർ കമ്മിറ്റിയും കെ.സി.എ അംഗങ്ങളും അടങ്ങിയ ഗോൾഡൻ ജൂബിലി സംഘാടക സമിതിയാണ് ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ആക്ടിങ് പ്രസിഡന്റ് ജോഷി വിതയത്തിൽ, ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി, ട്രഷറർ അശോക് മാത്യു, സുവർണ ജൂബിലി കമ്മിറ്റി ചെയർമാൻ എബ്രഹാം ജോൺ, കോർ ഗ്രൂപ് ചെയർമാൻ സേവി മാത്തുണ്ണി, മുൻ പ്രസിഡന്റും രക്ഷാധികാരിയുമായ വർഗീസ് കാരക്കൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.