കേരളത്തിലെ ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ; പ്രവാസി ലീഗൽ സെൽ നൽകിയ ഹരജിയിൽ ഹൈകോടതി ഇടപെടൽ
text_fieldsമനാമ: സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേരളത്തിൽ ആരംഭിച്ച ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ കേരള ഹൈകോടതിയിൽ നൽകിയ ഹരജിയിൽ സർക്കാറിന് നോട്ടീസ്.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സ്ഥാപിച്ചെങ്കിലും ഇത് കാര്യക്ഷമമല്ലെന്നും കേരള സർക്കാറിന്റെ മുഴുവൻ വകുപ്പുകളും നിലവിലുള്ള ആർ.ടി.ഐ പോർട്ടലിൽ ഇല്ലെന്നും ഓൺലൈനായി ഫീസടക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഹരജിയിൽ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.
ഹരജിയിൽ കേരള സർക്കാറിന് നോട്ടീസയച്ച കോടതി നവംബർ ഏഴിനകം വിശദ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാറിന് നിർദേശവും നൽകി.
ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലും ഹൈകോടതികളിലും മൂന്നുമാസത്തിനകം ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സംവിധാനം ഒരുക്കണമെന്ന് പ്രവാസി ലീഗൽ സെൽ നൽകിയ പൊതുതാൽപര്യ ഹരജിയിൽ സുപ്രീംകോടതി ഉത്തരവ് നൽകിയിരുന്നു.
പ്രവാസികൾക്ക് വിവരം ലഭിക്കുന്നതിനായി നിലവിലെ സാഹചര്യത്തിൽ നാട്ടിൽവന്ന് വിവരാവകാശ അപേക്ഷ നൽകേണ്ട സാഹചര്യമാണെന്നും ആയതിനാൽ ഓൺലൈൻ ആർ.ടി.ഐ പോർട്ടൽ സ്ഥാപിക്കാനുള്ള നിർദേശം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നിർണായകമായ ഉത്തരവുണ്ടായത്.
തുടർന്ന് എല്ലാ ഹൈകോടതികളിലും കേരള സംസ്ഥാനത്തും വിവരാവകാശ പോർട്ടലുകൾ സ്ഥാപിക്കപ്പെട്ടു. എന്നാൽ ഇതു കാര്യക്ഷമമല്ല എന്ന് കാണിച്ചുകൊണ്ടാണ് ലീഗൽ സെൽ വീണ്ടും ഹരജിയുമായി കേരള ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. അഡ്വ. മനസ് പി. ഹമീദ്, അഡ്വ. ഇ. ആദിത്യൻ, അഡ്വ. പോൾ പി. എബ്രഹാം, അഡ്വ. മറിയാമ്മ എ.കെ. അഡ്വ. ജിപ്സിതാ ഓജൽ എന്നിവരാണ് പ്രവാസി ലീഗൽ സെല്ലിനായി ഹൈകോടതിയിൽ ഹാജരായത്.
പ്രവാസികൾക്കായി ലീഗൽ സെൽ നേടിയെടുത്ത പ്രധാനപ്പെട്ട കോടതി വിധികളിലൊന്നാണ് വിവരാവകാശ മേഖലയിലേതെന്ന് ലീഗൽ സെൽ ഗ്ലോബൽ വക്താവും ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷനുമായ സുധീർ തിരുനിലത്ത് അഭിപ്രായപ്പെട്ടു.
പ്രവാസികൾക്കായി ഇത്തരം നടപടികളുമായി തുടർന്നും മുൻപന്തിയിലുണ്ടാവുമെന്ന് പ്രവാസി ലീഗൽ സെൽ ദുബൈ ചാപ്റ്റർ അധ്യക്ഷൻ ടി.എൻ. കൃഷ്ണകുമാർ, അബൂദബി ചാപ്റ്റർ അധ്യക്ഷൻ ജയ്പാൽ ചന്ദ്രസേനൻ യു.കെ. ചാപ്റ്റർ അധ്യക്ഷ അഡ്വ. സോണിയ സണ്ണി, കേരള ചാപ്റ്റർ ജനറൽ സെക്രട്ടറി അഡ്വ. ആർ മുരളീധരൻ എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.