കേരളം വിദ്യാഭ്യാസ ഹബ്ബാകും; യൂറോപ്പിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറയും -പ്രഫ. ഇമ്പിച്ചിക്കോയ
text_fieldsമനാമ: അടുത്ത അധ്യയനവർഷം നാലുവർഷ ബിരുദ പ്രോഗ്രാം കേരളത്തിൽ നടപ്പാക്കുന്നതോടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് വമ്പിച്ച മാറ്റങ്ങളുണ്ടാകുമെന്ന് ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പലും വിദ്യാഭ്യാസ വിചക്ഷണനുമായ പ്രഫ. ഇമ്പിച്ചിക്കോയ. ഉന്നതപഠനത്തിനായി യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് കുറയാൻ വിദേശരാജ്യങ്ങളിലുള്ളതുപോലുള്ള പഠനസംവിധാനം കേരളത്തിൽ വരുന്നത് സഹായകരമാകുമെന്നും ബഹ്റൈനിൽ സന്ദർശനത്തിനെത്തിയ അദ്ദേഹം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഫാറൂഖ് കോളജ് പൂർവവിദ്യാർഥി സംഘടന (ഫോസ) യുടെ വാർഷിക പരിപാടിയിൽ മുഖ്യാതിഥിയായാണ് സംഘടനയുടെ ചീഫ് കോഓഡിനേറ്റർകൂടിയായ അദ്ദേഹം ബഹ്റൈനിലെത്തിയത്.
നാഷനൽ എജുക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായാണ് നാലുവർഷ ബിരുദപദ്ധതി കേരളത്തിൽ നടപ്പാക്കുന്നത്. മൂന്നുവർഷം പഠിക്കുന്നവർക്ക് ബിരുദവും നാലു വർഷം പഠിക്കുന്നവർക്ക് ഓണേഴ്സ് ബിരുദവും നൽകുന്ന പദ്ധതിയിലൂടെ വിവിധ വിഷയങ്ങളിൽ ക്രെഡിറ്റ് ആർജിക്കാൻ കഴിയും. ഇന്ത്യയിലെ ഏതു സർവകലാശാലയിൽ പഠിച്ചാലും മറ്റു സർവകലാശാലകളിൽ പഠനം തുടരാൻ സാധിക്കും. ഓരോ വർഷവും നിശ്ചിത ക്രെഡിറ്റ് ആർജിച്ചുകഴിഞ്ഞാൽ ഇഷ്ടമുള്ള കോളജിലേക്കോ സർവകലാശാലയിലേക്കോ വിദ്യാർഥികൾക്ക് മാറാൻ സാധിക്കും.
മറ്റു സർവകലാശാലയുടെ കോഴ്സുകൾക്ക് തുല്യത സർട്ടിഫിക്കറ്റ് വേണമെന്ന വ്യവസ്ഥ ഇതിലൂടെ ഒഴിവാകും. ഇന്ത്യയിലെ സർവകലാശാലകളുടെ ഓഫ് കാമ്പസുകൾ ബഹ്റൈൻ ഉൾപ്പെടെ വിദേശ രാജ്യങ്ങളിൽ അടുത്ത വർഷത്തോടെ തുറക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഇതുസംബന്ധിച്ച യു.ജി.സി നയത്തിൽ മാറ്റം വരും. കാലത്തിനും സാഹചര്യത്തിനുമനുസരിച്ച് അക്കാദമികമായ സ്വയംഭരണമാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൈവരാൻ പോകുന്നത്. ഇതോടെ സർവകലാശാലകൾ കൈകാര്യംചെയ്തിരുന്ന സിലബസ് രൂപവത്കരണം സ്വയംഭരണ കോളജുകൾക്ക് പ്രാപ്യമാകും. ഇതോടെ കാലത്തിനനുയോജ്യമായ കോഴ്സുകൾ ഉണ്ടാക്കാനും നിലവിലുള്ള കോഴ്സുകളെ പുതുക്കാനും അവർക്ക് സാധിക്കും. നോളജ് സൊസൈറ്റിയും വിദ്യാഭ്യാസ ഹബ്ബുമായി മാറുന്നതോടെ കേരളത്തിൽ പഠിക്കാൻ വിദേശ വിദ്യാർഥികളെത്തുമെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത കോഴ്സുകളിൽനിന്ന് വ്യത്യസ്തമായി പുതിയ കാലഘട്ടത്തിനനുയോജ്യമായ കോഴ്സുകൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികളും രക്ഷിതാക്കളും ശ്രദ്ധിക്കണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ് തുടങ്ങിയ മേഖലകളിലുൾപ്പെടെ പുതിയ കോഴ്സുകൾ തുടങ്ങുന്നുണ്ട്. എ.ഐയുടെ വരവോടെ നിലവിലുള്ള തൊഴിലന്തരീക്ഷം മാറുകയാണ്. നിലവിലുള്ള തൊഴിലവസരങ്ങളുടെ 80 ശതമാനവും ഇല്ലാതാകും. അതുകൊണ്ട് പുതിയ കോഴ്സുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
ബംഗളൂരു, ഡൽഹി, ബോംബെ തുടങ്ങിയ സ്ഥലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നാണ് ഇപ്പോൾ കാമ്പസ് റിക്രൂട്ട്മെന്റുകൾ നടക്കുന്നത്. സ്വകാര്യ കോളജുകൾക്കും ഓട്ടോണമസ് പദവി കേരളത്തിൽ താമസിയാതെ ലഭിക്കും. ഇതോടെ കേരളത്തിലെ വിദ്യാഭ്യാസ രംഗം അടിമുടി മാറുമെന്നും അദ്ദേഹം പറഞ്ഞു.
ഫാറൂഖ് കോളജിൽ ഏഴു വർഷത്തെ പഠനത്തിനുശേഷം 1987ൽ അവിടെത്തന്നെ അധ്യാപകനായി ജോലിയിൽ പ്രവേശിച്ച പ്രഫ. ഇമ്പിച്ചിക്കോയ 2011 മുതൽ 2018 വരെ പ്രിൻസിപ്പലായിരുന്നു. റിട്ടയർമെന്റിനുശേഷം അദ്ദേഹം വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പലായി സേവനമനുഷ്ഠിക്കുകയാണ്. മുസ്ലിം സർവിസ് സൊസൈറ്റി ജനറൽ സെക്രട്ടറി, ഓർഫനേജ് കൺട്രോൾ ബോർഡ് അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവർത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.