കേരളം വ്യവസായ സൗഹൃദമാകുമ്പോൾ
text_fieldsകൊച്ചിയിൽ നടന്ന കേരള ആഗോള നിക്ഷേപ സംഗമത്തിൽ പങ്കെടുക്കാനെത്തിയ സുബൈർ കണ്ണൂരും സഹപ്രവർത്തകരും
നമ്മളൊക്കെ പിറന്ന നാടിന്റെ മുഖച്ഛായ മാറുകയാണ്. നാടിന്റെ അഭിരുചികൾ മാറുന്നു, നവ കേരളം പ്രാവർത്തികമാകുന്നു, പശ്ചാത്തല മേഖലകളിലടക്കം കേരളം അതിവേഗം സഞ്ചരിക്കുകയാണ്. പുതിയ വികസന സാധ്യതകൾ തുറക്കപ്പെടുന്നുണ്ടെങ്കിലും അഭ്യസ്ത വിദ്യരാൽ സമൃദ്ധമായ നമ്മുടെ നാട്ടിലെ വിദ്യാർഥികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട പുതുതലമുറ അവർക്ക് ലഭിച്ച വിദ്യാഭ്യാസത്തിന് അനുസരിച്ച തൊഴിലിനായി യൂറോപ്യൻ രാജ്യങ്ങളിലേക്ക് കുടിയേറുന്ന സാഹചര്യവുമാണുള്ളത്.
അവരിൽ മുപ്പത് ശതമാനവും സ്വന്തം ഗൃഹത്തിലേക്ക് തിരിച്ചുവരുന്നില്ല എന്നതും വസ്തുതയാണ്. അവരുടെ വരുമാനവും നാടിന് പ്രയോജനകരമാകുന്നില്ല. ഗൾഫ് പ്രവാസത്തിൽ ആണെങ്കിൽ ഒരു സമ്പാദ്യവും മറുനാട്ടിൽ വെക്കാതെ നാട്ടിലേക്ക് അയക്കുന്നു. അതാവട്ടെ കേരളത്തിന്റെ ആകെ സാമ്പത്തിക വരുമാനത്തിന്റെ 35 ശതമാനവുമാണ്. പ്രവാസികൾ തിരികെ നാട്ടിൽതന്നെ വന്ന് സ്ഥിര താമസമാക്കുന്നു. എന്നാൽ, ജീവിതകാലം മുഴുവൻ അവരുടെ സമ്പാദ്യമായി മാറിയ അവരുടെ മക്കളാണ് ഇപ്പോൾ ഗൾഫിലെ കുറഞ്ഞ തൊഴിൽ സാധ്യതകളെ വിട്ട് യൂറോപ്പ് ലക്ഷ്യമാക്കുന്നത്.
നമ്മുടെ നാട്ടിലെ വ്യവസായ അന്തരീക്ഷം അവർക്കനുയോജ്യമായ ജോലി നൽകാൻ പ്രാപ്തിയിലെത്തിയിട്ടില്ല എന്നതാണ്. എന്നാൽ, നിലവിലെ സർക്കാർ അഭ്യസ്തവിദ്യരെ സംരക്ഷിക്കാനും സാമ്പത്തിക വികസനം ത്വരിതപ്പെടുത്താനും പുതു മാർഗങ്ങൾ തേടുകയാണ്. രാജ്യത്ത് ഏറ്റവും സുഖകരമായി വ്യവസായം തുടങ്ങാൻ പറ്റുന്ന വ്യവസായ സൗഹൃദ സംസ്ഥാനമായി മാറി എന്നത് കേന്ദ്ര സർക്കാറിന്റെ കീഴിലെ സ്ഥാപന വിലയിരുത്തലാണ്.
അത് നൂറ് ശതമാനം ശരിവെക്കുന്നതായിരുന്നു ശശി തരൂരിന്റെ അഭിപ്രായം. കക്ഷി രാഷ്ട്രീയത്തിന്റെ പിടിവാശി ഇല്ലാതെ ഒരു സംസ്ഥാനം എങ്ങനെയാണ് വികസന കാര്യത്തിൽ സഹകരിക്കേണ്ടത് എന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ തരൂർ വ്യക്തമാക്കുന്നുണ്ട്. കേരളത്തിന്റെ അഭിമാനമായ വ്യവസായി എം.എ യൂസുഫലിയും കേരളം ഇന്ന് നേടിയ മികച്ച വ്യവസായ അന്തരീക്ഷത്തെ പ്രശംസിക്കുന്നുണ്ട്. വ്യവസായ രംഗത്ത് നിറഞ്ഞുനിൽക്കുന്ന പലരും ഇതേ അഭിപ്രായം പറയുന്നതായി കാണുന്നു.
കൊച്ചിയിൽ ഫെബ്രുവരി 21, 22 തീയതികളിൽ നടന്ന കേരള ആഗോള നിക്ഷേപ സംഗമത്തിൽ അഭിമാനപൂർവം പങ്കെടുക്കാൻ കഴിഞ്ഞു എന്നതിൽ എനിക്കും സഹപ്രവർത്തകർക്കും അഭിമാനിക്കാൻ കഴിയുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിൽ കഴിഞ്ഞ 20 വർഷമായി ഷിപ്പിങ് മേഖലയിൽ പ്രവർത്തിക്കുന്ന ഗാലപ്പ് ഷിപ്പിങ് കമ്പനിയെ പ്രതിനിധീകരിച്ചാണ് ഞങ്ങൾ പങ്കെടുത്തത്.
കേരളത്തിൽ ഇപ്പോൾ വന്ന സുഗമമായ വ്യവസായ അന്തരീക്ഷവും അതിൽ ഇടതുപക്ഷ സർക്കാറിന്റെ വിട്ടുവീഴ്ചയില്ലാത്ത സഹായവും മനസ്സിലാക്കിക്കൊണ്ട് ഈ പ്രവർത്തത്തിന്റെ ബാക്ക് ഓഫിസ് കേരളത്തിൽ പ്രവർത്തിക്കാൻ ഗാലപ്പ് ഹോൾഡിങ്സ് കമ്പനി തീരുമാനമെടുക്കുകയാണ്. കേരള വ്യവസായ വകുപ്പുമായി കൈകോർക്കാൻ ലഭിച്ച അവസരവും അതുവഴി കമ്പനിയുടെ വളർച്ചക്കനുസരിച്ച് നൂറുകണക്കിന് കേരളത്തിലെ യുവതകൾക്ക് തൊഴിൽ കൊടുക്കുന്ന കമ്പനിയായി ഗാലപ്പിന് മാറാൻ കഴിയുമെന്നാണ് കരുതുന്നത്.
ആധുനിക വ്യവസായത്തിന് അനിവാര്യമായി വേണ്ടത് വിവിധ മേഖലകളിൽ നൈപുണ്യം നേടിയ മാനവവിഭവശേഷിയും വൈദ്യുതി, മികച്ച റോഡ്, വിമാനത്താവളം, തുറമുഖം, റെയിൽബന്ധം എന്നിവയാണ്. ഇക്കാര്യങ്ങളിലെല്ലാം കേരളം ഏറെ മുന്നിലാണ്. ശുദ്ധവായുവും ശുദ്ധജലവും പ്രകൃതിസൗന്ദര്യവും നൂതനവ്യവസായ സംരംഭകരെ കേരളത്തിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകമാണ്. യുവതലമുറക്ക് ഇവിടെത്തന്നെ ജോലി നൽകാൻ കഴിയുന്ന വ്യവസായങ്ങൾ കടന്നുവരാൻ ഏറ്റവും അനുകൂലമായ സാഹചര്യം നിലനിൽക്കെയാണ് ഏറെ നാളത്തെ മുന്നൊരുക്കങ്ങൾക്കുശേഷം രണ്ടു ദിവസത്തെ ആഗോള നിക്ഷേപക ഉച്ചകോടിക്ക് കൊച്ചിയിൽ തിരശ്ശീല വീണത്.
ഏഷ്യയിലെത്തന്നെ ഏറ്റവും മികച്ച സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം ഇന്ന് കേരളത്തിലാണ്. യുവതലമുറയുടെ ആശയങ്ങളും ഗവേഷണഫലങ്ങളും ഉൽപാദനമായി പരിവർത്തനപ്പെടുത്താൻ കഴിയുന്ന വിധത്തിൽ സ്റ്റാർട്ടപ് സംരംഭങ്ങൾ വളരുന്നു. കുറഞ്ഞ പലിശക്ക് വായ്പയും സബ്സിഡി ലഭ്യമാക്കിയും സർക്കാർ സംരംഭകർക്കൊപ്പമുണ്ട്. ടെക്നോപാർക്കിലും ഇൻഫോപാർക്കിലും മറ്റു ചെറുകിട ഐ.ടി പാർക്കുകളിലും വൻകിട കമ്പനികൾ പ്രവർത്തനം തുടങ്ങി.
നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് ഐ.ടി സംരംഭങ്ങൾ ചേക്കേറുന്നു. പശ്ചാത്തലസൗകര്യമൊരുക്കുന്നതിൽ സർക്കാർ കാട്ടിയ ഇച്ഛാശക്തിയും വ്യവസായ വികസനത്തിനാവശ്യമായ ഭൂമിയും മറ്റ് അനുമതികളും ചുവപ്പ് നാടകളില്ലാതെ വേഗത്തിൽ ലഭ്യമാക്കുന്നതുമാണ് നിക്ഷേപകർക്ക് കേരളത്തെ ഇഷ്ടകേന്ദ്രമാക്കി മാറ്റിയത്. ബഹ്റൈനിലെ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റുവിന്റെ നേതൃത്വത്തിൽ പങ്കെടുത്ത മന്ത്രിതല സംഘം, യു.എ.ഇ ധനകാര്യമന്ത്രി ഹിസ് ഹൈനസ് അബ്ദുല്ല ബിൻ തൗക് അൽമാരിയുടെ മന്ത്രിതല സംഘം, സിംബാബ്വേ എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിതല സംഘവും ജർമനി, നോർവെ, വിയറ്റ്നാം, ഫ്രാൻസ്, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് പ്രതിനിധിസംഘവും ഈ ഉച്ചകോടിയുടെ മാറ്റ് വർധിപ്പിച്ചു.
വിവിധ വകുപ്പുകളുടെ പദ്ധതികളിലെ നിക്ഷേപ ചർച്ചകൾക്ക് മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായമന്ത്രി പി. രാജീവും നേതൃത്വം നൽകിയ പരിപാടി അന്താരാഷ്ട്ര നിലവാരം പുലർത്തിയതായി നേരനുഭവം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ വിഷമഘട്ടങ്ങളും തരണം ചെയ്ത് കേരളം സിംഗപ്പുർ പോലുള്ള ഒരു പ്രദേശമായി വികസിക്കാൻ സംസ്ഥാനത്തെ ജനതയായ നമുക്ക് ഒറ്റക്കെട്ടായി നിൽക്കാൻ സാധിക്കണം. കാലത്തിന്റെ ആവശ്യം നിറവേറ്റാൻ ഹൃദയ വിശാല കാഴ്ചപ്പാടോടെ എല്ലാ കള്ളികൾക്കുമപ്പുറം സഹകരിക്കാനും സഞ്ചരിക്കാനും നമുക്ക് കഴിയണം.
പ്രശാന്തമായ കേരളം ശോഭനമായ കേരളം, അതിദരിദ്രരില്ലാത്ത കേരളം. എല്ലാവർക്കും തൊഴിലുള്ള കേരളം. നയന ഭംഗി നിറഞ്ഞ പ്രകൃതിയുള്ള കേരളം...വിദ്യാഭ്യാസവും ആരോഗ്യവുമുള്ള മലയാളി, മയക്കുമരുന്നുകൾക്കും അന്ധവിശ്വാസത്തിനും അടിമയാവാത്ത മതനിരപേക്ഷ കേരളം വരുംതലമുറക്കും ഇത്തരം ആഗോള സംഗമം ഉപകരിക്കും എന്ന വിശ്വാസത്തോടെ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.