ഭരണത്തുടർച്ച അനിവാര്യം, ഉറപ്പ്
text_fieldsകേരളം ഇന്ത്യയുടെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് വേറിട്ടുനിൽക്കുന്നത് ഇടതുപക്ഷ സാന്നിധ്യംകൊണ്ടാണ്. ഭൂപരിഷ്കരണ-വിദ്യാഭ്യാസ ബില്ലുകളിലൂടെ സോഷ്യലിസ്റ്റ് രീതി തുടങ്ങിവെച്ച കേരളം, പിന്നീട് വന്ന ഇടതുപക്ഷ ഭരണങ്ങളിൽ ആരംഭിച്ച പല ക്ഷേമപദ്ധതികളിലൂടെ മുന്നേറുകയാണ്.
കഴിഞ്ഞ അഞ്ചുവർഷം കേരളം കാഴ്ചവെച്ചത് മികവുറ്റ ഭരണമാണ്. ചുരുങ്ങിയത് ഒരു ക്ഷേമപദ്ധതിയെങ്കിലും ലഭിക്കാത്ത വീടുകളുണ്ടാവില്ലെന്ന് ഉറപ്പാക്കിയ ഭരണം. മഹാമാരികൾ, പ്രളയങ്ങൾ എന്നിവയെ അതിജീവിക്കുകയും ഭക്ഷണകിറ്റുകളെത്തിച്ച് പട്ടിണി മാറ്റുകയും ചെയ്തു.
പവർകട്ടില്ലാത്ത അഞ്ചുവർഷങ്ങളാണ് കടന്നുപോയത്. ജനകീയ സർക്കാറിെൻറ നേതൃത്വത്തിൽ റോഡുകളും പാലങ്ങളും പാർപ്പിട നിർമാണവും അടക്കം ജനങ്ങൾക്ക് അടിസ്ഥാന വികസനം എത്തിച്ചു. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ രംഗത്തും ലോക പ്രശംസ നേടിയ വകുപ്പുകളാണ് ഇന്ന് സംസ്ഥാനത്തുള്ളത്. ഇനിയും ഇത് തുടരേണ്ടതുണ്ട്. പ്രവാസി മലയാളി മനസ്സും സർക്കാറിനൊപ്പമാണ്.
ശബരിമല നിലനിൽക്കുന്ന പത്തനംതിട്ടയിൽ പ്രചാരണം നടത്തി ഇന്ത്യൻ പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത് വിശ്വാസികളുടെ മനസ്സ് ബി.ജെ.പിക്ക് ഒപ്പമാണെന്നാണ്. അത് തീർത്തും തെറ്റാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും. ശരണം വിളികളും പള്ളി മണിയും ബാങ്കുവിളിയും ഒരുപോലെ ബഹുമാനിക്കുന്ന നമുക്ക് ഒരു വിഭാഗത്തിെൻറ മാത്രം നേതാവിെൻറ ആവശ്യമില്ല.
വർഗീയതയെ താലോലിക്കുന്ന യു.ഡി.എഫ് ഒളിഞ്ഞും തെളിഞ്ഞും കേരളത്തിൽ വേരോട്ടമില്ലാത്ത ബി.ജെ.പിയെ സഹായിക്കുകയും തിരിച്ചു സഹായം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. താൽക്കാലിക ലാഭത്തിനുവേണ്ടി എൽ.ഡി.എഫിനെ തോൽപിക്കാനുള്ള ഇൗ നീക്കം മലയാളികൾ ചെറുത്തുതോൽപിക്കും. കാരുണ്യവും വികസനവുമാണ് ഇടതുപക്ഷത്തിെൻറ മുഖമുദ്ര. തെരഞ്ഞെടുപ്പിൽ മലയാളികൾ മതേതര മുന്നണിക്കൊപ്പമായിരിക്കും നിലകൊള്ളുക.
മനസ്സുകൾ വേർത്തിരിക്കുന്ന വർഗീയ വിഷവിത്തുകൾ പാകാതിരിക്കാനും അടിസ്ഥാന വികസനത്തിൽ ഊന്നിയ ഭരണത്തുടർച്ചക്ക് വേണ്ടിയും പ്രവാസികൾക്കും ഇടതുപക്ഷത്തെ പിന്തുണക്കാം.
(എൽ.ഡി.എഫ് ബഹ്റൈൻ കോർ കമ്മിറ്റി അംഗമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.