ജാഗ്രതയും മതേതര ഇടപെടലുകളും ഇല്ലെങ്കിൽ കേരളവും നാളെ അയോധ്യയാകും -രാവുണ്ണി
text_fieldsമനാമ: ജാഗ്രതയും മതേതര ഇടപെടലുകളും ഇല്ലെങ്കിൽ കേരളവും നാളെ അയോധ്യയാകുമെന്ന് കവി രാവുണ്ണി. പ്രതിഭയിൽ നൽകിയ സ്വീകരണം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. നമുക്ക് അയോധ്യ വിദൂരമായ പേരാണ്.
നിരവധി തവണ ഇടതുപക്ഷത്തിൽനിന്നും സ്വന്തം പാർലമെന്റംഗത്തെ തിരഞ്ഞെടുത്തയച്ച പ്രദേശമാണത്. എന്നാൽ ഇന്നത് നിന്റെ മതം ജാതി ഏത് എന്ന് അന്യനൊരുവനോട് ഉറക്കെ ചോദിക്കുന്ന സ്ഥലമായി മാറിയിരിക്കുന്നു. എഴുത്തുകാരുടെ ഉത്തരവാദിത്തം ഒരു കവിത അച്ചടിച്ച് കണ്ട് സമാധാനപ്പെട്ട് ഇരിക്കുകയല്ല.
കലാകാരന്മാരുടെ ഉത്തരവാദിത്തം അത് കേൾക്കുന്ന ഓരോ ചെവികളിലും മാറി മാറി പറയലാണ്. ഏതെങ്കിലും തിയറ്ററിൽ നാടകം കളിച്ചു പിരിയുകയല്ല നാം വേണ്ടത്. നാടകവും കവിതയും ഓരോ വീട്ടുമുറ്റത്തും അടുക്കളയിലും എത്തിക്കുകയാണ്. അയോധ്യയിൽ അത് സംഭവിച്ചു എങ്കിൽ പറയാനുള്ളത് ഏതെങ്കിലും വേദിയിൽ പറയുകയല്ല, ഓരോ ആളുടെയും ചെവിയിൽ പോയി ഉദ്ബോധനം നടത്തേണ്ടുന്ന ഇന്ത്യൻ സാഹചര്യത്തിലാണ് നമ്മൾ ജീവിക്കുന്നത്.
അല്ലെങ്കിൽ നമ്മൾ സ്വായത്തമാക്കിയ നവോത്ഥാന മൂല്യങ്ങൾ ഓരോന്നായി നമ്മളിൽനിന്നും അകന്നു ഇല്ലാതാകും. അത്രമാത്രം ബോധപൂർവമായ പ്രചാരണങ്ങളാണ് എതിർഭാഗത്തുള്ളവർ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ അധ്യക്ഷനായിരുന്നു.
മുഖ്യ രക്ഷാധികാരി പി. ശ്രീജിത് സന്നിഹിതനായി. പ്രതിഭ സാഹിത്യ വേദി കൺവീനർ ശ്രീജദാസ് നന്ദി പ്രകാശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.