ഖലീഫ ടൗൺ വാട്ടർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷൻ; രണ്ടായിരത്തിലധികം സോളാർ പാനലുകൾ സ്ഥാപിച്ച് ഇ.ഡബ്ല്യു.എ
text_fieldsസതേൺ ഗവർണറേറ്റിലെ ഖലീഫ ടൗൺ വാട്ടർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനിൽ സ്ഥാപിച്ച സോളാർ പാനലുകൾ നോക്കിക്കാണുന്ന അധികൃതർ
മനാമ: സതേൺ ഗവർണറേറ്റിലെ ഖലീഫ ടൗൺ വാട്ടർ ഡിസ്ട്രിബ്യൂഷൻ സ്റ്റേഷനിൽ രണ്ടായിരത്തിലധികം സോളാർ പാനലുകൾ സ്ഥാപിച്ചതായി വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ). രാജ്യത്തെ സമഗ്രമായ സുസ്ഥിരതാ സംരംഭത്തിന്റെ ഭാഗമായാണ് ഇത്. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച 2,032 സോളാർ പാനലുകളിൽനിന്ന് പരമാവധി 1,400 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവും.
ഇതോടെ, സ്റ്റേഷൻ പൂർണമായും പുനരുപയോഗ ഊർജത്താൽ പ്രവർത്തിക്കാൻ സജ്ജമായെന്നും ദേശീയ ഗ്രിഡിലേക്ക് അധിക വൈദ്യുതി കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നും ഇ.ഡബ്ല്യു.എ ചെയർമാൻ കമാൽ അഹമ്മദ് പറഞ്ഞു. സോളാർ ഊർജ സംവിധാനങ്ങൾ സജ്ജീകരിച്ചിരിക്കുന്ന അതോറിറ്റിയുടെ കീഴിലുള്ള പതിനൊന്നാമത്തെ സ്ഥാപനമാണ് ഖലീഫ ടൗൺ വാട്ടർ ഡിസ്ട്രിബ്യൂഷനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശുദ്ധമായ ഊർജത്തിലുള്ള ആശ്രയം വർധിപ്പിക്കുക, കാർബൺ ഉദ്വമനം കുറക്കുക, പുനരുപയോഗ ഊർജത്തിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ ഭാവിയിലേക്ക് സംഭാവന നൽകുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്ത് ഏകദേശം 74 മെഗാവാട്ട് സൗരോർജമാണ് ദേശീയ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇത് വരും വർഷത്തിൽ 250 മെഗാവാട്ടും 2030 ആകുമ്പോഴേക്ക് 300 മെഗാവാട്ടും 2040ൽ 1300 മെഗാവാട്ടുമായി ഉയരുമെന്നാണ് കരുതുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.