കേരള എൻജിനീയേഴ്സ് മീറ്റ് പത്തിന് കേരളീയ സമാജത്തിൽ
text_fieldsമനാമ: കേരളീയസമാജവും ഡി.സി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിനോടനുബന്ധിച്ച് മലയാളി എൻജിനീയറിങ് പ്രഫഷനലുകളെ പങ്കെടുപ്പിച്ച് നവംബര്‍ പത്തിന് “കേരള എൻജിനീയേഴ്സ് മീറ്റ്” സംഘടിപ്പിക്കുന്നു. ബഹ്റൈന്‍ കേരളീയസമാജം കീന്‍ ഫോറുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എൻജിനീയേഴ്സ് മീറ്റില്‍ വിശിഷ്ട അതിഥിയായി ഐക്യരാഷ്ട്രസഭ പരിസ്ഥിതി പ്രോഗ്രാം ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനും അന്താരാഷ്ട്രതലത്തില്‍ പ്രശസ്തനായ ടെക്നോളജി വിദഗ്ധനുമായ മുരളി തുമ്മാരുകുടി പങ്കെടുക്കും. തുടര്‍ന്ന് എൻജിനീയറിങ് മേഖലയിലെ പുതിയ പ്രവണതകളും വെല്ലുവിളികളും എന്ന വിഷയത്തില്‍ അദ്ദേഹത്തിന്റെ പ്രഭാഷണവും ഉണ്ടായിരിക്കും.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് ബഹ്റൈൻ കേരളീയ സമാജം ഡി.ജെ ഹാളില്‍ നടക്കുന്ന എൻജിനീയറിങ് പ്രഫഷനലുകളുടെ സംഗമം പ്രവാസലോകത്ത് ഇത്തരത്തില്‍ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായിരിക്കുമെന്ന് ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും സെക്രട്ടറി വർഗീസ് കാരയ്ക്കലും സാഹിത്യവിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്രയും അറിയിച്ചു.
ഐ.ഐ.ടി കാൺപുർ യൂനിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ഇന്റർനാഷനൽ ലീഡർഷിപ് അക്കാദമി (ഐക്യരാഷ്ട്രസഭ സർവകലാശാല) തുടങ്ങിയ പ്രശസ്ത സ്ഥാപനങ്ങളില്‍ പ്രഫഷനല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുരളി തുമ്മാരുകുടിയുമായി നേരിട്ട് സംവദിക്കാനുള്ള അവസരം മലയാളി എൻജിനീയറിങ് സമൂഹം പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ അഭ്യർഥിച്ചു. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. Murali Krishnan 3411 7864, Vinoop kumar 973 3925 2456, Prashanth Muraleedhar 973 3335 5109, Sreejith A Nair 973 3650 4927.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.