കേരളീയ സമാജം: സമ്മർ ക്യാമ്പ് കളിക്കളം ജൂലൈ രണ്ടുമുതൽ
text_fieldsമനാമ: കേരളീയ സമാജം എല്ലാ വർഷവും കുട്ടികൾക്കായി നടത്തി വരാറുള്ള 45 ദിവസം നീണ്ടുനിൽക്കുന്ന സമ്മർ ക്യാമ്പ് കളിക്കളം ജൂലൈ രണ്ടിന് ആരംഭിച്ച് ആഗസ്റ്റ് 16ന് സമാപിക്കും.
ക്യാമ്പിന് നേതൃത്വം കൊടുക്കാനായി നാട്ടിൽനിന്നും നാടൻകലാ പ്രവർത്തകനും ഷോർട്ട് ഫിലിം - ഡോക്യുമെന്ററി സംവിധായകനുമായ ഉദയൻ കുണ്ടംകുഴി എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചിൽഡ്രൻസ് തിയറ്റർ രംഗത്ത് 23 വർഷമായി സജീവ സാന്നിധ്യമാണ് അദ്ദേഹം. കേരളത്തിനകത്തും പുറത്തും വിദേശ നാടുകളിലും നിരവധി തിയറ്റർ ക്യാമ്പുകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം വിവിധ മേഖലകളിൽ പ്രഗത്ഭരായ പതിനഞ്ചോളം സമാജം അംഗങ്ങളും ക്യാമ്പിൽ പരിശീലകരായി മുഴുവൻ സമയവുമുണ്ടായിരിക്കും.
സംഗീതം, നൃത്തം, സാഹിത്യം, നാടൻ പാട്ട്, ചിത്രരചന, പത്രനിർമാണം, ആരോഗ്യ ബോധവത്കരണം, നേതൃ പരിശീലനം, പ്രസംഗ പരിശീലനം, കൊച്ചംകുത്ത്, ഉപ്പുംപക്ഷി, കണ്ണുകെട്ടിക്കളി, തുമ്പ കളി, അടിച്ചോട്ടം തുടങ്ങി നിരവധി നാടൻ കളികൾ, കരാട്ടേ, ബാഡ്മിന്റൺ, ബാസ്കറ്റ് ബാൾ തുടങ്ങി കായിക വിനോദങ്ങൾ, കായിക മത്സരങ്ങൾ എന്നിങ്ങനെ വ്യത്യസ്തതയാർന്ന പരിപാടികളാണ് ഈ വർഷത്തെ ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
അഞ്ചു മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം. രജിസ്ട്രേഷൻ ആരംഭിച്ചതായി സമാജം ഭാരവാഹികൾ അറിയിച്ചു. ബഹ്റൈനിലെ വിവിധ പ്രദേശങ്ങളിൽ നിന്നും ക്യാമ്പ് അവസാനിക്കുന്നതു വരെ സ്ഥിരമായ വാഹന സൗകര്യം ഏർപ്പാടാക്കിയിട്ടുണ്ട്.
സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാർ കോ ഓഡിനേറ്ററായും മനോഹരൻ പാവറട്ടി ജനറൽ കൺവീനറുമായും വിപുലമായ കമ്മിറ്റിയാണ് സമ്മർ ക്യാമ്പിന് നേതൃത്വം കൊടുക്കുന്നത്. ആഗസ്റ്റ് 16ന് സമാപന സമ്മേളനത്തിൽ ക്യാമ്പിൽ പങ്കെടുത്ത മുഴുവൻ കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളുമുണ്ടായിരിക്കുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. രജിസ്ട്രേഷനും മറ്റു വിവരങ്ങൾക്കുമായി ജനറൽ കൺവീനർ മനോഹരൻ പാവറട്ടി (39848091)എന്നിവരുമായോ സമാജം ഓഫിസുമയോ (17251878 )ബന്ധപ്പെടുക.www.bksamajam.com വെബ്സൈറ്റ് വഴിയും രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.