പതിനേഴിന്റെ അഴകിൽ 'ഖൽബാണ് ഫാത്തിമ'
text_fieldsമനാമ: നെഞ്ചിനുള്ളിലെ പ്രണയത്തിന്റെ വേദനയിലലിഞ്ഞ് താജുദ്ദീൻ വടകര പാടിയപ്പോൾ അത് കേരളക്കര ഏറ്റെടുത്ത ഹിറ്റ് പാട്ടുകളിലൊന്നായി മാറി. 17 വർഷം പിന്നിട്ട 'ഖൽബാണ് ഫാത്തിമ' എന്ന ആൽബത്തിലെ 'നെഞ്ചിനുള്ളിൽ നീയാണ്....' എന്ന ഗാനം കേൾക്കാത്ത മലയാളികളില്ലെന്ന് പറയാം. അന്നത്തെ ആൽബത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവർ ചേർന്ന് പുതിയൊരു ആൽബം ഇറക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ. മലയാളികളുടെ നാവിൻതുമ്പിൽ പറ്റിച്ചേർന്നുകിടന്ന ആ പാട്ടിന്റെ ഓർമയിൽ പിറക്കുന്ന പുതിയ ആൽബവും ഹിറ്റാകുമെന്ന പ്രതീക്ഷയുണ്ടെന്ന് ഗാനരചയിതാവായ ആഷിർ വടകരക്കൊപ്പം ബഹ്റൈനിലെത്തിയ താജുദ്ദീൻ വടകര 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. എട്ടുവർഷത്തെ ഇടവേളക്കുശേഷമാണ് താജുദ്ദീൻ ബഹ്റൈനിൽ സംഗീത പരിപാടി അവതരിപ്പിക്കാൻ എത്തുന്നത്. ഒന്നര പതിറ്റാണ്ട് മുമ്പത്തെ പാട്ട് എത്ര ഹിറ്റായിരുന്നുവെന്ന് ഇപ്പോഴാണ് മനസ്സിലാക്കുന്നതെന്ന് താജുദ്ദീൻ പറഞ്ഞു. ജനങ്ങളുടെ നിഷ്കളങ്കമായ സ്നേഹവും ആദരവും ഏറ്റുവാങ്ങുന്നത് ആ പാട്ടിന്റെ പേരിലാണ്.
നാട്ടിൽ ചെറിയ ഗാനമേളയും പാട്ടുകളുമൊക്കെയായി നടക്കുന്ന കാലത്താണ് സ്വന്തമായി ഒരു ആൽബം ചെയ്താലെന്ത് എന്ന ചിന്തവരുന്നത്. ആഷിർ വടകരക്കൊപ്പം പാട്ടുകൾ തയാറാക്കി നിരവധി ഓഡിയോ കമ്പനികളെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവിൽ നാട്ടുകാരായ രണ്ടുപേരാണ് പ്രൊഡ്യൂസറാകാൻ സമ്മതിച്ചത്. കോഴിക്കോട് വെള്ളിമാടുകുന്നിലെ ഷൈൻ സ്റ്റുഡിയോയിൽ വെച്ചാണ് റെക്കോഡിങ് നടന്നത്. നെഞ്ചിനുള്ളിൽ നീയാണ് എന്ന പാട്ട് ഗായകൻ അഫ്സലിനെക്കൊണ്ട് പാടിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. അഫ്സലിനുവേണ്ടി പാട്ടിന്റെ ട്രാക്ക് പാടുന്നതുകേട്ട് സ്റ്റുഡിയോയിലെ സൗണ്ട് എൻജിനീയറായ സതീഷ് ബാബുവാണ് താജുദ്ദീന്റെ ശബ്ദത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ നിർബന്ധത്തിൽ താജുദ്ദീൻ തന്നെ ആ പാട്ട് പാടുകയായിരുന്നു.
റെക്കോഡിങ് പൂർത്തിയാക്കിയശേഷം കാസറ്റ് വിൽപന നടത്തിയതും താജുദ്ദീനും കൂട്ടുകാരും തന്നെയായിരുന്നു. അന്ന് വടകരയിൽ റെഡ്മെയ്ഡ് ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു താജുദ്ദീൻ. റോഡിലിറങ്ങുമ്പോൾ ടാക്സി ജീപ്പുകളിൽനിന്നും ബസിൽനിന്നുമൊക്കെ 'നെഞ്ചിനുള്ളിൽ നീയാണ്' എന്ന ഗാനം കേൾക്കുമ്പോൾ മനസ്സ് നിറഞ്ഞു. പിന്നീട് 'ഫാത്തിമ' തരംഗമായി പരന്നൊഴുകുകയായിരുന്നു. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനായ വടകര എം. കുഞ്ഞിമൂസയുടെ മകനായ താജുദ്ദീൻ ഉപ്പക്ക് ലഭിക്കേണ്ട അംഗീകാരം മകനിലൂടെ ലഭിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്. അപാരമായ കഴിവുകളുണ്ടായിരുന്ന ഉപ്പക്ക് ജനങ്ങൾ നൽകുന്ന അംഗീകാരമാണ് ഇതെന്ന് അദ്ദേഹം പറയുന്നു.
പാട്ടുകൾ ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രൂപത്തിൽ അവതരിപ്പിക്കണമെന്ന പക്ഷക്കാരനാണ് താജുദ്ദീൻ. ജനങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും ഏറ്റുപാടിക്കാൻ കഴിയുന്നതിൽ കൂടുതലൊരു അംഗീകാരം ഗായകന് കിട്ടാനില്ല. അങ്ങനെ ജനങ്ങൾ ഏറ്റുപാടിയ പാട്ടിന് ജന്മംകൊടുക്കാൻ കഴിഞ്ഞതിന്റെ ആത്മഹർഷമാണ് താജുദ്ദീൻ വടകര പങ്കുവെക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.