കെ.സി.എഫ് അന്താരാഷ്ട്ര മീലാദ് സമ്മേളനം നാളെ
text_fieldsമനാമ: നബിദിനത്തിന്റെ ഭാഗമായി ‘മുഹമ്മദ് നബി (സ) മാനവികതയുടെ മാർഗദർശി’ എന്ന പ്രമേയത്തിൽ കർണാടക കൾചറൽ ഫൗണ്ടേഷൻ (കെ.സി.എഫ്) ബഹ്റൈൻ കമ്മിറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര മീലാദ് സമ്മേളനം വെള്ളിയാഴ്ച വൈകുന്നേരം 7.30 മുതൽ മനാമയിലെ കന്നഡഭവൻ ഓഡിറ്റോറിയത്തിൽ നടക്കും.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഗത്ഭർ സംസാരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തും. മംഗളൂരു യേനപ്പോയ ഡീംഡ് യൂനിവേഴ്സിറ്റി ചാൻസലർ ഡോ. യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി മുഖ്യാതിഥിയായിരിക്കും.
അൽ ഹിലാൽ ഹോസ്പിറ്റൽ ഗ്രൂപ് എം.ഡി അബ്ദുൽ ലത്തീഫ്, സ്റ്റേറ്റ് അലൈഡ് ആൻഡ് ഹെൽത്ത് കെയർ ചെയർമാൻ ഡോ. ഇഫ്തികാർ ഫരീദ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കുടുംബ സമേതം മീലാദ് സമ്മേളനം വീക്ഷിക്കാൻ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കെ.സി.എഫ്, ഐ.സി.എഫ്, ആർ.എസ്.സി തുടങ്ങി വിവിധ സംഘടനാ സ്ഥാപന കമ്മിറ്റി നേതാക്കളും പ്രവർത്തകരും പരിപാടിയിൽ അണിനിരക്കും.
63 ദിവസം നീളുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി മൗലിദ് ജൽസ, സ്നേഹ സംഗമം, ഫ്ലാറ്റ് മൗലിദ്, പുസ്തക പരിചയം, ഇശൽ വിരുന്ന് തുടങ്ങി വിവിധ പരിപാടികൾ നടക്കും.
വർഷങ്ങളായി പ്രവാസലോകത്ത് വ്യവസ്ഥാപിതമായ സംഘടനാ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായ കെ.സി.എഫ് വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലും സജീവമാണ്.
ഇഹ്സാൻ പദ്ധതിയുടെ പദ്ധതിയുടെ ഭാഗമായി നിരവധി നിർധരരായ വിദ്യാർഥികൾക്ക് പഠനാവസരങ്ങൾ ഒരുക്കുകയും മികച്ച കരിയർ കെട്ടിപ്പടുക്കാൻ ആവശ്യമായ സഹായങ്ങൾ ചെയ്തുവരുകയും ചെയ്യുന്നുണ്ട്. ‘ദാറുൽ അമാന’ ഭവന നിർമാണ പദ്ധതിയിലൂടെ നിരവധി കുടുബങ്ങൾക്ക് വീടുകൾ നിർമിച്ചുനൽകുകയും ചെയ്തിട്ടുണ്ട്.
ഭാരവാഹികളായ ഹാരിസ് സാമ്പ്യ, ജമാലുദ്ദീൻ വിട്ടൽ, തൗഫീഖ്, ശിഹാബ് പരപ്പ,അഷ്റഫ് കിനിയ, മജീദ് പൈമ്പച്ചാൽ, ഇഖ്ബാൽ മഞ്ഞനാടി,ഹനീഫ് മുസ്ലിയാർ, ലത്തീഫ് പേരോളി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.