കേരളോത്സവം 2025: മത്സരങ്ങളിൽ മികച്ച പങ്കാളിത്തം
text_fieldsകേരളോത്സവം 2025 മത്സരങ്ങളിൽ പങ്കെടുക്കുന്നവർ
മനാമ: ബഹ്റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാസാഹിത്യ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ മത്സരങ്ങൾ ആരംഭിച്ചു. ചെറുകഥ, ലേഖനം, നാടൻപാട്ട്, പെൻസിൽ ഡ്രോയിങ് തുടങ്ങിയ വ്യക്തിഗത ഇന മത്സരങ്ങൾ ഇതിനോടകം പൂർത്തിയായി.
സമാജം കുടുംബാംഗങ്ങളെ അഞ്ചോളം ഹൗസുകളായി തിരിച്ച് നടക്കുന്ന വാശിയേറിയ മത്സരങ്ങളിൽ മികച്ച പങ്കാളിത്തമാണ് ലഭിക്കുന്നത് എന്ന് കേരളോത്സവം കൺവീനർ ആഷ്ലി കുര്യൻ മഞ്ഞില അഭിപ്രായപ്പെട്ടു. 11 വർഷങ്ങളുടെ ഇടവേളക്കു ശേഷം അരങ്ങേറുന്ന കേരളോത്സവത്തിന്റെ ഭാഗമായി ബിനാലെ മോഡലിൽ നടത്തുന്ന ആർട്ട് ഇൻസ്റ്റലേഷൻ മത്സരത്തിന്റെ നിർമാണങ്ങൾ സമാജം പാർക്കിങ് ഗ്രൗണ്ടിൽ നടന്നുവരുന്നു.
അഞ്ചു വ്യത്യസ്ത ഹൗസുകൾ നിർമിക്കുന്ന സ്റ്റേഷനുകൾ ഫെബ്രുവരി ഒന്നോടെ പൂർത്തിയാകും. ജനുവരി 31ന് ഉച്ചക്ക് ശേഷം നടക്കുന്ന മാസ് പെയിന്റിങ് മത്സരത്തിലും അഞ്ച് ഹൗസുകളെ പ്രതിനിധാനം ചെയ്തുള്ള ടീമുകൾ മാറ്റുരക്കും. ആർട്ട് ഇൻസ്റ്റലേഷനും മാസ് പെയിന്റിങ്ങുകളും കാണാൻ ഫെബ്രുവരി ഒന്നിന് വൈകീട്ട് ഒമ്പതു മുതൽ പൊതുജനത്തിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.
ഫെബ്രുവരി ഒന്നുമുതൽ പുനരാരംഭിക്കുന്ന വ്യക്തിഗത ഇനങ്ങൾ അവസാനിക്കുന്നതോടെ വാശിയേറിയ ഗ്രൂപ് ഇനങ്ങൾ ആരംഭിക്കും. കേരളോത്സവത്തിന്റെ ഭാഗമായുള്ള അമ്പതോളം വരുന്ന കലാസാഹിത്യ മത്സരങ്ങളിൽ അഞ്ഞൂറിൽ അധികം സമാജം അംഗങ്ങൾ ആണ് പങ്കെടുക്കുന്നത്.
സമാജം അംഗങ്ങളുടെ വിവിധ സാഹിത്യ കലാഭിരുചികൾ പ്രകടിപ്പിക്കാനുള്ള അവസരമാണ് കേരളോത്സവം എന്നും ഈ അവസരം യഥാവിധി ഉപയോഗിച്ച് പരിപാടികളിൽ പങ്കെടുക്കുന്ന മെംബർമാരെ അനുമോദിക്കുന്നതായും സമാജം വൈസ് പ്രസിഡന്റ് ദിലീഷ് കുമാറും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.