ജർമനിയിൽ നടന്ന ത്രീഡി തെരുവോര ചിത്രരചന മത്സരത്തിൽ മലയാളി ദമ്പതികൾ ജേതാക്കൾ
text_fieldsമനാമ: ബഹ്റൈനിലെ മലയാളി പ്രവാസി ദമ്പതികളായ ലിംനേഷ് അഗസ്റ്റിനും ജിൻസി ബാബുവും ജർമനിയിൽ നടന്ന രണ്ട് ത്രീഡി തെരുവോര ചിത്രരചന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടി.
ഗോൺഹീം ഇൻർനാഷണൽ സ്ട്രീറ്റ് ആർട് ഫെസ്റ്റിവലിലും ബ്ലൂംബെർഗ് ഫെസ്റ്റിവലിലുമാണ് ഇവർ മാസ്റ്റേഴ്സ് വിഭാഗത്തിൽ ഒന്നാമതെത്തിയത്.
ബഹ്റൈൻ ആഭ്യന്തര മന്ത്രാലയത്തിൽ െഎ.ടി ടീം ലിഡറാണ് ലിംനേഷ്. എറണാകുളം തോപ്പുംപടി സ്വദേശികളാണ് ഇരുവരും. കേരളത്തനിമയുള്ള ചിത്രങ്ങളും കുട്ടികൾക്കുള്ള ചിത്രങ്ങളും ഇവർ വരച്ചിട്ടുണ്ട്. ‘െഫരാരി’ കാറിെൻറയും മത്സ്യകന്യകയുടെയും ചിത്രത്തിനാണ് സമ്മാനങ്ങൾ ലഭിച്ചത്.
ഒരു ചിത്രം പൂർത്തിയാക്കാൻ ഒന്നര ദിവസം വേണ്ടിവന്നു. പ്രതികൂല കാലാവസ്ഥയായതിനാൽ ഏറെബുദ്ധിമുട്ടിയാണ് ചിത്രം പൂർത്തിയാക്കിയതെന്ന് ലിംനേഷ് പറഞ്ഞു. ചോക്കും ലിക്വിഡ് ചോക്കുമാണ് ഉപയോഗിച്ചത്. വരക്കുന്നത് റോഡിലായതുകൊണ്ട് അത് പിറ്റേന്നു തന്നെ മാഞ്ഞുപോകുമെന്നത് പ്രതിസന്ധിയാണ്. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലായി ഇരുപതോളം രാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ചിത്രങ്ങൾ വരച്ചിട്ടുണ്ട്.
‘പീസ് 4 പീസ്’ എന്ന പേരിൽ 2011ൽ ബഹ്റൈനിൽ വരച്ച ചിത്രം ഗിന്നസ് ബുക്കിൽ ഇടം നേടിയിരുന്നു. ബഹ്റൈനിലെ 120 ഒാളം കലാകാരന്മാർ ഇദ്ദേഹത്തോടൊപ്പം അന്ന് സഹായികളായിരുന്നു.
ചിത്രകല ഒൗദ്യോഗികമായി പഠിച്ചിട്ടില്ലെങ്കിലും വർണങ്ങളുടെ ലോകത്തോട് എന്നും താൽപര്യമാണ്. പുതിയ പരീക്ഷണങ്ങളാണ് ത്രീഡി ചിത്രങ്ങളിലേക്ക് കൂടുതൽ അടുപ്പിക്കുന്നതെന്ന് ഇവർ പറഞ്ഞു.
ത്രീഡി ചിത്രങ്ങൾ ഒരുക്കുന്ന കലാകാരന്മാർ കുറവാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളായതുകൊണ്ട് ഇപ്പോൾ അത്തരത്തിലുള്ള ചിത്രങ്ങളാണ് തെരഞ്ഞെടുക്കുന്നതെന്നും ഇവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.