കേരളീയ സമാജം ഓണാഘോഷ പരിപാടികൾക്ക് ഈ മാസം 30ന് തുടക്കം
text_fieldsസി.വി. ആനന്ദ ബോസ്, ടി. പത്മനാഭൻ, കെ.ബി. ഗണേഷ് കുമാർ, കെ.എസ്. ചിത്ര, ജി. വേണു
ഗോപാൽ, മധു ബാല
കൃഷ്ണൻ
മനാമ: ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം ശ്രാവണം പരിപാടികൾ ആഗസ്റ്റ് 30 മുതൽ ആരംഭിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ വർഗീസ് ജോർജ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഓണത്തിന്റെ സാംസ്കാരിക സവിശേഷതകളും കലാമൂല്യങ്ങളും ഉയർത്തിപ്പിടിച്ച് ഗൾഫിലെ പുതിയ മലയാളി തലമുറക്കും പ്രവാസി മലയാളി സമൂഹത്തിനും ഓണത്തെ ഒരേപോലെ ആസ്വദിക്കാവുന്ന വിധമാണ് ഇത്തവണ ഓണ പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു.
ഓണാഘോഷ പരിപാടികളിൽ പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്, പ്രമുഖ കഥാകൃത്ത് ടി. പത്മനാഭൻ, സംസ്ഥാന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ, എം.എൽ.എമാരായ എം.വിൻസെന്റ്, സി.ആർ. മഹേഷ് തുടങ്ങിയവർ പങ്കെടുക്കും. ആഗസ്റ്റ് മുപ്പതിന് പിള്ളേരോണം സംഘടിപ്പിക്കും. പിള്ളേരോണം കുട്ടികളിലേക്ക് ഓണാഘോഷത്തിന്റെ ചരിത്രവും സംസ്കാരവും പകർന്നുനൽകാനുള്ള അവസരമാണ്. ലഘുസദ്യയും കലാപരിപാടികളും അന്നേ ദിവസം നടക്കും.
ബഹ്റൈൻ കേരളീയ സമാജം ഭാരവാഹികൾ നടത്തിയ വാർത്ത സമ്മേളനം
സെപ്റ്റംബർ അഞ്ചിന് സമാജം ഓണാഘോഷത്തിന്റെ പതാക ഉയർത്തൽ നടക്കുന്നതോടെ പ്രധാന പരിപാടികൾ ആരംഭിക്കും. സെപ്റ്റംബർ ആറിന് രുചിമേള, സെപ്റ്റംബർ ഏഴിന് പായസ മത്സരം, സെപ്റ്റംബർ എട്ടിന് ഓണപ്പുടവ മത്സരം, ഒമ്പതിന് ആരവം, മരം ബാൻഡുകൾ അവതരിപ്പിക്കുന്ന നാടൻ പാട്ട്, സെപ്റ്റംബർ 10ന് സിനി ടോക്ക്, 11ന് തിരുവാതിര മത്സരം, 12ന് വടം വലി മത്സരം,13ന് ഓണം ഘോഷയാത്ര, 14ന് മെഗാ തിരുവാതിര.
15ന് പ്രമുഖ സംഗീത ബാൻഡായ താമരശ്ശേരി ചുരം അവതരിപ്പിക്കുന്ന സംഗീത പരിപാടി, 16ന് സിനിമാറ്റിക്ക ഡാൻസ് മത്സരം,17ന് ഓണപ്പാട്ട് മത്സരം, 18ന് പാരമ്പര്യ വസ്ത്രപ്രദർശനവും മത്സരവും, 19ന് പിന്നണി ഗായകൻ ജി. വേണുഗോപാലും സംഘവും അവതരിപ്പിക്കുന്ന ഗാനമേള, 20ന് രാവിലെ പൂക്കള മത്സരം എന്നിവ നടക്കും.
20ന് വൈകുന്നേരം കെ.എസ് ചിത്ര, മധുബാലകൃഷ്ണൻ, അനാമിക, നിഷാന്ത് എന്നിവർ അടങ്ങിയ സംഘത്തിന്റെ സംഗീതവിരുന്ന് നടക്കും. സാംസ്കാരിക സമ്മേളനത്തിൽ പശ്ചിമ ബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദ ബോസ് പങ്കെടുക്കും. ചടങ്ങിൽ വെച്ച് എഴുത്തിന്റെ 70 വർഷം പിന്നിടുന്ന ചെറുകഥാകൃത്ത് ടി. പത്മനാഭനെ ആദരിക്കും. സെപ്റ്റംബർ 21ന് ബി.കെ.എസ് ലേഡീസ് വിങ് അവതരിപ്പിക്കുന്ന റിഥം ഓഫ് കേരള, 22ന് കബഡി മത്സരം, 27ന് പഴയിടം മോഹനൻ നമ്പൂതിരി ഒരുക്കുന്ന ഓണസദ്യ എന്നിവയുണ്ടാകും.
ഓണത്തിന്റെ വിവിധ പരിപാടികൾ കാണാനും പങ്കെടുക്കാനും പൊതുജനങ്ങൾക്കുകൂടി അവസരം ഉണ്ടായിരിക്കുമെന്നും എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെന്നും ശ്രാവണം കൺവീനർ വർഗീസ് ജോർജ് അഭ്യർഥിച്ചു. വാർത്ത സമ്മേളനത്തിൽ ജോയന്റ് കൺവീനർമാരായ ആഷ്ലി കുര്യൻ, നിഷ ദിലീഷ്, സുധി അച്ചാഴിയത്ത് എന്നിവരും പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.